ഒന്നാം റൗണ്ടില്‍ മോദിക്ക്‌ ജയം: രണ്ടാം റൗണ്ടിലോ?

By MG RadhakrishnanFirst Published Apr 17, 2019, 12:19 PM IST
Highlights

രാഹുല്‍ ഈ നിര്‍ണായകസന്ധിയില്‍ പഠിക്കേണ്ടിയിരുന്നത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കൂട്ടുമുന്നണിഭരണം ഉറപ്പിച്ച വാജ്‌പേയിയില്‍ നിന്നാണ്‌. 1998 -ൽ 40 കക്ഷികളുള്ള എന്‍ഡിഎയുടെ രൂപീകരണത്തിന് വഴിവെച്ചത്‌ വാജ്‌പേയിയുടെ ദീര്‍ഘദൃഷ്‌ടിയും തന്ത്രജ്‌ഞതയും ആണ്‌. രാഹുലിനും അദ്ദേഹത്തിന്റെ ഹ്രസ്വദൃഷ്‌ടികളായ ഉപദേശികള്‍ക്കും ഇല്ലാതെപോയതും ഈ ഗുണങ്ങള്‍തന്നെ. 


ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്ന പതിനേഴാം ലോകസഭയിലേക്കുള്ള ചരിത്രപ്രധാന വോട്ടെടുപ്പ്‌ പല സംസ്‌ഥാനങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ഒന്നരമാസം നീളുന്ന ഈ വോട്ടെടുപ്പ്‌ അവസാനിക്കുന്നതോടെ മെയ്‌ 23 നു ഫലം പുറത്തുവരും. ഏതാനു മാസം മുമ്പ്‌ വരെ കരുതപ്പെട്ടിരുന്നത്‌ ഈ തെരഞ്ഞെടുപ്പ്‌ ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്‌ക്ക്‌ അനായാസവിജയം ഉറപ്പാണെന്നായിരുന്നു. നരേന്ദ്ര മോദിക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ഒരൊറ്റ നേതാവിനോ പാര്‍ട്ടിയോ ഇല്ലെന്നായിരുന്നു പൊതുവേ ധാരണ.

പക്ഷേ ഒരു വര്‍ഷം കൊണ്ട്‌ കാര്യങ്ങള്‍ മാറി മറിഞ്ഞു. നോട്ട്‌ റദ്ദാക്കല്‍, ജി സ്‌ ടി, റഫാല്‍ അഴിമതി, തൊഴിലില്ലായ്‌മ, കര്‍ഷകദുരന്തം, ദലിത്‌ രോഷം, സാമ്പത്തികത്തളര്‍ച്ച  എന്നീ കൊടൂങ്കാറ്റുകളില്‍ സര്‍ക്കാരും മോദിയും ആടിയുലഞ്ഞത്‌ പെട്ടെന്നാണ്‌. ഇന്ത്യന്‍ ജനതയുടെ മനംമാറ്റം ഏറ്റവും പ്രകടമായത്‌ 2018 ഡിസംബറില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ ബിജെ  ആധിപത്യമുള്ള മൂന്ന്‌ ഹിന്ദി സംസ്‌ഥാനങ്ങളില്‍ അവര്‍ നേരിട്ട അട്ടിമറിയോടെയായിരുന്നു. തൊട്ടുപിന്നാലെ പ്രഖ്യാപിക്കപ്പെട്ട  ലോകസഭാ തെരഞ്ഞെടുപ്പില്‍ കാറ്റ്‌ മാറി വീശിയേക്കാമെന്ന അഭിപ്രായം ആദ്യമായി വ്യാപകമായി ഉയര്‍ന്നു. 1977 ല്‍ കോൺഗ്രസിനും 2004 ല്‍ ബി ജെ പിക്കും എതിരെ എന്നപോലെ വടക്കേ ഇന്ത്യയിലെ സാധാരണജനതയില്‍ ഭരണവിരുദ്ധവികാരം നുരപൊന്തുന്നുവെന്ന സൂചനകള്‍ വ്യാപകമായി. ഒരു ദുര്‍ബല നേതാവെന്ന നിലയില്‍ നിന്ന്‌ രാഹുല്‍ ഗാന്ധി ഉയരങ്ങളിലേക്ക്‌ വളര്‍ന്നു. അലസനും അര്‍ദ്ധമനസ്‌കനുമെന്ന നിലയില്‍ നിന്ന്‌ ഊര്‍ജ്‌ജസ്വലനും ആക്രമണോത്‌സുകനും ആയിമാറിയ രാഹുല്‍ മോദിയെ നിരന്തരം കടന്നാക്രമിച്ചു; കള്ളനായ കാവല്‍ക്കാരനെന്ന്‌ പ്രധാനമന്ത്രിയെ ആവര്‍ത്തിച്ച്‌ ആക്ഷേപിച്ച രാഹുല്‍ അദ്ദേഹത്തിന്റെ അഴിമതിവിരുദ്ധപ്രതിഛായ പിച്ചിക്കീറി. ആദ്യമായി അഭിപ്രായവോട്ടെടുപ്പുകളില്‍ മോദിയും എന്‍ ഡി എയും പിന്നാക്കം  പോവുകയും രാഹുലും യു പി എയും മുന്നാക്കം വരുകയും ചെയ്തു. ഒരു ഭരണമാറ്റത്തിന്റെ സാധ്യതകള്‍ക്ക്‌ കനം വെച്ചു. 

