അന്ന് കോടിയേരി പറഞ്ഞു, 'അവസാനം ബിജെപിക്ക് മനസ്സിലാകും, ആകാശത്തല്ല, നിലത്താണ് വോട്ട്!'

By K V MadhuFirst Published Oct 2, 2022, 1:30 PM IST
Highlights

കോടിയേരി ഫലിതങ്ങളെക്കുറിച്ച്എഴുതിയ 'ചിരിയുടെ കൊടിയേറ്റം' എന്ന പുസ്തകത്തില്‍ കെ വി മധു  എഴുതിയ കുറിപ്പ് 

കോടിയേരിയുടെ ഒരു പ്രസംഗത്തില്‍ തന്നെ നിരവധി വിഭവങ്ങളാണ് ഉണ്ടാകുക. പ്രസംഗങ്ങളിലും സമരമുഖത്തും നിയമസഭയിലും അടക്കം തുടര്‍ച്ചയായി നടത്തിയ ഇത്തരം ഹാസ്യരസപ്രധാനമായ പരാമര്‍ശങ്ങള്‍ കേട്ടുവന്നപ്പോള്‍ അന്നേ തോന്നിയ ഒരു കൗതുകമാണ് എന്തുകൊണ്ട് ഇത് ശേഖരിച്ചുവച്ചുകൂടാ എന്ന്. സാധാരണ രാഷ്ട്രീയ പ്രസംഗകരിലെ നര്‍മത്തില്‍ നിന്ന് വ്യത്യസ്തമായി ചിരിക്കൊപ്പം ഒരു ലോക തത്വം കൂടി കോടിയേരിയുടെ പ്രസംഗങ്ങളില്‍ അടങ്ങിയിരിക്കും.

 

ചിരി ഒരു വിപ്ലവമാണ്. ലോകത്തെയാകെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള വിപ്ലവം. ഏത് സന്ദിഗ്ധഘട്ടത്തെയും ചിരികൊണ്ട് അതിജീവിക്കാന്‍ കഴിയും. ഏത് പ്രതിസന്ധിയിലും ചിരികൊണ്ട് പോരാട്ടവീര്യം ഉയര്‍ത്താന്‍ കഴിയും. അതുകൊണ്ടാണ്, ചിരിക്കാന്‍ അറിയുന്നവര്‍ക്ക് ജയിക്കാനും കഴിയും എന്ന് പറയുന്നത്. അതുപോലെ ചിരിപ്പിക്കാന്‍ അറിയുന്നവര്‍ക്ക് നായകനാകാന്‍ കഴിയും എന്നും പറയാം. സമൂഹത്തെ ഉദ്ദീപിപ്പിക്കുന്ന ആശയങ്ങള്‍ ഫലിത രസപ്രദാനമായി പ്രസംഗത്തിലൂടെ അവതരിപ്പിക്കുന്നയാളുകള്‍ പലപ്പോഴും ഈ മട്ടില്‍ നമ്മുടെ മനസ്സില്‍ കയറിക്കൂടുകയും ചെയ്യും. കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങളെ ആകര്‍ഷകമാക്കുന്നത് അവയിലെ ചിരിയാണ്. ഏത് ഗൗരവമുള്ള കാര്യത്തെയും ചിരിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ശക്തി തികച്ചും വ്യത്യസ്തവുമാണ്.

മലയാളം ദൃശ്യമാധ്യമങ്ങളിലെ ആദ്യത്തെ പ്രതിദിന ആക്ഷേപഹാസ്യപരിപാടിയായ 'ഡെമോക്രെയ്സി'യ്ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ക്കിടെയാണ് ഒന്നും രണ്ടുമല്ല, കോടിയേരിയുടെ ഫലിതങ്ങള്‍ എന്ന ഞാന്‍ തിരിച്ചറിയുന്നത്. ചില വിഷയങ്ങള്‍ എങ്ങനെ അവതരിപ്പിക്കും എന്ന് ആലോചിച്ച് കേള്‍വിക്കാര്‍ ആശങ്കപ്പെടുന്ന ഘട്ടത്തില്‍ കോടിയേരി അത് വളരെ മാന്യമായി ചിരി കലര്‍ത്തി അവതരിപ്പിക്കുന്നത് കണ്ട് അതിശയിച്ചുപോകും. ഉദാഹരണത്തിന് ഒരുസമരത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം പോലീസ് തകര്‍ത്ത സംഭവം. ഇതിനെതിരായ പ്രസംഗത്തില്‍ എങ്ങനെ ഇക്കാര്യം വിശദമായി പരാമര്‍ശിക്കും എന്നത് വലിയ ചോദ്യമായിരുന്നു. എന്നാല്‍ ഏതൊരു പാര്‍ട്ടിക്കാരനെയും ആവേശം കൊളളിക്കുന്ന വിധത്തിലും ഏത് പാര്‍ട്ടിയില്‍ പെട്ട ആളെയും ചിരിപ്പിക്കുന്ന വിധത്തിലും കോടിയേരി അതിനെ സമര്‍ത്ഥമായി അവതരിപ്പിച്ചുകളഞ്ഞു. ആ പ്രസംഗത്തില്‍ തമാശയുണ്ട്, കാര്യമുണ്ട്, ചിന്തിക്കാന്‍ വകുപ്പുണ്ട്, സമരബോധത്തിനുള്ള തീപ്പൊരിയും ഉണ്ട്. 

