ഭൗതികശാസ്ത്രത്തിലെ ഇന്ദ്രജാലക്കാരന്റെ വിയോഗത്തിന് ഒരാണ്ട്..

By Babu RamachandranFirst Published May 13, 2019, 5:23 PM IST
Highlights

ശരീരത്തിന്റെ പ്രകൃതം വെച്ച് നോക്കുമ്പോൾ അല്പം വലിയ തലയായിരുന്നു സുദര്‍ശന്‍റേത്.  അന്നൊക്കെ ആ ടീച്ചറമ്മയെ മറ്റുള്ള സാറന്മാർ കളിയാക്കിക്കൊണ്ട് ഇങ്ങനെ പറയുമായിരുന്നു, "ടീച്ചറിങ്ങനെ ഈ കൊച്ചിന്റെ  തലയ്ക്കകത്ത് എല്ലാം കൂടെ ഒന്നിച്ചു കുത്തി നിറച്ചാൽ കുട്ടിക്ക് ആ ഭീമൻ തലയും താങ്ങി നടക്കാൻ പറ്റില്ല കേട്ടോ..." 
 

ഇന്ന് എണ്ണയ്ക്കൽ ചാണ്ടി ജോർജ്ജ് സുദർശൻ എന്ന ഇസിജി സുദർശൻ നമ്മോടു വിടപറഞ്ഞിട്ട് ഒരാണ്ട് തികയുന്നു. അദ്ദേഹം ആരെന്നോ, എന്തെന്നോ അറിയുകയോ അദ്ദേഹത്തെപ്പറ്റി കേൾക്കുക പോലുമോ ചെയ്യാതെ ജീവിച്ചു മരിക്കുന്നവർ നമുക്കിടയിൽ പലരുമുണ്ട്. അദ്ദേഹത്തിന്റെ പേര് കേട്ടിട്ടുള്ളവരിൽ പലർക്കും അദ്ദേഹത്തിന്റെ  ശാസ്ത്രസംഭാവനകൾ എന്തെന്ന് നിശ്ചയം കാണില്ല. പലരും ധരിച്ചു വെച്ചിരിക്കുന്നത് അദ്ദേഹം ഇസിജി കണ്ടുപിടിച്ച ഏതോ ഡോക്ടറാണെന്നാണ്. ശാസ്ത്രത്തെപ്പറ്റി അറിവുള്ളവർക്കു പോലും മറ്റുള്ളവരെ അദ്ദേഹത്തിന്റെ ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളെപ്പറ്റി അത്രയെളുപ്പത്തിൽ പറഞ്ഞു മനസ്സിലാക്കാനാവില്ല.

കാരണം, അദ്ദേഹം ചിന്തിച്ചതും, ഗവേഷണം നടത്തിയതും, പ്രബന്ധങ്ങളെഴുതിയതും; പ്രപഞ്ചോത്പത്തിയെക്കുറിച്ചും, ക്വാണ്ടം ബലത്തെപ്പറ്റിയും, കണികകളുടെ പ്രവേഗത്തെപ്പറ്റിയുമൊക്കെയാണ്. എന്നാൽ, ശാസ്ത്രജ്ഞർക്കിടയിൽപ്പോലും അർഹിക്കുന്ന വിധത്തിൽ അംഗീകരിക്കപ്പെടാതെ പോവുക എന്നത് അദ്ദേഹത്തിന്റെ തലവിധിയായിരുന്നു. അദ്ദേഹം കണ്ടെത്തി, പ്രബന്ധങ്ങളിൽ അവതരിപ്പിച്ച പലതിന്റെയും പിതൃത്വം സ്വന്തമാക്കി അതിന്റെ ബലത്തിൽ നോബൽ പുരസ്കാരങ്ങൾ വരെ പല പാശ്ചാത്യശാസ്ത്രജ്ഞരും നേടിയെടുത്തു. 
താൻ നേരിട്ടുള്ള അവഗണനകളെപ്പറ്റി പരാമർശിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇഷ്ട രൂപകം തറവാട്ടുവളപ്പിലെ  കപ്പൽ മാവായിരുന്നു.  നല്ല ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന  ആ മാവിന്റെ കവരങ്ങളിൽ പുസ്തകങ്ങളുമായി കേറിയിരുന്നായിരുന്നു ബാല്യകൗമാരങ്ങളിലെ സുദർശന്റെ പുസ്തകം വായന. താഴെ നടക്കുന്ന ബഹളങ്ങളിൽ നിന്നൊക്കെ വിമുക്തമാക്കപ്പെട്ട്, ആകാശവുമായി സമരസപ്പെടുന്ന ഒരു ഫീൽ താൻ അനുഭവിച്ചിട്ടുണ്ട് അങ്ങ് മുകളിലെ ശിഖരങ്ങളിൽ ചെന്നിരിക്കുമ്പോൾ എന്ന് അദ്ദേഹം പറയാറുണ്ട്. ആ മാവിൻകൊമ്പുകളിൽ അങ്ങനെ മുഴുകിയിരുനുള്ള മണിക്കൂറുകൾ നീണ്ട വായന. അങ്ങനെ ഇരിക്കുമ്പോൾ താഴെനിന്നും അമ്മയുടെ വിളിവരും.. " ഇങ്ങനെ ഇരുന്ന് പുസ്തകം തിന്നാൽ മാത്രം മതിയോ..? ഇറങ്ങിവന്ന്  ഊണുകഴിക്കാൻ നോക്ക് ചെറുക്കാ.. " 

അന്ന്, ആ മാവിന്റെ ഉയരത്തിലുള്ള കൊമ്പുകളിൽ കേറിച്ചെന്നു അവിടെ കായ്ച്ചുനിൽക്കുന്ന മാങ്കനികൾ  പൊട്ടിച്ചു തിന്നുമായിരുന്നു സുദർശൻ. ഏറെ ഉയരത്തിൽ ചില്ലകളുടെ മറവിലായതിനാൽ സ്ഥിരമായി തിന്നുന്നത് സുദർശനാണ് എന്ന് ആരും അറിഞ്ഞെന്നു വരില്ല. ചിലപ്പോൾ അക്കൂട്ടത്തിൽ ചില കനികൾ പഴുത്ത് താഴെ വീഴും. അപ്പോൾ അതുവഴി പോവുന്ന കച്ചവടക്കാർ കണ്ണുതെറ്റിയാൽ അതെടുത്തോണ്ടു പോയി അങ്ങാടിയിൽ വിറ്റുകളയും. തന്റെ ഗവേഷണങ്ങൾക്ക്  മറ്റുള്ളവർ ക്രെഡിറ്റ് മോഷ്ടിച്ചെടുത്ത് ശാസ്ത്രലോകത്ത് അവതരിപ്പിച്ച് നോബൽ സമ്മാനം നേടിയതിനെപ്പറ്റിയും സുദർശന് ഏറിവന്നാൽ ഈ ഒരു രൂപകം മാത്രമേ പരിഭവരൂപേണ പോലും അവതരിപ്പിക്കാനുള്ളു. ഒൻപതു വട്ടം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിനു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തനിയ്ക്ക് അതു ലഭിക്കാതെ പോയത്, ശാസ്ത്രലോകത്തിലെ തല്പരകക്ഷികളുടെ ഇടപെടൽ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. തന്റെ കണ്ടെത്തലുകൾ സ്വന്തം പേരിലാക്കി സമ്മാനം വാങ്ങുകയും കേട്ടു പകർത്തി സ്വന്തമാക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ഈഗോൺ ക്രൗസ്, നൊബേൽ ജേതാവ് മറെ ഗെൽമാൻ എന്നിവരെ സുദർശൻ എടുത്തു പറയുന്നു.

ബാല്യകാലത്ത് സുദർശന്  ആഹാരത്തെക്കാൾ പ്രിയം മാവിൻ കൊമ്പത്തും അല്ലാതെയുമുള്ള  ഗഹനമായ വായനയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ സ്‌കൂൾ ടീച്ചറായിരുന്നു. മൂന്നുമക്കളിൽ രണ്ടാമനായിരുന്നു സുദർശൻ. സുദർശനും അനുജനും തമ്മിൽ അഞ്ചുവർഷത്തെ വ്യത്യാസമുണ്ട്. മൂന്നാമത്തെ മകനെ ഗർഭം ധരിച്ച്, പ്രസവത്തിന്റെ തൊട്ടു മുമ്പുള്ള പ്രസവാവധിയിൽ വീട്ടിൽ പേറും കാത്ത് കഴിഞ്ഞുപോന്ന കാലത്ത് ആ അമ്മയുടെ സ്ഥിരം ഇര സുദർശനായിരുന്നു. അന്നൊക്കെ അമ്മ സുദർശനെ ഇരുത്തി അക്ഷരം പഠിപ്പിക്കും. വേറെ ആളുമില്ല, അമ്മയ്‌ക്കൊട്ടു വേറെ പണിയുമില്ല അന്നൊന്നും. അങ്ങനെ വളരെ ചുരുങ്ങിയകാലം കൊണ്ടുതന്നെ സുദർശൻ എഴുത്തും വായനയും പഠിച്ചു. മറ്റു കുട്ടികളെക്കാൾ മുമ്പുതന്നെ. 

ശരീരത്തിന്റെ പ്രകൃതം വെച്ച് നോക്കുമ്പോൾ അല്പം വലിയ തലയായിരുന്നു സുദര്‍ശന്‍റേത്.  "അന്നൊക്കെ ആ ടീച്ചറമ്മയെ മറ്റുള്ള സാറന്മാർ കളിയാക്കിക്കൊണ്ട് ഇങ്ങനെ പറയുമായിരുന്നു, "ടീച്ചറിങ്ങനെ ഈ കൊച്ചിന്റെ  തലയ്ക്കകത്ത് എല്ലാം കൂടെ ഒന്നിച്ചു കുത്തി നിറച്ചാൽ കുട്ടിക്ക് ആ ഭീമൻ തലയും താങ്ങി നടക്കാൻ പറ്റില്ല കേട്ടോ..." 

സുദര്‍ശന്റെ അപ്പൻ  ഇ ഐ ചാണ്ടി ആളൊരു റവന്യൂ ഇൻസ്പെക്ടറായിരുനെങ്കിലും, താത്പര്യം പുരാവസ്തു ശേഖരണവും ആർക്കിയോളജിയും മറ്റുമായിരുന്നു. അദ്ദേഹത്തിന് ഒരു മുത്തശ്ശൻ ക്ളോക്ക് ( Grand Father Clock) ഉണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ ആ അത്ഭുതയന്ത്രം തുറന്നു അതിനെ വൈൻഡ് ചെയ്യണമായിരുന്നു. ആ പണിചെയ്യാൻനേരം ശാസ്ത്രകുതുകിയായ മകൻ സുദർശനെയും കൂട്ടും ചാണ്ടി. ആ ചക്രങ്ങൾ   കാണിച്ച് പ്രവർത്തനങ്ങൾ തനിക്കറിയുമ്പോലൊക്കെ മോനും പറഞ്ഞു കൊടുക്കുമായിരുന്നു.  ഇടതു വശത്തു കാണുന്ന  ചക്രങ്ങൾ മണിയടിക്കാൻ. പെട്ടിക്കുള്ളിൽ ബാക്കിയുള്ള  ചക്രങ്ങളത്രയും സമയത്തിനുവേണ്ടിയുള്ളത്. അത് സുദർശനെ വല്ലാതെ ആകർഷിച്ചു. സംഭവം വളരെ  'ഡയനാമിക്' ആയ ഒന്നായി സുദർശന് അനുഭവപ്പെട്ടു.  അപ്പൂപ്പൻ ക്ളോക്കുമായി ചെലവിട്ട ബാല്യകാല ദിനങ്ങളാണ് സുദർശനിൽ ശാസ്ത്ര കൗതുകം ജനിപ്പിക്കുന്നത്. 

കവിയെപ്പോലെയാണ് ശാസ്ത്രജ്ഞനും എന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.  രണ്ടുപേരും സദാ  ചിന്തയിൽ മുഴുകി സ്വപ്‌നാടകരെപ്പോലെ നടക്കുന്നവരാണ് . ഒരു സുപ്രഭാതത്തിൽ  ഒരു വെളിപാടെന്ന പോലെ രണ്ടു പേർക്കും മുന്നിൽ പ്രപഞ്ചരഹസ്യങ്ങൾ തെളിഞ്ഞുവരുന്നു. കവിയ്ക്ക് കവിതയായി, ശാസ്ത്രജ്ഞന് തന്റെ കണ്ടുപിടുത്തമായി..
 
സുദർശന്റെ ധിഷണ എപ്പോഴും തൻ പഠിച്ചിരുന്ന ക്ളാസ്സിനേക്കാൾ രണ്ടോ മൂന്നോ ക്‌ളാസ് മുകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ജ്യേഷ്ഠസഹോദരന്റെ ഭൗതികശാസ്‌ത്ര-ഗണിത പുസ്തകങ്ങൾ അദ്ദേഹം ആർത്തിയോടെ വായിച്ചു തീർക്കുമായിരുന്നു. ഒരിക്കൽ തന്റെ ചേട്ടന്റെ ഏതോ ഒരു ടെക്സ്റ്റ് പുസ്തകത്തിൽ സുദർശൻ ഇങ്ങനെ ഒരു വാക്യം കാണുന്നു. "സിംപിൾ പെന്‍ഡുലത്തിന്റെ ദൈർഘ്യം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യത്തിന്റെ ഡെറിവേഷൻ ഈ പാഠപുസ്തകത്തിന്റെ സ്കോപ്പിന് പുറത്താണ്.." ആ വാചകം വായിച്ച നിമിഷം മുതൽ കുഞ്ഞു സുദർശൻ ആ സൂത്രവാക്യത്തിന്റെ ഡെറിവേഷൻ 'സ്കോപ്പിനകത്തുള്ള'  ആ പാഠപുസ്തകവും തിരഞ്ഞ് ഏറെ നടന്നു. ആ നടത്തിനിടെയാണ് അദ്ദേഹത്തിന്റെ ഹൃദയത്തിൽ ശാസ്ത്രത്തോടുള്ള പ്രണയവും കേറിപ്പറ്റുന്നത്. 

1951 -ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബിരുദം. പിന്നെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ ഹോമി ജെ ഭാഭായുടെ റിസർച്ച് അസിസ്റ്റന്റ് ആയി നിയമനം. അതിനു ശേഷം 1958 -ൽ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്ററിൽ നിന്നും പ്രൊഫസർ മാർഷക്കിന്റെ കീഴിൽ ഗവേഷണബിരുദം. തുടർന്ന് ഹാർവാർഡ് സർവകലാശാലയിൽ ഊർജ്ജതന്ത്രത്തിലെ അടിസ്ഥാന ബലങ്ങളിൽ ഒന്നായ ക്ഷീണബലങ്ങളുടെ വെക്ടർ ആക്‌സിയൽ പ്രതിപ്രവർത്തനങ്ങളെപ്പറ്റി നടത്തിയ പോസ്റ്റ് ഡോക്ടറൽ ഗവേഷണങ്ങൾക്കിടയിൽ അദ്ദേഹം കണ്ടെത്തിയ പുതിയ തിയറികൾ. പ്രകാശത്തിന്റെ ക്വാണ്ടം  പ്രതിനിധാനത്തെപ്പറ്റി അദ്ദേഹം നടത്തിയ ഗവേഷണങ്ങളും, തുടർന്നുണ്ടായ സുദർശൻ ഗ്ലോബർ പ്രതിനിധാനം. ആ പ്രവർത്തനങ്ങളുടെ പേരിൽ ഗ്ലോബറിന് നോബൽ സമ്മാനം കിട്ടിയപ്പോൾ സുദർശൻ തഴയപ്പെട്ടു.  

പ്രകാശത്തേക്കാൾ കൂടിയ പ്രവേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള 'ടാക്കിയോൺ' എന്നൊരു സാങ്കല്പിക കണികയെപ്പറ്റി  അദ്ദേഹം തന്റെ പ്രബന്ധങ്ങളിൽ പരാമർശിച്ചു.  ഒരു സിസ്റ്റത്തെ നമ്മൾ എത്ര കൂടിയ ആവൃത്തിയിൽ അളക്കുന്നുവോ അത്രയും കുറച്ചു മാത്രം ആ സിസ്റ്റം മാറ്റത്തിന് വിധേയമാകും എന്ന് പ്രസ്താവിക്കുന്ന ക്വാണ്ടം സീനോ എഫക്ട് എന്ന പാരഡോക്‌സും അദ്ദേഹത്തിന്റെ സംഭാവനയാണ്. ജനിച്ചു വീണത് ഒരു വ്യവസ്ഥാപിത സുറിയാനി ക്രിസ്ത്യാനി കുടുംബത്തിൽ ആയിരുന്നെങ്കിലും വേദാന്തത്തിലും അഗാധമായ ജ്ഞാനം സിദ്ധിച്ചിരുന്ന ഒരാളായിരുന്നു സുദർശൻ. വേദാന്തത്തിൽ നിരവധി പ്രഭാഷണങ്ങളും അദ്ദേഹം നടത്തുകയുണ്ടായിട്ടുണ്ട്. 

തിയററ്റിക്കൽ ഫിസിക്സിലെ ആറ്‌ പ്രശസ്തമായ പാഠപുസ്തകങ്ങൾ സുദർശന്റെതാണ്. അവ അമേരിക്കയിലെ സർവകലാശാലകളിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും മറ്റും ഇന്നും പഠിപ്പിച്ചുപോരുന്നു. നാൽപതു വർഷത്തോളം ടെക്സസ് സർവകലാശാലയിലെ ഊർജ്ജതന്ത്രം പ്രൊഫസറായിരുന്നു അദ്ദേഹം. പത്മഭൂഷണ്‍ (1976), പത്മവിഭൂഷൺ (2007) എന്നിവ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 

ശാസ്ത്രത്തിലെ അതുല്യപ്രതിഭകളെപ്പറ്റി പ്രശസ്തനായ ഭൗതിക ശാസ്തജ്ഞനായ ബേയ്ഥെ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്, "രണ്ടു തരത്തിലുള്ള പ്രതിഭകളുണ്ട് ഈ ലോകത്ത്, സാധാരണക്കാരായ ജീനിയസ്സുകളുടെ പ്രവൃത്തികൾ നിങ്ങളെ അതിശയിപ്പിക്കും, പക്ഷേ, അവ ഇപ്പോഴും നിങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.. ഒന്ന് ആഞ്ഞു പിടിച്ചാൽ, കഠിനമായി അദ്ധ്വാനിച്ചാൽ ചിലപ്പോൾ  നിങ്ങൾക്കും അതുപോലൊക്കെ ചെയ്യാൻ സാധിക്കുമെന്നൊരു തോന്നൽ അവർ നമ്മളിലുണ്ടാക്കും.. എന്നാൽ  രണ്ടാമത്തെ കൂട്ടർ ഇന്ദ്രജാലക്കാരാണ്. ഇന്ദ്രജാലക്കാരാണ്. അവർ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് അത്ഭുതപ്പെട്ടു നിൽക്കാൻ മാത്രമേ നമുക്കാവുകയുള്ളൂ.. "  

ബേയ്ഥെ രണ്ടാമത് പറഞ്ഞ കൂട്ടത്തിൽ പെട്ട ഒരു ഇന്ദ്രജാലക്കാരനായിരുന്നു, ഡോ. ഇസിജി സുദർശൻ എന്ന മഹാനായ ഭൗതിക ശാസ്ത്രജ്ഞൻ.
 

click me!