
ഇന്ത്യയിലെ പല നഗരങ്ങളും വൃത്തിഹീനമാണ് എന്ന ആരോപണം സ്വതവേ ഉയരാറുണ്ട്. എന്നാൽ, അങ്ങനെ പറയുന്നവർ ഈ ഗ്രാമം സന്ദർശിക്കൂ എന്ന് പറയുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. 'അടുത്ത തവണ ആരെങ്കിലും ഇന്ത്യൻ ഗ്രാമങ്ങൾ വൃത്തിഹീനമാണ് എന്ന് പറയുമ്പോൾ, അവരെ ഈ ഗ്രാമത്തിലേക്ക് കൊണ്ടുവരൂ' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോ ആരംഭിക്കുന്നത്. അവരുടെ പിന്നിലുള്ള ആ നാട്ടുകാരിയായ ഒരു സ്ത്രീ അഭിമാനത്തോടെ 'നമസ്‌തേ' എന്ന് പറഞ്ഞുകൊണ്ട് അവരെ സ്വാഗതം ചെയ്യുന്നതും കാണാം.
ഈ ഗ്രാമത്തിലെ തെരുവുകൾ വൃത്തിയുള്ളതാണ് എന്നും എല്ലാ വൈകുന്നേരവും കുട്ടികൾ മാലിന്യം പെറുക്കിക്കളയാൻ സഹായിക്കുമെന്നും വീഡിയോയിൽ വിശദീകരിക്കുന്നു. ഗ്രാമവാസികൾ ഊഴമനുസരിച്ച് പ്രദേശം മുഴുവൻ വൃത്തിയാക്കുന്നു. വൃത്തിഹീനമായ അഴുക്കുചാലുകളില്ല, മാലിന്യക്കൂമ്പാരങ്ങളില്ല, അച്ചടക്കം മാത്രമാണ് ഗ്രാമത്തിലുള്ളത്. സോളാർ ഹീറ്റർ ഉപയോഗിച്ച് ചൂടുവെള്ളം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർ എടിഎം കാർഡ് സിസ്റ്റത്തിലൂടെ കുടിവെള്ളം ലഭിക്കും. കൂടാതെ എല്ലാ വീട്ടിലും മീറ്ററുള്ള ഒരു ടാപ്പ് ഉണ്ട്, അതിനാൽ ആളുകൾ അവർ ഉപയോഗിക്കുന്നതിന് മാത്രമേ പണം നൽകേണ്ടതുള്ളൂ. തെരുവുവിളക്കുകളും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നവയാണ്.
കൂടാതെ, പൊതുസ്ഥലത്ത് മോശം വാക്കുകൾ ഉപയോഗിച്ചാൽ 500 രൂപ നൽകേണ്ടി വരും. മുതിർന്ന പൗരന്മാർക്ക് വിശ്രമിക്കാനും ടിവി കാണാനും സംസാരിക്കാനുമുള്ള ഇടം, കുട്ടികൾക്കായി ഒരു ചെറിയ ലൈബ്രറി എന്നിവയും ഗ്രാമത്തിലുണ്ട്. കന്നുകാലി തൊഴുത്തുകൾ പോലും ദുർഗന്ധമില്ലാത്തതാണ് എന്നും വീഡിയോയിൽ പറയുന്നു. ഗ്രാമത്തിലെ മിക്ക കെട്ടിടങ്ങളും മറ്റും നാട്ടുകാർ തന്നെ പണം ചെലവഴിച്ച് സ്വന്തം അധ്വാനവും സമയവും ഉപയോഗിച്ചുണ്ടാക്കിയതാണ്. സ്ത്രീകളെ ബഹുമാനിക്കുക മാത്രമല്ല, ഗ്രാമത്തിലെ എല്ലാ ജോലികളിലും പ്ലാനിംഗിലും അവർ നേതൃത്വം നൽകുന്നു. തഡോബ-അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിൽ സഫാരി ഗൈഡുകളായി ജോലി ചെയ്യുന്ന നിരവധി സ്ത്രീകൾ ഈ ഗ്രാമത്തിൽ നിന്നുള്ളവരാണ്.
ഗജാനൻ എന്ന ഒരാളാണ് ഇതെല്ലാം ആസൂത്രണം ചെയ്തത്. എല്ലാവരെയും ഈ രീതിയിൽ ജീവിക്കുന്നതിനെ കുറിച്ച് ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് അഞ്ച് വർഷമെടുത്തു. മഹാരാഷ്ട്രയിലെ തഡോബ നാഷണൽ പാർക്കിനടുത്തുള്ള സതാര ഗ്രാമമാണ് ഈ തരത്തിൽ യുവതിയെ വിസ്മയിപ്പിച്ചിരിക്കുന്നത്.