
ലണ്ടനിലെ ഹോസ്റ്റലിൽ നിന്നും ഇന്ത്യൻ യുവതിയെ പുറത്താക്കി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരനായ രാഹുൽ (Nomad Mikey) എന്ന യുവാവാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്നാൽ, ഇതിന് വംശീയതയുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുൽ പറയുന്നു. സംഭവം വംശീയതയല്ലെന്നും ഹോസ്റ്റൽ നിയമങ്ങൾ പാലിക്കാത്തതിനാലാണ് യുവതിയെ പുറത്താക്കിയത് എന്നുമാണ് രാഹുൽ പറയുന്നത്.
ലണ്ടനിലെ ഹോസ്റ്റലുകളിൽ സാധാരണയായി രാവിലെ 10 മണിയാണ് ചെക്ക്-ഔട്ട് സമയം. എന്നാൽ, ഈ ഇന്ത്യൻ യുവതി ആ സമയത്ത് മുറി ഒഴിയാൻ തയ്യാറായില്ല. ജീവനക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും യുവതി സമയം വൈകിപ്പിക്കുകയും തുടർന്ന് മുറി ഒഴിയാൻ വിസമ്മതിക്കുകയുമായിരുന്നു. ഈ മുറിയിൽ കയറേണ്ട മറ്റ് ടൂറിസ്റ്റുകൾ പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഹോസ്റ്റൽ ജീവനക്കാർ യുവതിയെ ബലമായി പുറത്താക്കുകയായിരുന്നുവത്രെ. പുറത്താക്കപ്പെട്ടതിന് ശേഷം യുവതി വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയെന്നും രാഹുൽ പറഞ്ഞു.
ഇതൊരു വംശീയമായ അതിക്രമമല്ലെന്നും നിയമങ്ങൾ പാലിക്കാത്തതിന്റെ പ്രശ്‌നമാണെന്നും രാഹുൽ പറയുന്നു. ഏകപക്ഷീയമായ വീഡിയോകൾ കണ്ട് തെറ്റായ ധാരണകളിൽ എത്തരുതെന്നാണ് രാഹുൽ തന്റെ വീഡിയോയിൽ പറയുന്നത്. 'ഇന്ത്യയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നുവെച്ച് മറ്റ് സ്ഥലങ്ങളിലും അങ്ങനെയാകണമെന്നില്ല' എന്നും രാഹുൽ തന്റെ വീഡിയോയിൽ പറയുന്നത് കാണാം. നിരവധിപ്പേർ പ്രസ്തുത വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.
അതേസമയം, വിദേശത്തേക്ക്, പ്രത്യേകിച്ച് യുഎസിലേക്ക് പഠനത്തിനും ജോലിക്കുമായി പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവാക്കൾ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന ഉപദേശവുമായി എത്തിയ യുഎസിൽ കഴിയുന്ന ഇന്ത്യൻ ദമ്പതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു. തങ്ങൾ യുഎസിലേക്ക് കുടിയേറിയ സമയത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഇന്ന് ഇന്ത്യയിലും വിദേശത്തേതിന് സമാനമായ നല്ല അവസരങ്ങളുണ്ട് എന്നുമായിരുന്നു സുഹാസ്, പ്രിയങ്ക എന്നീ ദമ്പതികൾ പറഞ്ഞത്.