
ന്യൂ ഇയർ ആഘോഷങ്ങളുടെ പലതരത്തിലുള്ള വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. അതിൽ മനസിനെ സന്തോഷിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതും എല്ലാം പെടും. എന്നാൽ, അതിനെയൊക്കെ സൈഡാക്കാൻ പാകത്തിലുള്ള ഒരു അടിപൊളി വീഡിയോയാണ് ഇപ്പോൾ മേഘാലയയിൽ നിന്നും വരുന്നത്. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായ ഷില്ലോങ്ങിലെ തിരക്കേറിയ പൊലീസ് ബസാറിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇത്. തെരുവിൽ നൃത്തം ചെയ്ത ഒരു വിദേശ വനിതയ്ക്ക് സുരക്ഷയൊരുക്കാൻ വേണ്ടി മുന്നിട്ടിറങ്ങിയ നാട്ടുകാരെയാണ് ഈ വീഡിയോയിൽ കാണാനാവുക.
പൊലീസ് ബസാറിലെ തിരക്കേറിയ തെരുവിലാണ് ഒരു വിദേശ വനിത നൃത്തം ചെയ്യാൻ തുടങ്ങിയത്. തിരക്കുള്ള സ്ഥലമായതിനാൽ തന്നെ ആളുകൾ തടിച്ചുകൂടാനും അവർക്ക് അസ്വസ്ഥതയുണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്ത്, അവിടുത്തെ യുവാക്കളും നാട്ടുകാരും ഉടൻ തന്നെ ഇടപെടുകയായിരുന്നു. യുവതിക്ക് സ്വതന്ത്രമായി നൃത്തം ചെയ്യാൻ പാകത്തിൽ നാട്ടുകാർ അവർക്ക് ചുറ്റും ഒരു സുരക്ഷാവലയം തന്നെ തീർക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ആരും യുവതിയെ ശല്യം ചെയ്യുന്നില്ലെന്നും നാട്ടുകാർ ഉറപ്പ് വരുത്തുന്നത് വീഡിയോയിൽ കാണാം. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഈ വീഡിയോ വൈറലായി മാറിതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് മേഘാലയയിലെ ജനങ്ങൾക്ക് ലഭിക്കുന്നത്. 'ഇതാണ് യഥാർത്ഥ ഇന്ത്യ' , 'വിനോദസഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം' എന്നിങ്ങനെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വിദേശികൾക്ക് ഭയമില്ലാതെ നമ്മിുടെ നാട്ടിലേക്ക് വരാനും സഞ്ചരിക്കാനും ഭയമോ പരിഭ്രമമോ ഇല്ലാതെ ഇടപഴകാനും ഇത്തരം സംഭവങ്ങൾ ആത്മവിശ്വാസം നൽകുമെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു.