ആട് വളര്‍ത്താന്‍ താല്‍പര്യമുണ്ടോ? ലാഭകരമാണോ? രാജീവിന് ചില ടിപ്‍സുണ്ട്, പറഞ്ഞുതരും...

By Nitha S VFirst Published Jan 16, 2020, 11:18 AM IST
Highlights

നമ്മുടെ നാട്ടില്‍ വളരുന്ന ആടുകള്‍ക്ക് പ്രതിരോധശേഷി കൂടുതലാണ്. മഴയായാലും മഞ്ഞായാലും അവയ്ക്ക് പ്രശ്‌നമില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ആടുകളെ അധികം തണുപ്പേല്‍ക്കാതെ ശ്രദ്ധിക്കണം. അസുഖങ്ങളെ കണ്ടറിഞ്ഞ് ചികിത്സിക്കണം.

ആടുകളോടുള്ള അടങ്ങാത്ത സ്‌നേഹം കാരണം 'അജസ്‌നേഹ വീട്' എന്ന് സ്വന്തം വീട്ടിലെ ആട് വളര്‍ത്തുന്ന ഫാമിന് പേരിട്ടിരിക്കുകയാണ് കായംകുളം സ്വദേശിയായ പുത്തന്‍കണ്ടത്തില്‍ രാജീവ്. ഈ സ്‌നേഹവീട്ടിലെ കേമന്‍ പഞ്ചാബി ബീറ്റല്‍ തന്നെ. 44 ഇഞ്ച് പൊക്കവും 120 കിലോ തൂക്കവും ബീറ്റലിനുണ്ട്.

രാജീവ് റെഡ് ബീറ്റലിനൊപ്പം

'ആട് വളര്‍ത്താന്‍ തുടങ്ങിയിട്ട് ഒന്‍പത് വര്‍ഷമാകുന്നു. കൃഷിയോട് ആദ്യമേ താല്‍പര്യമുണ്ടായിരുന്നു. എല്ലാ ഇനം ആടുകളും അജസ്‌നേഹ വീട്ടില്‍ ഉണ്ടായിരുന്നു. ബാര്‍ബറി, സോജത്, ബീറ്റല്‍, ജമ്‌നാപ്യാരി, മലബാറി, സിരോഹി എന്നീ ആടുകളെ  വളര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ബീറ്റല്‍ എന്ന ഒരു ഇനം മാത്രം നിലനിര്‍ത്തി മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.' രാജീവ് പറയുന്നു.

'ബീറ്റല്‍ ആടുകളെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. മനുഷ്യരോട് പെട്ടെന്ന് ഇണങ്ങുന്ന ഇനമാണിത്. പഞ്ചാബി ബീറ്റല്‍ അംഗീകരിക്കപ്പെട്ട ബ്രീഡാണ്. നമ്മുടെ നാട്ടിലെ സാധാരണ ആടുകളേക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലാണ്. തീറ്റയില്‍ സാധാരണ ആടുകളില്‍ നിന്നും വ്യത്യാസമൊന്നുമില്ല. നാടന്‍ ഭക്ഷണം കൊടുത്ത് ഇവയെ ശീലിപ്പിച്ചാല്‍ മാത്രം മതി.' രാജീവ് ആടുകളെ വളര്‍ത്തിയുള്ള അനുഭവ സമ്പത്ത് പങ്കുവെക്കുന്നു.

ബീറ്റല്‍ പല നിറങ്ങളിലുമുണ്ടെങ്കിലും കേരളത്തില്‍ കറുത്ത ബീറ്റലിനാണ് ഡിമാന്റ് കൂടുതല്‍.

വില്‍പ്പനയ്ക്കായി വളര്‍ത്തുന്നവ

ബീറ്റല്‍ ആടുകളെ ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ വില്‍പ്പന ചെയ്യുന്നുണ്ട്. ആട്ടിന്‍കാഷ്ടം വളമായി വില്‍പ്പന നടത്തുന്നു. ആട്ടിന്‍പാലും വില്‍പ്പന നടത്തുന്നു.

ബീറ്റല്‍ നാല് മാസം പ്രായമാകുമ്പോള്‍ തൂക്കിനോക്കിയാണ് വിപണനം നടത്തുന്നത്. 500 രൂപ അല്ലെങ്കില്‍ 550 രൂപ നിരക്കിലാണ് വിപണനം നടത്തുന്നത്.

സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം പഞ്ചാബില്‍ പോയി ഏകദേശം എഴുപതോളം ആടുകളെ കൊണ്ടുവന്ന് അവര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഏകദേശം പത്ത് വര്‍ഷത്തോളമായി കോഴി വളര്‍ത്തലും ഉണ്ട്. ആദ്യം സങ്കരയിനം കോഴികളായിരുന്നു വളര്‍ത്തിയത്. രോഗപ്രതിരോധ ശേഷി കൂടുതലുള്ളത് നാടന്‍ കോഴികള്‍ക്കായതുകൊണ്ട് തനതായ ഇനമാണ് വളര്‍ത്തുന്നത്.

