ലാദനുശേഷം യുഎസിനെ വിറപ്പിച്ച ഭീകരന്‍; ജീവിതത്തിലും മരണത്തിലും നിഗൂഢത ഒളിപ്പിച്ച ഹംസ ബിന്‍ ലാദന്‍റെ കൊലയ്ക്ക് പിന്നിലാര്?

By Web TeamFirst Published Oct 1, 2019, 4:50 PM IST
Highlights

ലാദനോളം അല്ലെങ്കില്‍ അതിനേക്കാളേറെ ഭീകരത പടര്‍ത്താന്‍ കഴിവുള്ള, അമേരിക്കയെ ഭയപ്പെടുത്തിയ ലാദന്‍റെ പിന്‍ഗാമി ഹംസ ബിന്‍ ലാദന്‍റെ മരണം അവശേഷിപ്പിച്ചത് നിരവധി ചോദ്യങ്ങളാണ്. ലാദനോളം തന്നെ ഭയക്കാന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ഹംസ? ലാദന്‍ മരിച്ച് കഴിഞ്ഞ് എട്ടുവര്‍ഷത്തോളം അയാള്‍ എവിടെയായിരുന്നു?

ദില്ലി: ലോകത്തെ  ഒരു ഗണ്‍ പോയിന്‍റില്‍ നിര്‍ത്തി വിറപ്പിച്ച ഭീകരസംഘടനയുടെ തലവന്‍, കരുത്തരായ അമേരിക്കയുടെ പോലും പേടിസ്വപ്നമായിരുന്ന പേര്- ഒസാമത്ത് ബിൻ മുഹമ്മദ് ബിൻ ലാദൻ എന്ന ഒസാമ ബിന്‍ ലാദന്‍. അല്‍ ഖായിദ എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങളിലൂടെ ലോകരാഷ്ട്രങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ച ലാദന്‍ 2011 ല്‍ അമേരിക്ക പാകിസ്ഥാനില്‍ നടത്തിയ  സൈനിക നടപടിയിലാണ് കൊല്ലപ്പെടുന്നത്. മരണം വരെ ഭീകരപ്രവര്‍ത്തനങ്ങളിലും ജീവിതത്തിലും ലാദന്‍ എന്നാല്‍ നിഗൂഢതയായിരുന്നു. പുറംലോകം ഊഹാപോഹങ്ങളിലൂടെയും അങ്ങിങ്ങായി കേട്ട കഥകളിലൂടെയും മെനഞ്ഞെടുത്ത ജീവിതം.

ലാദന്‍റെ മരണവും അത്രത്തോളം തന്നെ  രഹസ്യമായിരുന്നു. ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലെ അബാട്ടാബാദില്‍ കൊല്ലപ്പെട്ട് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ആ പേര് വീണ്ടും ചര്‍ച്ചയായത് മകന്‍ ഹംസ ബിന്‍ ലാദന്‍റെ മരണത്തിലൂടെയാണ്. യുഎസ് ഭരണകൂടം ഏഴുകോടി രൂപ തലയ്ക്ക് വിലയിട്ട അല്‍ ഖായിദയുടെ നേതാവ്, 'ജിഹാദിന്‍റെ കിരീടാവകാശി'. ലാദനോളം അല്ലെങ്കില്‍ അതിനേക്കാളേറെ ഭീകരത പടര്‍ത്താന്‍ കഴിവുള്ള, ലാദന്‍ നേരിട്ട് പരിശീലിപ്പിച്ച മകന്‍, അമേരിക്കയെ ഭയപ്പെടുത്തിയ ലാദന്‍റെ പിന്‍ഗാമി. 

