
ഇന്ന് നായകളില്ലാത്ത വീടുകൾ വളരെ കുറവാണ്. പലരും സ്വന്തം വീട്ടിലെ അംഗത്തെയോ, കുഞ്ഞുങ്ങളെയോ ഒക്കെ പോലെയാണ് നായകളെയും കാണുന്നത്. നായകളുടെ ക്യൂട്ടായിട്ടുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്ന ഈ വീഡിയോയും. ഒരു ഹസ്കിയാണ് വീഡിയോയിലെ താരം. വളരെ വ്യത്യസ്തമായ അതിന്റെ ഭക്ഷണ രീതിയാണ് ശ്രദ്ധിക്കപ്പെടുന്നത്. അത് മാത്രമല്ല, ഇതേ കുറിച്ച് നായയുടെ ഉടമ നൽകുന്ന രസകരമായ വിശദീകരണവും വീഡിയോ വൈറലാകാൻ കാരണമായി തീരുകയായിരുന്നു.
അനേകം നായപ്രേമികളാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും ഉപദേശങ്ങളും ഒക്കെയായി വന്നത്. വീടിനുള്ളിൽ വൃത്തിയുള്ള ടൈൽ പാകിയ തറയിൽ ശാന്തമായി ഇരിക്കുന്ന ഒരു ഹസ്‌കി നായയെ വീഡിയോയിൽ കാണാം. അവൻ ക്യാമറയിലേക്ക് നോക്കുന്നുമുണ്ട്. നായയുടെ മുന്നിൽ ഭക്ഷണം നിറച്ച ഒരു പാത്രവും കാണാം. പക്ഷേ, ഹസ്‌കി ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുകൊണ്ടാണ് നിൽക്കുന്നത്. അവനത് കഴിക്കാൻ ഒരു പ്ലാനുമില്ല എന്നാണ് അത് കാണുമ്പോൾ തോന്നുക.
അവനുമുന്നിൽ ഭക്ഷണം ഉണ്ട്. പക്ഷേ, അവനത് കഴിക്കില്ല. ഒരു സ്പൂൺ നെയ് അതിലേക്ക് ചേർക്കുന്നത് വരെയും അവൻ അത് കഴിക്കാൻ പോകുന്നില്ല. നെയ് ചേർത്താൽ മാത്രമേ അവൻ ഭക്ഷണം കഴിക്കൂ എന്നാണ് അവന്റെ ഉടമ പറയുന്നത്. പിന്നീട്, ക്യാമറ പാത്രത്തിലേക്ക് തിരിക്കുകയും അതിലുള്ള ഭക്ഷണത്തിലേക്ക് നെയ് ചേർക്കുന്നതും കാണാം. ഇനി അവൻ ആ ഭക്ഷണം മുഴുവനായും കഴിക്കും എന്നും യുവതി പറയുന്നത് കേൾക്കാം. അതുപോലെ തന്നെ സംഭവിക്കുകയും നായ ഭക്ഷണം മുഴുവനും അപ്പോൾ തന്നെ കഴിക്കുന്നതുമാണ് പിന്നെ കാണുന്നത്.
നിരവധിപ്പേരാണ് ഈ രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതേസമയം തന്നെ നായയ്ക്ക് നെയ് ചേർത്ത ഭക്ഷണം അങ്ങനെ കൊടുക്കുന്നത് നല്ലതല്ല എന്നും പകരം എന്ത് നൽകാം എന്നുമെല്ലാം ആളുകൾ നിർദ്ദേശിക്കുന്നുണ്ട്.