 

അന്യംനിന്നുപോകുന്ന തനിനാടന്‍ കോഴികളെ വര്‍ഗശുദ്ധി നിലനിര്‍ത്തിക്കൊണ്ടു സംരക്ഷിക്കുന്നു. എല്ലാ കര്‍ഷകരിലേക്കും എത്തിക്കാന്‍ ശ്രമിക്കുന്നു. മുട്ട വീട്ടാവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള മുട്ടകള്‍ വിരിയിച്ച് കുഞ്ഞുങ്ങളെ നല്‍കും. കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ക്ക്  ഓര്‍ഡര്‍ അനുസരിച്ച് വില്‍പ്പന നടത്താറുണ്ട്.

ആടുവളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്കായി ചില ടിപ്‌സ്

ഇത്തരം ജനുസുകളെ കേരളത്തില്‍ കൊണ്ടുവന്ന് വളര്‍ത്തുമ്പോള്‍ തുടക്കം മുതല്‍ ശ്രദ്ധ വേണമെന്ന്‌  രാജീവ് പറയുന്നു. 'കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമ്പോള്‍ പനി, മൂക്കൊലിപ്പ് എന്നിവയുണ്ടാകും. കുത്തിവെപ്പുകള്‍ തുടരണം. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ആടുകള്‍ അന്യസംസ്ഥാനങ്ങളില്‍ എന്താണോ കഴിച്ചത് അതുതന്നെ തുടക്കത്തില്‍ നല്‍കുന്നതാണ് നല്ലത്. പിന്നീട് നമ്മുടെ ഭക്ഷണം അല്‍പാല്‍പ്പം ചേര്‍ത്ത് ഭക്ഷണരീതി മാറ്റിയെടുക്കാം. തുടക്കക്കാര്‍ക്ക് പറ്റിയ ആടുകളല്ല ഇവയൊന്നും. പരിപാലന രീതികള്‍ അറിഞ്ഞ ശേഷമേ വിദേശയിനങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കാവൂ' രാജീവ് ഓര്‍മിപ്പിക്കുന്നു.

നമ്മുടെ നാട്ടില്‍ വളരുന്ന ആടുകള്‍ക്ക് പ്രതിരോധശേഷി കൂടുതലാണ്. മഴയായാലും മഞ്ഞായാലും അവയ്ക്ക് പ്രശ്‌നമില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ആടുകളെ അധികം തണുപ്പേല്‍ക്കാതെ ശ്രദ്ധിക്കണം. അസുഖങ്ങളെ കണ്ടറിഞ്ഞ് ചികിത്സിക്കണം.

പഞ്ചാബി ബീറ്റലിന്റെ പ്രത്യേകത

പഞ്ചാബിലാണ് ഇവയുടെ ജന്മദേശം. സാധാരണയായി മൂന്ന് നിറങ്ങളില്‍ കാണപ്പെടുന്നു. കറുപ്പ്, തവിട്ട്, വെള്ള എന്നിവയാണ് അവ.

കാഴ്ചയില്‍ വളരെ പ്രത്യേകതകളുണ്ട്. ചെവി നീളത്തില്‍ തൂങ്ങിക്കിടക്കും. കൊമ്പ് പുറകിലേക്കും മുകളിലേക്കും വളരും. വാലിന് നീളം കുറവാണ്. മുട്ടനാടിന് താടിരോമങ്ങളുണ്ടാകും.

 

ബീറ്റലിനെ വളര്‍ത്തിയാല്‍ ഒന്നര വയസിനുള്ളില്‍ ആദ്യത്തെ പ്രസവം നടക്കും. ഒരു പ്രസവത്തില്‍ തന്നെ നാല് കുഞ്ഞുങ്ങള്‍ വരെയുണ്ടാകും. 

മാംസത്തിന് നല്ല സ്വാദുണ്ടാകും. പാലിന്റെ അളവിലും വ്യത്യാസമുണ്ട്. കൂടുതല്‍ പാല്‍ ലഭിക്കും. പ്രത്യുല്പാദന ശേഷിയും ഇവയ്ക്ക് കൂടുതലാണ്.

ചൂടും തണുപ്പുമുള്ള കാലാവസ്ഥയില്‍ ഇണങ്ങി ജീവിക്കും. കേരളത്തില്‍ ഒരു പ്രശ്‌നവുമില്ലാതെ വളരും. ഒരു ദിവസം രണ്ടര ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്ന ഇനമാണ് ബീറ്റല്‍.

