
വിദേശരാജ്യങ്ങളെ അപേക്ഷിച്ച് പല വ്യത്യാസങ്ങളും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇതിൽ പ്രധാനമാണ് ഇന്ത്യയിലെ ബഹളങ്ങൾ. മൊത്തത്തിൽ ബഹളം നിറഞ്ഞ ഒരു അന്തരീക്ഷമാണ് പലയിടങ്ങളിലും. കുറേയേറെ വർഷങ്ങൾ ശാന്തമായ ജീവിതരീതിയുള്ള വിദേശനാടുകളിൽ താമസിച്ച് ഇന്ത്യയിലേക്ക് വരുന്ന പലരിലും ഇത് വലിയ പ്രശ്നമുണ്ടാക്കാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഈ യുവതിക്കും ഉണ്ടായിരിക്കുന്നത്. വർഷങ്ങളോളം ഫിൻലൻഡിൽ താമസിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ആയുഷി നഗ്‌വംശി എന്ന യുവതിയാണ് ഈ 'റിവേഴ്സ് കൾച്ചർ ഷോക്കി'നെ കുറിച്ച് തുറന്ന് പറയുന്നത്.
ഇന്ത്യയിലെ കഠിനമായ ചൂടും റോഡുകളിലെ ഹോൺ അടിയും ജനത്തിരക്കും കണ്ട് അന്തംവിട്ടിരിക്കുന്ന ആയുഷിയെ വീഡിയോയിൽ കാണാം. 'നിങ്ങൾ ഫിൻലൻഡിൽ വളരെക്കാലം താമസിച്ചു, ഇന്ത്യ എത്രത്തോളം തീവ്രമാണെന്ന് നിങ്ങൾ മറന്നുപോയിരിക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ചൂടും ഹോൺ അടിയും സാഹചര്യങ്ങളും താൻ മറന്നുപോയെന്ന് ആയുഷി പറയുന്നു.
തന്റെ ശരീരം ഇപ്പോഴും ഫിൻലൻഡിലെ തണുപ്പിനോടും അവിടുത്തെ നിശബ്ദതയോടും പൊരുത്തപ്പെട്ടാണ് ഇരിക്കുന്നതെന്നും യുവതി പറഞ്ഞു. ഓരോ ചെറിയ ബുദ്ധിമുട്ട് നേരിടുമ്പോഴും, 'ഇവർക്ക് ഇന്ത്യയിലേക്ക് തന്നെ വരണമായിരുന്നല്ലോ' എന്ന് സ്വന്തം മനസ്സ് ചോദിക്കുന്നതായിട്ടാണ് തമാശയായി ആയുഷി പറയുന്നത്. നിരവധി പ്രവാസികളാണ് ആയുഷിയുടെ വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്.
'യൂറോപ്പിലെ താമസത്തിന് ശേഷം ഇന്ത്യയിലെ ഹോൺ അടി കേൾക്കുമ്പോൾ ഒരു മ്യൂസിക് കൺസേർട്ട് പോലെ തോന്നും' എന്നായിരുന്നു ഒരാളുടെ കമന്റ്. 'നാട്ടിലില്ലാത്തപ്പോൾ നമ്മൾ ഇന്ത്യയെ മിസ്സ് ചെയ്യും, തിരികെ എത്തുമ്പോൾ എന്തിനാണ് പോയതെന്ന് ഇന്ത്യ നമ്മളെ ഓർമ്മിപ്പിക്കും' എന്നും ആളുകൾ കമന്റ് നൽകി. അതേസമയം, 'ചൂടും ചായയും ബഹളവുമുള്ള നാട്ടിലേക്ക് സ്വാഗതം' എന്നും ആളുകൾ കമന്റ് നൽകുന്നു.