കോടിയേരിയുടെ ഒരു പ്രസംഗത്തില്‍ തന്നെ നിരവധി വിഭവങ്ങളാണ് ഉണ്ടാകുക. പ്രസംഗങ്ങളിലും സമരമുഖത്തും നിയമസഭയിലും അടക്കം തുടര്‍ച്ചയായി നടത്തിയ ഇത്തരം ഹാസ്യരസപ്രധാനമായ പരാമര്‍ശങ്ങള്‍ കേട്ടുവന്നപ്പോള്‍ അന്നേ തോന്നിയ ഒരു കൗതുകമാണ് എന്തുകൊണ്ട് ഇത് ശേഖരിച്ചുവച്ചുകൂടാ എന്ന്. സാധാരണ രാഷ്ട്രീയ പ്രസംഗകരിലെ നര്‍മത്തില്‍ നിന്ന് വ്യത്യസ്തമായി ചിരിക്കൊപ്പം ഒരു ലോക തത്വം കൂടി കോടിയേരിയുടെ പ്രസംഗങ്ങളില്‍ അടങ്ങിയിരിക്കും. അതിന് ഉത്തമ ഉദാഹരണമാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപി നേതാക്കള്‍ക്ക് പ്രചാരണത്തിന് പോകാന്‍ ഹെലികോപ്റ്ററുകള്‍ അനുവദിച്ചതിനെ കുറിച്ച് നടത്തിയ പ്രസംഗം. ഫലിതരസപ്രധാനമായ കഥ പറഞ്ഞതിന് ശേഷം അദ്ദേഹം പറയുന്നു. 'അവസാനം ബിജെപിക്ക് മനസ്സിലാകും, ആകാശത്തല്ല, നിലത്താണ് വോട്ട് എന്ന്'. 

പ്രസംഗം കേള്‍ക്കുമ്പോഴുള്ള ചിരിക്കപ്പുറത്ത് തുടര്‍ചിന്തകള്‍ കൂടി ഈ ഫലിതങ്ങള്‍ അവശേഷിപ്പിക്കും. ഫലത്തില്‍ ഒരു ആക്ഷേപഹാസ്യസാഹിത്യം പൂര്‍ണമായി ഉള്‍ക്കൊണ്ട് വായിക്കുന്ന തരത്തിലുള്ള ആസ്വാദ്യതയാണ് ലഭിക്കുക. ഈ സാഹചര്യത്തിലാണ് ഒരു ടെലിവിഷന്‍ പരിപാടിയുടെ എപ്പിസോഡില്‍ മാത്രം കണ്ടുതീരേണ്ട ഒന്നല്ല അത്തരം ഫലിതങ്ങള്‍ എന്ന തോന്നിയത്. അങ്ങനെയാണ് ദീര്‍ഘമായ പ്രസംഗങ്ങളില്‍ നിന്ന് ഗുളിക രൂപത്തിലുള്ള ഫലിതങ്ങള്‍ കൂട്ടിവച്ചത്. ഒരു പക്ഷേ ടെലിവിഷനുകളിലൂടെ ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്ക കൂടി വേണ്ടി ഒരു ശേഖരണം ഗുണകരമാകുമെന്ന് തോന്നി. ആഭ്യന്തരമന്ത്രിയായ അവസാനഭരണനാളുകള്‍ മുതല്‍ പ്രതിപക്ഷ ഉപനേതാവിന്റെ പദവി ഒഴിയുന്നതുവരെയുള്ള കാലത്തെ പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും എടുത്തുപയോഗിച്ച ഫലിതഗുളികകളാണ് ഈ സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ളത്. 

പ്രതിദിന ആക്ഷേപഹാസ്യപരിപാടിയെന്ന നിലയില്‍ ഡെമോക്രെയ്സിയില്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഓരോ ദിവസവും നടത്തുന്ന ശ്രമങ്ങള്‍ക്കിടയിലാണ് ഏറെ ആസ്വാദ്യകരമായ ഈ പ്രസംഗഭാഗങ്ങള്‍ മിക്കവയും ലഭിച്ചിട്ടുള്ളത്. ഈ പരിപാടിയുടെ നിര്‍മാതാവായി റിപ്പോര്‍ട്ടര്‍ ടിവിയില്‍ എത്തിയതുകൊണ്ട് കൂടിയാണ് 'ചിരിയുടെ കൊടിയേറ്റം' എന്ന ഈ പുസ്തകം സാധ്യമായത്. പലയിടങ്ങളില്‍ പലനേരത്തും കാലത്തും നടത്തിയ പ്രസംഗഭാഗങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയ  കോടിയേരി ബാലകൃഷ്ണന് നന്ദി അറിയിക്കുന്നു. 

click me!