ജമ്‌നാ പ്യാരിയുടെ പ്രത്യേകതകള്‍

'വ്യാവസായികമായി വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജമ്‍നാപ്യാരി അത്ര ഗുണകരമല്ല. ഒരു പ്രസവത്തില്‍ നിന്ന് സാധാരണയായി ഒരു കുഞ്ഞിനെ മാത്രമേ കിട്ടാറുള്ളു. ഇത് പെണ്ണാടുകള്‍ക്ക് മാത്രമാണ് പ്രശ്‌നം. ആണ്‍ ജനുസ് മലബാറി ആടുകളുമായി ക്രോസ് ബ്രീഡിങ്ങ് നടത്തി നല്ല ശാരീരിക ക്ഷമതയുള്ള കുട്ടികളുണ്ടാക്കാന്‍ കഴിയും'. രാജീവ് പറയുന്നു.

 

ഉത്തര്‍പ്രദേശാണ് ജമ്‌നാ പ്യാരിയുടെ ജന്മദേശം. നന്നായി വലിപ്പമുണ്ടാകുന്ന ഇനമാണിത്. വെള്ളനിറത്തിലാണ് ഈ ഇനങ്ങള്‍ പൊതുവേ കണ്ടുവരുന്നത്. മുന്നോട്ട് തുറന്ന നീളമുള്ള ചെവികളാണ് ഇവയ്ക്ക്. പെണ്ണാടിന് 60 കിലോ മുതല്‍ 70 കിലോ വരെ തൂക്കമുണ്ടാകും. പരമാവധി 4 ലിറ്റര്‍ വരെ പാല്‍ ലഭിക്കും.

ബാര്‍ബാറി ആടുകള്‍

 

ചെറിയ മുഖമാണ് ബാര്‍ബാറി ആടുകള്‍ക്ക്. ചെവികള്‍ക്ക് നീളം കുറവാണ്. കാലുകള്‍ക്ക് നീളം കുറവാണ്. ഉയരം കുറവാണെന്ന് തന്നെ പറയാം.

സിരോഹി ആടുകള്‍

 

രാജസ്ഥാനിലാണ് സിരോഹി ആടുകളുടെ ജന്മദേശം. സിരോഹിയുടെ മുട്ടനാടുകള്‍ക്ക് ഏകദേശം 100 കിലോ മുതല്‍ 120 കിലോ വരെ തൂക്കമുണ്ടാകും. അതുപോലെ പെണ്ണാടുകള്‍ക്ക് ഏകദേശം 50 കിലോ തൂക്കമുണ്ടാകും.

തവിട്ട് നിറത്തില്‍ പുള്ളികളുള്ള ഇനങ്ങളെ സാധാരണ കാണാം. പരന്നതും തൂങ്ങിനില്‍ക്കുന്നതുമായ ചെവികളാണ്. വളഞ്ഞതും ചെറിയതുമായ കൊമ്പുകളാണ്. 

മലബാറി ആടുകള്‍

'മലബാറി ആടുകളെ വളര്‍ത്തി പഠിക്കുന്നതാണ് നല്ലതെന്ന് ആടുവളര്‍ത്തലിലെ തുടക്കക്കാരോട് ഞാന്‍ പറയാറുണ്ട്.' രാജീവ് അനുഭവത്തില്‍ നിന്ന് സൂചിപ്പിക്കുന്നു.

പാലിനും മാംസത്തിനും ഉപയോഗിക്കാവുന്ന ഇനമായ 'മലബാറി ആടുകള്‍' തലശ്ശേരി' ആടുകള്‍ എന്നും അറിയപ്പെടുന്നു. കണ്ണൂര്‍, തലശ്ശേരി, വടകര എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇതിന്റെ ശരീരവും, ചെവിയും കണ്ണുകളും കൈകാലുകളും വളരെ മനോഹരമാണ്. പല നിറത്തിലുള്ള ആടുകളുണ്ട്.

ആടിന്റെ കൂട് തറയില്‍ നിന്ന് ആറടിയെങ്കിലും പൊക്കത്തിലായിരിക്കണം. തണുപ്പ് കാലങ്ങളിലും ആടുകള്‍ക്ക് ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ വരാതിരിക്കാന്‍ ഇത് സഹായിക്കും. വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവര്‍ (50-60 ആടുകള്‍ക്ക്) ഒരു ആടിന് ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം അനുവദിക്കണം. ദിവസം 2-3 ലിറ്റര്‍ പാല്‍ ലഭിക്കും. പ്രായപൂര്‍ത്തിയായ ആടില്‍ നിന്നും 30 കി.ഗ്രാം വരെ മാംസം ലഭിക്കും.

ആടുകളോട് ഏറെ സ്‌നേഹമുള്ള രാജീവ് കുറച്ച്കാലം മുമ്പ് മണിത്താറാവിനെയും വാത്തയെയും കൂടി വളര്‍ത്തിയിരുന്നു. ഇപ്പോള്‍ ബീറ്റലിന്റെ രണ്ട് ആണ്‍ ആടുകളും ഒരു പെണ്‍ ആടുമാണ് ഇവിടെയുള്ളത്. ഇതുകൂടാതെ 50 സെന്റില്‍ CO3 പുല്‍ക്കൃഷിയുമുണ്ട്.

Contact number: 99475 58045
 

click me!