സെപ്തംബര്‍ 14-നാണ് ഹംസ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്ഥരീകരിക്കുന്നത്. ഇക്കാലമത്രയും ഹംസ എവിടെയായിരുന്നെന്ന് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് പോലും കൃത്യമായി കണ്ടെത്താനായില്ല. ഒടുവില്‍ കണ്ടെത്തിയപ്പോഴാകട്ടെ വിവരങ്ങളെല്ലാം തീര്‍ത്തും രഹസ്യം.  ഒസാമ ബിന്‍ ലാദന്‍റെ മൂന്നാം ഭാര്യ ഖൈറിയ സബറിന്‍റെ മകനാണ് ഹംസ. 20 മക്കളില്‍ പതിനഞ്ചാമന്‍. അബാട്ടാബാദില്‍ ലാദന്‍ കൊല്ലപ്പെട്ടതിന് ശേഷം അയാളുടെ മൂന്ന് ഭാര്യമാരെയും മക്കളെയും ജന്മസ്ഥലമായ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിച്ചിരുന്നു. പക്ഷേ അപ്പോഴും ഹംസ എവിടെ എന്നത് ചോദ്യചിഹ്നമായി തന്നെ അവശേഷിച്ചു. മാതാവിനൊപ്പം ഇറാനിലുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഹംസയുടെ നേതൃത്വത്തില്‍ അല്‍ ഖായിദ വീണ്ടും ശക്തിയാര്‍ജിച്ചു. ഇതോടെ ഹംസ യുഎസിന്‍റെ നോട്ടപ്പുള്ളിയായി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. 2017 -ല്‍ ഹംസയെ ആഗോളഭീകരനായി പ്രഖ്യാപിച്ചു. 

 അമേരിക്ക വിരിച്ച വലയില്‍ ലാദന് പിന്നാലെ ഹംസയും കുടുങ്ങി. ഹംസ മരിച്ചെന്ന വാര്‍ത്തകള്‍ക്ക് ട്രംപ് തന്നെയാണ് സ്ഥിരീകരണം നല്‍കിയത്. എന്നാല്‍ അപ്പോഴും മരണം സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ബാക്കിയായി. ലാദനോളം തന്നെ ഭയക്കാന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ഹംസ? ലാദന്‍റെ മരണശേഷം എട്ടുവര്‍ഷത്തോളം അയാള്‍ എവിടെയായിരുന്നു? യുഎസ് സൂക്ഷിക്കുന്ന അതീവരഹസ്യങ്ങളുടെ പട്ടികയില്‍ കുഴിച്ചുമൂടപ്പെട്ടു ഹംസയുടെ മരണവും.

അല്‍ ഖായിദയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിര്‍ണായക സ്വാധീനമുള്ളയാള്‍ എന്നാണ് യുഎസ് ഹംസയെ വിശേഷിപ്പിച്ചത്. 1986 ല്‍ അല്ലെങ്കില്‍ 1989 ലാണ് ഹംസയുടെ ജനനം എന്നാണ് യുഎസിന്‍റെ കൈവശമുള്ള രേഖകളില്‍ പറയുന്നത്. ഇയാള്‍ ജനിച്ചത് സൗദിയിലെ ജിദ്ദയിലാണെന്നും പറയപ്പെടുന്നു. അബാട്ടാബാദില്‍ ലാദന്‍ പിടിയിലാകുമ്പോള്‍ ഹംസയുടെ അമ്മ ഖൈറിയയും അയാള്‍ക്കൊപ്പം ആ ബംഗ്ലാവില്‍ ഉണ്ടായിരുന്നു. ആക്രമണം നടക്കുമ്പോൾ ഭാര്യമാരും കുട്ടികളുമടക്കം 18 പേരോളം ആ ബംഗ്ലാവിലുണ്ടായിരുന്നു. ലാദനെ കൂടാതെ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ലാദന്റെ ഒരു ഭാര്യയും ഒരു മകനും അടങ്ങുന്നുവെന്ന് അമേരിക്ക അറിയിച്ചു. അബാട്ടാബാദിലെ വീട്ടില്‍ നിന്നാണ് ഹംസയെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസിന് ലഭിക്കുന്നത്. അല്‍ ഖായിദ നേതാക്കളിലൊരാളായ അബ്ദുല്ല അഹമ്മദ് അബ്ദുല്ലയുടെ മകളെ ഹംസ വിവാഹം കഴിച്ചതിന്‍റെ വീഡിയോയായിരുന്നു തെളിവുകളിലൊന്ന്. അല്‍ ഖായിദയിലെ ഏറ്റവും പരിചയസമ്പത്തുള്ള ഭീകരനാണ് അബ്ദുല്ല.  ലാദന്‍ മകന് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കി പരിശീലിപ്പിച്ചിതിന്‍റെ വിവരങ്ങളടങ്ങിയ കത്തുകളും അബാട്ടാബാദിലെ വീട്ടില്‍ നിന്ന് ലഭിച്ചു. 