പക്ഷേ ഫെബ്രുവരി 14  കാര്യങ്ങളെല്ലാം വീണ്ടും മാറ്റി മറിച്ചു. അന്ന്‌ കാശ്‌മീരിലെ പുൽവാമയില്‍ ഒരു വിഘടനവാദിയുടെ ചാവേറാക്രമണത്തില്‍ 40 സിആര്‍പി ജവാന്മാര്‍ കൊല്ലപ്പെട്ടു. അതോടെ പ്രതികാരദാഹവും ദേശഭക്തിയും ഇന്ത്യയില്‍ വ്യാപകമായി. രണ്ട്‌ ആഴ്‌ച  കഴിഞ്ഞപ്പോള്‍ പാകിസ്‌ഥാന്റെ അതിര്‍ത്തി ഭേദിച്ച് ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബിട്ടു പുല്‍വാമയ്‌ക്ക്‌ പകരം വീട്ടി. ഭൂരിപക്ഷം ഇന്ത്യന്‍ ജനതയിലും ആത്മാഭിമാനവും ദേശാഭിമാനവും ത്രസിച്ചു. മറ്റെന്തിലുമേറെ ദേശസുരക്ഷിതത്വവും ദേശഭക്തിയും മുന്നോട്ട്‌ വെച്ച എന്‍ ഡി എയ്‌ക്കും പാകിസ്‌ഥാനെ പാഠം പഠിപ്പിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ ശക്തനായ നേതാവെന്ന്‌ കരുതപ്പെടുന്ന മോദിക്കും അതോടെ ജനമനസ്സില്‍ വീണ്ടും മതിപ്പ്‌ വര്‍ദ്ധിച്ചു.  മോദി സര്‍ക്കാരിനെതിരെ വികാരം ഉയര്‍ന്നിരുന്ന മനസ്സുകളില്‍ പോലും വീണ്ടും അദ്ദേഹം ധീരനായകനായി. പിന്നീട്‌ വന്ന അഭിപ്രായവോട്ടെടുപ്പുകളിലെല്ലാം എന്‍ ഡി എയും മോദിയും വീണ്ടും മുമ്പോട്ട്‌ കുതിച്ചു.

