പാക്കിസ്താനില്‍ റിക്ഷയില്‍പോവുന്ന യുവതിയെ വണ്ടിയിലോടിക്കയറി ബലം പ്രയോഗിച്ച് ചുംബിച്ചു, പ്രതിഷേധം

By Web TeamFirst Published Aug 22, 2021, 1:29 PM IST
Highlights

പട്ടാപ്പകല്‍ റിക്ഷയില്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കവേ ഒരു യുവതിയ്ക്കു നേരെ നടന്ന അതിക്രമമാണ് വീണ്ടും ചര്‍ച്ചയായത്. സംഭവത്തിന്റെ വീഡിയോ പാക്കിസ്താനിലെ സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.  

'എന്ത് തരം മനുഷ്യരാണിത്? സ്ത്രീകള്‍ക്ക് ഇവിടെ എന്ത് സുരക്ഷയാണുള്ളത്? എന്തു സംഭവിച്ചാലും ന്യായീകരിച്ചെത്തുന്ന ആണ്‍കൂട്ടങ്ങളെ ആര് നിലയ്ക്കു നിര്‍ത്തും'' എന്നാണ് ഒരു മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തത്. 

ടിക്‌ടോക്ക് താരമായ യുവതിയെ റിപ്പബ്ലിക് ദിനത്തില്‍ നിരവധി പുരുഷന്‍മാര്‍ ലൈംഗികമായി കൈയേറ്റം ചെയ്ത സംഭവത്തിന്റെ വിവാദം കെട്ടടങ്ങും മുമ്പേ പാക്കിസ്താനില്‍ സമാനമായ മറ്റൊരു സംഭവം. തിരക്കേറിയ റോഡിലൂടെ പട്ടാപ്പകല്‍ റിക്ഷയില്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കവേ ഒരു യുവതിയ്ക്കു നേരെ നടന്ന അതിക്രമമാണ് വീണ്ടും ചര്‍ച്ചയായത്. സംഭവത്തിന്റെ വീഡിയോ പാക് സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.  

കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്തുവന്നത്. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു റിക്ഷയാണ് വീഡിയോയിലുള്ളത്. രണ്ടു സ്ത്രീകളും ഒരു കുട്ടിയും പുറകിലേക്ക് തിരിഞ്ഞ് ഇരിക്കുന്നത് കാണാം. ട്രാഫിക് ബ്ലോക്കില്‍ വണ്ടി ഇഴഞ്ഞ് നീങ്ങി കൊണ്ടിരിക്കെ ഒരു ചെറുപ്പക്കാരന്‍ പൊടുന്നനെ റിക്ഷയിലേക്ക് ഓടിക്കയറി യുവതിയെ ബലം പ്രയോഗിച്ച് ചുംബിക്കുകയും കേറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ നിലവിളിക്കുന്നതിനിടെ യുവാവ് ചാടിയിറങ്ങുന്നതും കാണാം. 

Another 😭
These I'll mannered people must be punished who are ruining peace of our Society 💔 pic.twitter.com/POzOdF3Jtc

— Awais Tweets 🇵🇰 (@iam_Awaiss)

അതിനു പിന്നാലെ, വണ്ടിക്കു പുറകില്‍ രണ്ട് യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളോട് അശ്ലീലം പറയുന്നതും കാണാം. ഇടയ്ക്ക്് അതിലൊരു സ്ത്രീ ചെരുപ്പൂരി ബൈക്കിലുള്ള യുവാവിനോട് പ്രതികരിക്കുന്നുണ്ട്. ഇരയായ യുവതി ഇടയ്ക്ക് അസ്വസ്ഥതയോടെ വണ്ടിയില്‍നിന്നും ഇറങ്ങാന്‍ നോക്കുന്നുണ്ട്. അവരെ സഹയാത്രിക തടയുകയാണ് ചെയ്യുന്നത്. 

തിരക്കുള്ള റോഡാണ്. നിരവധി വാഹനങ്ങളും ആളുകളും വാഹനത്തിലും അല്ലാതെയും സഞ്ചരിക്കുന്നുണ്ട്. എന്നിട്ടും ഒരാള്‍ പോലും ഈ സംഭവത്തില്‍ ഇടപെട്ടില്ല. യുവാവിന്റെ കൈയേറ്റത്തിനു പിന്നാലെ ബൈക്കില്‍ അവരെ പിന്തുടരുന്ന യുവാക്കളെയും ആരും തടയുന്നില്ല. 

ലാഹോറിലെ തെരുവിലാണ് ഇത് സംഭവിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലായത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വലിയ ചര്‍ച്ച നടക്കുന്ന സമയമായതിനാല്‍, ആയിരക്കണക്കിന് പേരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നത്. 

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാത്ത സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. അതേ സമയം തന്നെ, സ്ത്രീകള്‍ക്കെതിരായ ഏത് ആക്രമണ സംഭവം പുറത്തുവന്നാലും അതിനെ ന്യായീകരിച്ച് വരുന്നവര്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ''എന്ത് തരം മനുഷ്യരാണിത്? സ്ത്രീകള്‍ക്ക് ഇവിടെ എന്ത് സുരക്ഷയാണുള്ളത്? എന്തു സംഭവിച്ചാലും ന്യായീകരിച്ചെത്തുന്ന ആണ്‍കൂട്ടങ്ങളെ ആര് നിലയ്ക്കു നിര്‍ത്തും'' എന്നാണ് ഒരു മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തത്. 

click me!