
അടുത്തുള്ള എങ്ങോട്ടെങ്കിലും പോകാനിറങ്ങിയാൽ നടന്നു പോകാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ടാവും. എന്നാൽ, നമ്മുടെ നടപ്പാതകൾ പലപ്പോഴും നടക്കാനാവാത്ത നിലയിലുള്ളതായിരിക്കും. പൊട്ടിപ്പൊളിഞ്ഞ നടപ്പാതങ്ങളും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതും തിരക്കും ഒക്കെ അതിന് കാരണമാണ്. എന്നാൽ, സിംഗപ്പൂരിൽ പോയപ്പോൾ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമുണ്ടായതിനെ കുറിച്ചാണ് ഒരു ഇന്ത്യൻ യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. പ്രാചി എന്ന യുവതിയാണ് സിംഗപ്പൂരിലെ ജീവിതത്തിലെ മാറ്റങ്ങൾ കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
സിംഗപ്പൂരിലെ വൃത്തിയുള്ള നടപ്പാതകൾ, കെട്ടിടങ്ങൾ, മികച്ച പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെ കുറിച്ചാണ് പ്രാചി പറയുന്നത്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെ പ്രാചി പുകഴ്ത്തുന്നതും പോസ്റ്റിൽ കാണാം. അതിലൊന്ന് നേരത്തെ പറഞ്ഞതുപോലെ നടപ്പാതകളാണ്. ഇന്ത്യയിലെ നഗരങ്ങളിലെ നടപ്പാതകളുടെ അവസ്ഥയുമായി താരതമ്യം ചെയ്തുകൊണ്ട്, 'എന്തൊരു നടപ്പാതകളാണിത്' എന്നാണ് പ്രാചി ചോദിക്കുന്നത്. തടസ്സങ്ങളില്ലാതെ നടക്കാൻ കഴിയുന്ന വഴികൾ ഒരാളുടെ മാനസികാവസ്ഥയെപ്പോലും സ്വാധീനിക്കുമെന്ന് അവർ പറയുന്നു. നഗരത്തിൽ കുട്ടികളേക്കാൾ കൂടുതൽ വളർത്തുമൃഗങ്ങളെ കാണാമെന്ന കൗതുകകരമായ കാര്യവും അവർ പങ്കുവെക്കുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണിതെന്നും അവർ കുറിച്ചു.
'നാലു മാസമായി ഈ നഗരത്തിലെത്തിയിട്ട്, ഇത്ര കൃത്യമായി കാര്യങ്ങൾ എങ്ങനെ നടക്കുന്നു എന്നതിൽ എനിക്ക് ഇപ്പോഴും അത്ഭുതം മാറുന്നില്ല' എന്നും പ്രാചി കുറിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. നഗരാസൂത്രണം ഗൗരവമായി എടുത്താൽ എന്ത് മാറ്റമുണ്ടാകുമെന്ന് സിംഗപ്പൂർ തെളിയിക്കുന്നു എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. 'ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നമ്മൾ ഏറെ പിന്നിലാണെന്നത് ഖേദകരമാണ്' എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇന്ത്യയിലെ പൊതുവിടങ്ങൾ ജനങ്ങൾക്ക് കുറേക്കൂടി ഉപകാരപ്രദമായ രീതിയിൽ മാറേണ്ടതുണ്ട് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.