കിട്ടിയത് മൂന്നേമൂന്ന് ലൈക്ക്, ഹാപ്പിയാകാൻ വേറെന്തുവേണം, ആഹ്ളാദമടക്കാനാവാതെ മുത്തശ്ശനും മുത്തശ്ശിയും

Published : Jan 25, 2026, 02:57 PM IST
viral video

Synopsis

തങ്ങളുടെ വീഡിയോയ്ക്ക് വെറും മൂന്ന് ലൈക്കുകൾ ലഭിച്ചപ്പോൾ അത് വലിയ നേട്ടമായി ആഘോഷിക്കുന്ന വയോധിക ദമ്പതികളുടെ വീഡിയോ വൈറലാകുന്നു. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താമെന്ന് ഓർമ്മിപ്പിക്കുന്ന ദമ്പതികളുടെ നിഷ്കളങ്കതയാണ് കാഴ്ചക്കാരുടെ ഹൃദയം കവരുന്നത്.

ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും വലിയ സന്തോഷം കണ്ടെത്താമെന്ന് തെളിയിക്കുന്ന വയോധികരായ ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തങ്ങൾ പങ്കുവെച്ച വീഡിയോയ്ക്ക് വെറും മൂന്ന് ലൈക്കുകൾ മാത്രം ലഭിച്ചപ്പോൾ, അത് വലിയൊരു നേട്ടമായി ആഘോഷിക്കുന്ന ഇവരുടെ നിഷ്കളങ്കതയാണ് നൂറുകണക്കിന് ആളുകളുടെ മനസ്സ് കീഴടക്കിയത്. ഈ ആഴ്ച ആദ്യം പങ്കുവെക്കപ്പെട്ട ഈ വീഡിയോ, വലിയ നേട്ടങ്ങൾക്കപ്പുറം ചെറിയ നിമിഷങ്ങളാണ് ജീവിതത്തെ മനോഹരമാക്കുന്നത് എന്ന സന്ദേശം നൽകുന്നതെന്ന് പറഞ്ഞുകൊണ്ട് വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയാണ്.

ദമ്പതികളുടെ കൊച്ചുമകളാണ് ഈ മനോഹര നിമിഷം ക്യാമറയിൽ പകർത്തിയത്. സുമിത്രാ സിംഗ് കൈകാര്യം ചെയ്യുന്ന @amma_at_65 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ഈ കുടുംബം ഇപ്പോൾ ഡൽഹിയിലാണ് താമസിക്കുന്നത്. വീഡിയോയിൽ, 'മൂന്ന് പേർ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്' എന്ന് പുഞ്ചിരിയോടെ ഭാര്യയോട് പറയുന്ന വയോധികനെ കാണാം. ക്യാമറയ്ക്ക് പിന്നിലുള്ള കൊച്ചുമകൾ കൂടി അവരെ പ്രശംസിക്കുന്നതോടെ ദമ്പതികളുടെ സന്തോഷം ഇരട്ടിയാകുന്നു.

 

 

ദമ്പതികളുടെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ലവ് ഇമോജികൾ നൽകിക്കൊണ്ടാണ് പലരും തങ്ങളുടെ സ്നേഹം വീഡിയോയ്ക്ക് താഴെ പ്രകടിപ്പിക്കുന്നത്. 'എന്റെ വീഡിയോയ്ക്ക് ഒരു ലൈക്ക് കിട്ടുമ്പോൾ തന്നെ ഞാൻ സന്തുഷ്ടനാകാറുണ്ട് ' എന്നാണ് ഒരാൾ കുറിച്ചത്. മറ്റൊരാൾ കുറിച്ചത്, 'ദാദാജി, നിങ്ങൾ എപ്പോഴും ഇതുപോലെ ചിരിച്ചുകൊണ്ടിരിക്കൂ. ഞാൻ നിങ്ങളുടെ ഈ വീഡിയോ മറ്റുള്ളവർക്കായി പങ്കുവെക്കാം' എന്നാണ്. ഏതായാലും ഹൃദയം നിറയുന്ന ഒരു ചിരിയോടെ അല്ലാതെ ഈ വീഡിയോ നമുക്ക് കണ്ടു തീർക്കാൻ ആകില്ല.

PREV
Read more Articles on
click me!

Recommended Stories

പാവപ്പെട്ടൊരു കച്ചവടക്കാരനോട് എന്തിനിത് ചെയ്യുന്നു? 800 പറഞ്ഞ സൺ​ഗ്ലാസ് 100 ന് വാങ്ങിയെന്ന് യുവതി, വിമർശനം
'ഇറ്റലിക്കാർ ക്ഷമിക്കണം, ഇക്കാര്യത്തിൽ മികച്ചത് ഇന്ത്യയാണെന്നെനിക്ക് തോന്നുന്നു'; എയർ‌പോർട്ടിൽ നിന്നും ഭക്ഷണം കഴിച്ച യുവാവ്