ഏറ്റവും അംഗീകരിക്കപ്പെടുന്നതും പുതുതുമായ ദേശീയ അഭിപ്രായ സര്‍വേ നടത്തിയത്‌ ദില്ലിയിലെ പ്രശസ്തമായ സെന്റര്‍ ഫോര്‍ ദ സ്‌റ്റഡി ഓഫ്‌ ഡെവെലപിങ്‌ സൊസൈറ്റീസിന്റെ (സിഎസ്‌ഡിഎസ്‌) നേതൃത്വത്തിലാണ്‌. മാര്‍ച്ച് അവസാനം നടന്ന ആ സര്‍വേ പ്രകാരം എന്‍ഡിഎ സര്‍ക്കാരിന്റെ മതിപ്പ്‌ മുന്‍ വര്‍ഷത്തേക്കാള്‍ കാര്യമായി വര്‍ദ്ധിച്ച മട്ടുണ്ട്‌. മോദി സര്‍ക്കാരില്‍ തൃപ്തിയുള്ളവരുടെ എണ്ണം 46 ശതമാനത്തില്‍ നിന്ന്‌ 59% ആയി. മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന്‌ പറയുന്നവരുടെ എണ്ണം 39% ല്‍ നിന്ന്‌ 46%. ടൈംസ്‌ ഓഫ്‌ ഇന്ത്യ നടത്തിയ പഠനത്തില്‍ പുല്‍വാമ സംഭവത്തിനു ശേഷം മോദിയുടെ മതിപ്പ്‌ 7% കണ്ട്‌ വര്‍ദ്ധിച്ചു. ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ മോദിയെന്ന്‌ പറഞ്ഞവര്‍ 2018 ജനുവരിയില്‍ 44% ആയിരുന്നത്‌ ഫെബ്രുവരി രണ്ടാം വാരം 51% ആയി. രാഹുലിന്  അനുകൂലമായിരുന്നവരുടെ എണ്ണം 30% ല്‍ നിന്ന്‌ 27% ആയി. മറ്റ്‌ നേതാക്കളുടേതാകട്ടെ 13.8% ല്‍ നിന്ന്‌ 7.3% ആയി ഇടിഞ്ഞു. തെരഞ്ഞെടുപ്പില്‍ തൊഴില്ലായ്‌മയ്‌ക്കും കര്‍ഷകദുരിതത്തിനുമൊക്കെ പകരം ദേശഭക്തി മുഖ്യവിഷയമാക്കി നേട്ടം കൊയ്യാനുള്ള ബി ജെ പി ശ്രമത്തിന്റെ വിജയം.  

പക്ഷേ സിഎസ്‌ഡിഎസ്‌ സര്‍വേയില്‍ ഒരു പ്രധാന കണ്ടെത്തല്‍ കൂടിയുണ്ട്‌. മതിപ്പ്‌ 59% ആയെങ്കിലും എന്‍ഡിഎയ്‌ക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷത്തിനു അത്‌ പോരാ. 2009 ലെ തെരഞ്ഞെടുപ്പില്‍ മന്മോഹന്‍ സിങ്ങ്‌ നയിച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ മതിപ്പ്‌ 64% ഉണ്ടായിട്ടുപോലും ഫലം വന്നപ്പോള്‍ 262 സീറ്റ്‌ കിട്ടിയ അവര്‍ക്ക്‌ ഭൂരിപക്ഷത്തിനു 10 സീറ്റ്‌ കുറവായിരുന്നുവെന്നത്‌ ഓര്‍ക്കാം. ഇവിടെയാണ്‌ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞുവരുന്ന സഖ്യങ്ങളുടെ പ്രാധാന്യം. അപ്പോള്‍ നിര്‍ണായകമാകുക ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ള ആറു സംസ്‌ഥാനങ്ങളില്‍ മേധാവിത്തം വഹിക്കുന്ന പ്രാദേശികകക്ഷികളാണ്‌.

