
ഓരോ മനുഷ്യരെ സംബന്ധിച്ചും ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങൾ പലതായിരിക്കും. അതുപോലെ, ജീവിതത്തിൽ ആദ്യമായി സ്വന്തമായി ഒരു കട്ടിൽ വാങ്ങി അതിൽ ഉറങ്ങുന്ന നിമിഷം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കയാണ് ഈ യുവാവ്. വിശാൽ സ്വാമി എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് തൻ്റെ ജീവിതത്തിലെ ഈ വലിയ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിയ കട്ടിലിലിരുന്ന് തൻ്റെ സന്തോഷം പ്രകടിപ്പിക്കുന്ന വിശാലിൻ്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
'എനിക്ക് ഈ അനുഭൂതി വാക്കുകളിൽ വിവരിക്കാൻ കഴിയുന്നില്ല' എന്ന ക്യാപ്ഷനോടെയാണ് വിശാൽ വീഡിയോ പങ്കുവെച്ചത്. 'എൻ്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ഇന്ന് രാത്രി കട്ടിലിലാണ് ഉറങ്ങാൻ പോകുന്നത്. ജീവിതത്തിലെ വളരെ മനോഹരമായൊരു അനുഭവമാണിത്' എന്നാണ് വീഡിയോയിലെ ടെക്സ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഈ ഹൃദ്യമായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. സാധാരണയായി നമ്മൾ എളുപ്പത്തിൽ ലഭിക്കുന്ന കാര്യങ്ങളുടെ വില തിരിച്ചറിയുന്നത് അവ നഷ്ടപ്പെടുമ്പോഴോ അല്ലെങ്കിൽ അതിനായി കഷ്ടപ്പെടുമ്പോഴോ മാത്രമാണെന്ന് ചിലർ കമന്റ് ചെയ്തു.
'നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്, അവ നഷ്ടപ്പെടുന്നതുവരെ നമ്മൾ ബോധവാന്മാരാകാറില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. 'അഭിനന്ദനങ്ങൾ, ഇനി എപ്പോഴാണ് പാർട്ടി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'നിങ്ങൾ ഭാവിയിൽ അതിസമ്പന്നനാകുമെന്ന് എനിക്ക് ഉറപ്പാണ്, ബ്രോ' എന്നായിരുന്നു മറ്റൊരു കമന്റ്. 'നിങ്ങളെ ഓർത്ത് ഒത്തിരി സന്തോഷം തോന്നുന്നു, ആശംസകൾ' എന്ന് മറ്റാരാൾ കമന്റ് നൽകിയിട്ടുണ്ട്.
ജീവിതത്തിൽ കൂടുതൽ വിജയങ്ങളും ഇനിയും നിരവധി സന്തോഷ നിമിഷങ്ങളും വിശാലിനെ തേടിയെത്തട്ടെ എന്നാണ് സോഷ്യൽ മീഡിയയിൽ അനേകങ്ങൾ പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്.