
യാത്രകൾ നടത്താനായി ഇഷ്ടപ്പെടുന്ന അനേകം ആളുകൾ ഇന്നുണ്ട്. ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പോകാനും പ്രകൃതി ദൃശ്യങ്ങളും ചരിത്രസ്മാരകങ്ങളും ഒക്കെ കാണാനും ഇഷ്ടപ്പെടുന്ന അനേകങ്ങൾ. എന്നാൽ, ടൂറിസം വളരുന്നതോടൊപ്പം തന്നെ ഓരോ മനുഷ്യരിലും വളരേണ്ടുന്ന കാര്യമാണ് ശുചിത്വബോധവും. എല്ലായിടത്തും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണം എന്ന് അർത്ഥം.
എന്നാൽ, മാലിന്യം വലിച്ചെറിയുന്ന ആളുകളെ മിക്കവാറും സ്ഥലങ്ങളിൽ നമുക്ക് കാണാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് techiestraveller എന്ന യൂസറാണ്.
ഹിമാചൽ പ്രദേശിലെ ബരോട്ട് താഴ്‌വരയിലെ ലാപാസ് വെള്ളച്ചാട്ടം കാണാനാണ് യുവതി പോയത്. ഇതിന്റെ വീഡിയോ അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ, തികച്ചും തെറ്റായ കാരണങ്ങളാലാണ് ആ വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത്.
വളരെ മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോ തുടങ്ങുമ്പോൾ കാണുന്നത്. എന്നാൽ, പിന്നാലെ കാണുന്ന ദൃശ്യങ്ങൾ അത്ര സുഖകരമല്ല. ആളുകൾ വെള്ളച്ചാട്ടത്തിനരികിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പിന്നാലെ കാണുന്നത്.
മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നതും മറ്റുമായ ദൃശ്യങ്ങളും പിന്നാലെ കാണാം. അവിടെയുള്ള കല്ലുകളിൽ പലതിലും മാലിന്യങ്ങൾ വലിച്ചെറിഞ്ഞിട്ടുണ്ട്. ഇന്ത്യക്കാർക്ക് തീരെ പൗരബോധം ഇല്ല എന്നാണ് യുവതി തന്റെ വീഡിയോയിൽ പറയുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. യുവതി പറഞ്ഞത് ശരിയാണ് എന്ന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത് 'വളരെ മനോഹരമായ ട്രെക്കിംഗുകൾ പോലും ഈ മദ്യപാനികളായ
ആളുകൾ മോശമാക്കും' എന്നാണ്. 'സിവിക് സെൻസ് ഇന്ത്യയിൽ വെറും തമാശയാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.