ആകെ 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ വന്‍ വിജയം നേടാനിടയുള്ള അഖിലേഷ്‌ യാദവിന്റെ സമാജ് വാദിയും മായാവതിയുടെ ബഹുജന്‍ സമാജും ചേര്‍ന്ന മുന്നണി, 48 സീറ്റുള്ള മഹാരാഷ്‌ട്രയിലെ എന്‍സിപി,  42 സീറ്റുള്ള ബിഹാറിലെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ ജെഡിയു, ലാലു യാദവിന്റെ ആര്‍ ജെ ഡി, 42 സീറ്റുള്ള പശ്‌ചിമബംഗാളിലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ്‌, 39 സീറ്റുള്ള തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെ, എം കെ സ്‌റ്റാലിന്‍ നയിക്കുന്ന ഡിഎംകെ, 25 സീറ്റുള്ള ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം എന്നിവയാണ്‌ അവ. ഇതില്‍ തെരഞ്ഞെടുപ്പിനു മുമ്പ്‌ ഏതെങ്കിലും പ്രധാന മുന്നണിയില്‍ അംഗമായിക്കഴിഞ്ഞ കക്ഷികള്‍ 40 പാര്‍ട്ടികളുള്ള എന്‍ഡിഎയിലംഗമായ ജെഡിയുവും എഡിഎംകെയും 22 പാര്‍ട്ടികളുള്ള യുപിഎയില്‍ അംഗങ്ങളായ എന്‍സിപിയും ആർജെഡിയും ഡിഎംകെയും മാത്രമാണ്‌. അതുകൊണ്ട്‌ തെരഞ്ഞെടുപ്പിനു ശേഷം എന്‍ ഡി എക്കും യു പി എയ്‌ക്കും ഏറ്റവും വില ഉയരുക സ്വാഭാവികമായും എങ്ങോട്ടും ചേരാതെ നില്‍ക്കുന്ന കക്ഷികള്‍ തന്നെ. ആര്‍ക്കാകണം കിരീടം എന്ന്‌ തീരുമാനിക്കാന്‍ ഏറ്റവും ശക്തം  മുലായം സിങ്‌, മകന്‍ അഖിലേഷ്‌, മായാവതി, മമത, നായിഡു എന്നിവര്‍ക്ക്‌ വരും. (മുമ്പൊക്കെ ഇടതുപക്ഷവും ഇപ്രകാരം പ്രാധാന്യം ഉള്‍ക്കൊണ്ടിരുന്നെങ്കിലും ഇക്കുറി ഇരട്ട അക്കം പോലും തികയ്‌ക്കാന്‍ പ്രയാസമായ അവര്‍ ഇപ്പോള്‍ അപ്രസക്തമാണ്‌.) 

സ്വാഭാവികമായും മറ്റാര്‍ക്കെങ്കിലും പിന്തുണ നല്‍കുന്നതിനു മുമ്പ്‌ സ്വയം പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുള്ളവര്‍ ആണിവരെല്ലാവരും. അപ്പോള്‍ മായാവതിയും ഒരു പരിധിവരെ മമതയും ആകും ഈ നിരയില്‍ പ്രഥമഗണനീയര്‍. വാജ്‌പേയിയുടെ കാലത്ത്‌ മായാവതിയും മമതയും ജയലളിതയും ദേശീയരാഷ്‌ട്രീയത്തില്‍ വലിയ സ്വാധീനമുള്ളവരായിരുന്നു. ഇപ്പോള്‍ മോദിയും രാഹുലും നയിക്കുന്ന ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും മായാവതിയും മമതയും വീണ്ടും താക്കോൽ സ്‌ഥാനങ്ങളില്‍ എത്തിയേക്കാം. (വാജ്‌പേയ്‌ മുതല്‍ മോദിയും രാഹുലും മമതയും മായാവതിയും അവിവാഹിതരാണെന്നത്‌ ഒരു യാദൃച്ഛികത..!) 

