
ഇന്ത്യക്കാർ മിക്കവാറും എളുപ്പത്തിന് വേണ്ടി ഉണ്ടാക്കി കഴിക്കുന്ന ഒന്നാണ് മാഗി നൂഡിൽസ്. പ്രത്യേകിച്ചും തനിയെ താമസിക്കുന്ന യുവാക്കളും മറ്റും. മാഗി ഒരിക്കലെങ്കിലും കഴിക്കാത്ത യുവാക്കൾ കുറവായിരിക്കും. എളുപ്പത്തിലുണ്ടാക്കി ചൂടോടെ കഴിക്കാമെന്നതിനാൽ തന്നെ പലയിടങ്ങളിലും യാത്ര പോകുമ്പോൾ വഴിയരികിൽ പോലും ആളുകൾ മാഗിയാണ് കഴിക്കാൻ തിരഞ്ഞെടുക്കുന്നത്. എന്തായാലും, തന്റെ ഇറ്റാലിയൻ ഭർത്താവിന് മാഗി വിളമ്പുന്ന ഒരു ഇന്ത്യക്കാരി ഭാര്യയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
സുരഭി - ദാരിയോ ദമ്പതികളുടേതാണ് വീഡിയോ. വീഡിയോയിൽ കാണുന്നത് യുവതി ഭർത്താവായ ദാരിയോയ്ക്ക് മാഗി നൂഡിൽസ് ഉണ്ടാക്കി കൊടുക്കുന്നതാണ്. ഇന്ത്യക്കാരുടെ കുട്ടിക്കാലത്തെ നൊസ്റ്റാൾജിക് ഭക്ഷണം എന്നതിനാൽ തന്നെ തന്റെ ഭർത്താവിനും തന്നെ പോലെ ആ ഭക്ഷണം ഇഷ്ടമാവും എന്നാണ് അവൾ കരുതിയത്. എന്നാൽ, അവൾ പ്രതീക്ഷിച്ചതല്ല നടന്നത്. അയാൾക്ക് അത് ഇഷ്ടമായില്ല.
വായിൽ മാഗി നൂഡിൽസ് വച്ച ശേഷം ഇതെന്താണ് എന്ന അമ്പരപ്പോടെ നോക്കുന്ന ദാരിയോയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അയാളുടെ മുഖമൊക്കെ ചുളിഞ്ഞിരിക്കുന്നതും കാണാം. ഇത് സ്പാഗെട്ടി പോലെ ഇരിക്കുന്നു എന്ന് ദാരിയോ പറയുന്നുണ്ട്. എന്നാൽ, ഇതിന് പ്രത്യേകിച്ച് രുചിയൊന്നും ഇല്ലെന്നാണ് അയാളുടെ അഭിപ്രായം.
തന്റെ വായിലിരിക്കുന്ന ഭക്ഷണത്തെ കുറിച്ച് എങ്ങനെ വിവരിക്കണമെന്ന് പോലും തനിക്ക് അറിയില്ല, ഇതിന് ഒട്ടും കൺസിസ്റ്റൻസി ഇല്ല എന്നുമാണ് ദാരിയോ പറയുന്നത്. ഇതിന് കുറച്ച് എരിവുണ്ട്. പാസ്ത പോലെ അല്ല. പാസ്ത ചവയ്ക്കാനും കടിക്കാനും അനുഭവിക്കാനും ഒക്കെ സാധിക്കും എന്നാൽ, ഇതിന് രുചിയൊന്നുമില്ല എന്നും യുവാവ് പറയുന്നു.
എന്തായാലും, ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട മാഗി ഇറ്റലിക്കാരൻ ഭർത്താവിനും ഇഷ്ടപ്പെടുമെന്ന് യുവതി കരുതിയെങ്കിലും അങ്ങനെയല്ല സംഭവിച്ചത്. എന്തായാലും മാഗി നൊസ്റ്റാൾജിയ പറഞ്ഞുകൊണ്ടുള്ള ഒരുപാട് കമന്റുകൾ വീഡിയോയ്ക്ക് വന്നിട്ടുണ്ട്.