
ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; എയിംസിലെ ലിഫ്റ്റിൽ ജീവനക്കാരിയുടെ മാല പൊട്ടിച്ച് കള്ളൻ
ഭോപ്പാൽ എയിംസിലെ ലിഫ്റ്റിനുള്ളിൽ വനിതാ ജീവനക്കാരിയുടെ മാല പൊട്ടിച്ച് മാസ്ക് ധരിച്ചെത്തിയ യുവാവ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതോടെ പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പോലും ഇത്രയേ സുരക്ഷയുള്ളൂ എന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. തിങ്കളാഴ്ചയാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം, ഗൈനക്കോളജി വിഭാഗത്തിൽ അറ്റൻഡന്റായി ജോലി ചെയ്യുന്ന വർഷ സോണി എന്ന യുവതിയുടെ മാലയാണ് പൊട്ടിച്ചത്.
ഇവരുടെ ഡ്യൂട്ടി സമയത്താണ് സംഭവം നടന്നത്. ബ്ലഡ്ബാങ്കിന് പിന്നിലുള്ള ലിഫ്റ്റിൽ ആ നേരത്ത് അവർ ഒറ്റയ്ക്കായിരുന്നു. അപ്പോഴാണ് മാസ്ക് ധരിച്ച ഒരു യുവാവ് ലിഫ്റ്റിലേക്ക് കയറിയത്. നേത്രചികിത്സാ വിഭാഗം ഏത് നിലയിലാണെന്ന് ചോദിച്ചുകൊണ്ട് അയാൾ വർഷയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ലിഫ്റ്റ് മൂന്നാം നിലയിലെത്തിയപ്പോൾ, അയാൾ ലിഫ്റ്റിന് പുറത്തേക്കിറങ്ങി, പിന്നോട്ട് തിരിഞ്ഞ് പെട്ടെന്ന് അവളുടെ നേരെ ചാടിവീഴുകയും അവളുടെ മുത്തുകളുടെ മാലയും മംഗൾസൂത്രയും പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ വർഷ എതിർത്തപ്പോൾ അയാൾ അവളെ തള്ളിമാറ്റി. പിന്നീട് ഇയാൾ സ്റ്റെയർകേസിലേക്ക് ഓടുകയായിരുന്നു. മംഗൾസൂത്ര ഇയാൾ കൊണ്ടുപോവുകയും മുത്തുകളുടെ മാല തറയിൽ പൊട്ടിവീഴുകയും ചെയ്തു.
ഈ സമയം എലവേറ്ററിനടുത്ത് സെക്യൂരിറ്റി ഗാർഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. യുവതി അതിനടുത്തിരിക്കുന്നതും കരയുന്നതും വീഡിയോയിൽ കാണാം. അവർ പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ഒരു ഗാർഡ് അങ്ങോട്ട് വന്നതും സീനിയർ ഓഫീസർമാരെ വിവരം അറിയിക്കുന്നതും. സംഭവത്തിൽ, ബാഗ്‌സെവാനിയ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഞായറാഴ്ചയായതിനാൽ പ്രതി ഐപിഡി ഗേറ്റ് വഴി രക്ഷപ്പെട്ടതായിട്ടാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. അക്രമി മുഖം മറച്ചിരുന്നതിനാൽ തിരിച്ചറിയൽ ബുദ്ധിമുട്ടായിരിക്കുമെന്ന് സുരക്ഷാ ഏജൻസി അറിയിച്ചു.
അതേസമയം, വീഡിയോ വൈറലായതോടെ വലിയ ആശങ്കയാണ് ആളുകൾ പങ്കുവയ്ക്കുന്നത്. ഇത്രയും വലിയൊരു ആശുപത്രിയിൽ എങ്ങനെ ഇത് നടന്നു എന്നാണ് പലരും ചോദിക്കുന്നത്.