പുല്‍വാമയുടെ ഗുണഭോക്താവായി മോദി തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടില്‍ വിജയിച്ചതില്‍ പ്രതിപക്ഷം നിസ്സഹായരാകാം. പക്ഷേ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള രണ്ടാം റൗണ്ടില്‍ വീണ്ടും മോദി വിജയിയായാല്‍ ഉത്തരവാദി പ്രതിപക്ഷം തന്നെയാകും. പ്രത്യേകിച്ചും പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സും അതിന്റെ നേതാവ്‌ രാഹുല്‍ ഗാന്ധിയും. തെരഞ്ഞെടുപ്പിനു ശേഷം സഖ്യങ്ങളാകും നിര്‍ണായകമെന്ന്‌ മനസ്സിലാകാത്തപോലെ പെരുമാറിയത്‌ കോണ്‍ഗ്രസ്സാണ്‌. തമിഴ്‌നാട്ടിലും ബിഹാറിലും മാത്രമേ രണ്ട്‌ ഭേദപ്പെട്ട സഖ്യങ്ങള്‍ അവര്‍ ഉണ്ടാക്കിയുള്ളൂ. അതില്‍ തന്നെ ഡിഎംകെയ്‌ക്ക്‌ മാത്രമേ ഗണനീയമായ സീറ്റ്‌ ലഭിക്കാനിടയുള്ളൂ. ബീഹാറില്‍ ജയിലില്‍ കഴിയുന്ന ലാലുവും മകന്‍ തേജസ്വിയും നയിക്കുന്ന ആര്‍എല്‍ഡി നിതീഷിന്റെ പിന്നിലേ എത്താനിടയുള്ളൂ. യു പി എയില്‍ എസ്‌പി-ബിഎസ്‌പി സ്യം കോണ്‍ഗ്രസ്സിനെ സ്വീകരിച്ചില്ല. ബംഗാളില്‍ മമതയുമായി കോണ്‍ഗ്രസ്സ്‌ പോരിലാണ്‌. ദില്ലിയിലും ഹര്യാനയിലും പഞ്ചാബിലും ആം ആദ്‌മി പാര്‍ട്ടിയുമായി സ്യം ഇപ്പോഴും തര്‍ക്കത്തിലാണ്‌. സീറ്റ്‌ അധികമില്ലെങ്കിലും പ്രതിപക്ഷ നിരയില്‍ ആദരവുള്ള ഇടതുപക്ഷവുമായുള്ള ബന്ധവും വയനാട്ടിലെ രാഹുലിന്റെ സ്‌ഥാനാര്‍ഥിത്വത്തോടെ ദുര്‍ബലമായിരിക്കുന്നു. എങ്കിലും ബി ജെ പിയെ അകറ്റിനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഇവരെല്ലാം ഒന്നിച്ചേക്കാം. പക്ഷേ അങ്ങനെ വന്നാല്‍ ചിലപ്പോള്‍ കോണ്‍ഗ്രസ്സിനു നായകപദവിയും പ്രധാനമന്ത്രിപദവും ഒന്നും ഉറപ്പാകണമെന്നില്ല.

കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ മായാവതി പ്രധാനമന്ത്രി ആകാനുള്ള സാധ്യത തള്ളാനാവില്ല. ഒരു പ്രശ്‌നമേ ഉള്ളൂ. നായകപദവിയില്‍ നിന്നൊഴിഞ്ഞുനിന്ന്‌ തങ്ങള്‍ പിന്തുണയ്‌ക്കുന്ന ആരെയും കോണ്‍ഗ്രസ്സ്‌ അധികം വാഴിച്ചിട്ടില്ല. 1990 കളില്‍ പുറത്തുനിന്ന്‌ കോണ്‍ഗ്രസ്സ്‌ പിന്തുണച്ച  ചരണ്‍ സിങ്ങിനെ ഇന്ദിരയും ചന്ദ്രശേറെ രാജീവ്‌ ഗാന്ധിയും ദേവഗൗഡയെ സീതാറാം കേസരിയും അട്ടിമറിച്ചതുപോലെ രാഹുലിനും തോന്നുന്നതുവരെ മാത്രമേ മറ്റാരായാലും പ്രധാനമന്ത്രിക്കസേരയിലിരിക്കുകയുള്ളൂ. അതേ സമയം നല്ല ഓഫര്‍ വന്നാല്‍ ഈ പ്രാദേശികകക്ഷികളാരും എന്‍ഡിഎയുമായി ബന്ധപ്പെടുന്നതും തള്ളാനാവില്ല. ഇവര്‍ക്ക്‌ മതനിരപേക്ഷതയൊക്കെ സൗകര്യം പോലെ പ്രയോഗിക്കുന്ന ആയുധങ്ങള്‍ മാത്രം. 1998 ലും 99 ലും വാജ്‌പേയിയുടെ സര്‍ക്കാരില്‍ സഖാക്കള്‍ ആയിരുന്നുവല്ലോ മായാവതിയും നായിഡുവും സ്‌റ്റാലിനും നവീന്‍ പട്‌നായിക്കും ഒക്കെ. 

വാസ്തവത്തില്‍ രാഹുല്‍ ഈ നിര്‍ണായകസന്ധിയില്‍ പഠിക്കേണ്ടിയിരുന്നത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കൂട്ടുമുന്നണിഭരണം ഉറപ്പിച്ച വാജ്‌പേയിയില്‍ നിന്നാണ്‌. അക്രമവും വര്‍ഗ്ഗീയതയും നിയമവിരുദ്ധതയും ഒക്കെ മുഖമുദ്രയായ ബാബരി മസ്‌ജിദ്‌ ധ്വംസനത്തിനും രഥയാത്രയ്‌ക്കും ശേഷം അതിന്റെ നായകനായ അദ്വാനി നയികുന്ന ബിജെപിയുമായി അടുക്കാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. ഇതിനെ വിസ്‌മയകരമായി മാറ്റിയെടുത്തത്‌ മിതവാദിയും സൗമ്യനും കവിയുമൊക്കെയായ വാജ്‌പേയി ആണ്‌. ബി ജെ പിയുടെ ആരോഹണം ഉറപ്പാക്കിയ അയോദ്ധ്യപ്രസ്‌ഥാനത്തിന്റെ നായകനായ അദ്വാനി പ്രധാനമന്ത്രിപദത്തിലേക്ക്‌ അടുക്കുന്ന വേളയിലായിരുന്നു ജെയിന്‍ ഡയറി വെളിപ്പെടുത്തല്‍. ഹവാലാ കച്ചവടക്കാരായ ജെയിന്‍ സഹോദരന്മാരില്‍ നിന്ന്‌ കോഴ പറ്റിയ വിവിധ രാഷ്‌ട്രീയനേതാക്കളുടെ പട്ടികയില്‍ പെട്ടതോടെ അദ്വാനി തന്റെ നിരപരാധിത്വം തെളിയും വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു  മാറിനിന്നു. ഇതോടെയാണ്‌ അദ്വാനി എന്ന ലക്ഷ്‌മണനു ബിജെപിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ച്‌  മാറിനിന്ന വാജ്‌പേയ്‌ എന്ന രാമന്‌ വീണ്ടും നേതൃത്വം ഏറ്റെടുക്കേണ്ടിവന്നത്‌.

 

1996 ല്‍ അധികാരമേറിയ ഒന്നാം വാജ്‌പേയി സര്‍ക്കാരില്‍ ശിവസേന മാത്രമായിരുന്നു സഖ്യ കക്ഷി. 13 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഭൂരിപക്ഷം തെളിയിക്കാനാവാതെ ആ സര്‍ക്കാര്‍ വീണതിന്റെ മുഖ്യ കാരണം മറ്റാരും അവരുമായി കൂട്ടുകൂടാന്‍ തയ്യാറാകാതിരുന്നതാണ്‌. ഇതില്‍ നിന്ന്‌ പാഠം പഠിച്ച വാജ്‌പേയിയുടെ ലക്ഷ്യം ബി ജെ പിയുടെ അയിത്തം അവസാനിപ്പിക്കുകയായിരുന്നു. ഹിന്ദു-ഹിന്ദുസ്‌ഥാനി-ഹിന്ദി എന്ന ബി ജെ പിയുടെ മുഖച്ഛായ  മാറ്റാനും സൗമ്യചാണക്യനായ വാജ്‌പേയിക്ക്‌ കഴിഞ്ഞു. 1998 ല്‍ രണ്ടാം വാജ്‌പേയി സര്‍ക്കാരായപ്പോള്‍ പ്രദേശ-മത-ജാതി ഭേദമില്ലാതെ സഖ്യങ്ങള്‍ അദ്ദേഹം രൂപീകരിച്ചു. ആദ്യമായി ഇന്ത്യയുടെ എല്ലാ ദിക്കുകളില്‍ നിന്നുമുള്ള കക്ഷികളും സവര്‍ണ-അവര്‍ണ ജാതികളുടെ പാര്‍ട്ടികളും മാത്രമല്ലന്മുസ്ലിം മേധാവിത്തമുള്ള പാര്‍ട്ടിവരെ ഉള്‍പ്പെട്ടതായി എന്‍ഡിഎ. തെക്കുനിന്ന്‌ അണ്ണാ ഡിഎംകെ, വടക്കു കാശ്‌മീരില്‍ നിന്ന്‌ മുസ്ലിം മേധാവിത്വമുള്ള നാഷനല്‍ കോണ്‍ഫറന്‍സ്‌, പഞ്ചാബില്‍ നിന്ന്‌ സിഖ് സമുദായത്തിന്റെ ശിരോമണി അകാലി ദള്‍, യു പിയില്‍ നിന്ന്‌ ദലിതരുടെ ബിഎസ്‌പി, കിഴക്ക്‌ നിന്ന്‌ ബിജു ജനതാദള്‍ ഒക്കെ ഇതില്‍ പെട്ടത്‌ ചരിത്രപ്രധാനം. മൂന്നാം വാജ്‌പേയി സര്‍ക്കാര്‍ ആയപ്പോള്‍ മമതയുടെ തൃണമൂലും നിതീഷിന്റെ ജെഡിയുവും എന്‍ഡിഎയിലെത്തി. ജയലളിത-മായാവതി-മമത ത്രിത്വം അന്ന്‌ വാജ്‌പേയിയെ വല്ലാതെ വട്ടം കറക്കിയെങ്കിലും അദ്ദേഹവും അദ്വാനിയും ഒക്കെ പോയശേഷം മോദി നയിക്കുന്ന എന്‍ഡിഎയില്‍ ലോകസഭയില്‍ ഇരട്ട അക്കം സീറ്റുള്ള ഒരു കക്ഷി - എഐഎഡിഎംകെ- മാത്രമേ ഉള്ളൂ. എങ്കിലും 40 കക്ഷികളുള്ള മുന്നണിയായി എന്‍ഡ എ എത്തുന്നതിലേക്ക്‌ വഴിവെച്ചത്‌ വാജ്‌പേയിയുടെ ദീര്‍ഘദൃഷ്‌ടിയും തന്ത്രജ്‌ഞതയും ആണ്‌. രാഹുലിനും അദ്ദേഹത്തിന്റെ ഹ്രസ്വദൃഷ്‌ടികളായ ഉപദേശികള്‍ക്കും ഇല്ലാതെപോയതും ഈ ഗുണങ്ങള്‍തന്നെ. 

click me!