2018 ലാണ് ഈജിപ്ഷ്യന്‍ ഭീകരന്‍ മുഹമ്മദ് അത്തയുടെ മകളുമായി ഹംസയുടെ വിവാഹം വീണ്ടും നടന്നതായി പുറംലോകമറിയുന്നത്. ഹംസയുടെ അര്‍ധസഹോദരന്മാരില്‍ ഒരാള്‍ ദ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. 2001 സെപ്തംബര്‍ 11 ന് യുഎസിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിനായി വിമാനം റാഞ്ചിയത് മുഹമ്മദ് അത്തയായിരുന്നു. 2001 ലെ ഭീകരാക്രമണത്തിന് ശേഷം ഹംസയെ ഇറാന്‍ സംരക്ഷിക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീട് 2018 മാര്‍ച്ചിലാണ് ഹംസയുടേതായി ഏറ്റവും ഒടുവില്‍ ലഭിച്ച സന്ദേശം.

ഹംസ എവിടെയാണെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പിന്നീട് ലഭിച്ചില്ല. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളില്‍ ഹംസ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹംസ എവിടെ എന്നതിനെക്കുറിച്ച് പ്രചരിച്ച കഥകളുടെ കൂട്ടത്തില്‍ വിശ്വസനീയമായ ഒന്ന് അബാട്ടാബാദിലെ ആക്രമണത്തില്‍ പങ്കെടുത്ത് യുഎസ് നേവി സീല്‍ അംഗങ്ങളിലൊരാള്‍ പറഞ്ഞതാണ്. പാകിസ്ഥാനിലെ ലഹരിമരുന്ന് മാഫിയ തലവന്‍മാരുടെ സംരക്ഷണത്തിലാണ് ഹംസയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും പാരിതോഷികം പ്രഖ്യാപിച്ചാല്‍ മാത്രമെ ഹംസയെക്കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജീവിതം പോലെ തന്നെ ഹംസയുടെ മരണത്തിലും സംശങ്ങള്‍ നിരവധിയായിരുന്നു. സിഐഎയുടെ രഹസ്യനീക്കത്തിലൂടെയാണ് ഹംസ കൊല്ലപ്പെട്ടതെന്നാണ് ഒരു വിവരം. എന്നാല്‍ സിഐഎ ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ നടത്തിയില്ല. ഇക്കഴിഞ്ഞ 18 മാസത്തിനിടെ എപ്പോഴോ ആണ് ഹംസ കൊല്ലപ്പെട്ടത്.  ട്രംപ് ഈ വിവരം പുറത്തുവിട്ടത് സെപ്തംബറിലും. അയ്മന്‍ അല്‍ സവാഹിരിയായിരുന്നു ലാദന് ശേഷം അല്‍ ഖായിദയുടെ തലപ്പത്ത്. ലാദന്‍റെയത്ര സ്വാധീനശക്തിയില്ലാത്ത ഇയാളുടെ സ്ഥാനത്തേക്കാണ് ഹംസയെ വളര്‍ത്തിക്കൊണ്ടുവന്നിരുന്നത്. 

ലാദന്‍റെ മക്കളില്‍  അല്‍ ഖായിദയുമായി ബന്ധപ്പെട്ടിരുന്ന അവസാനത്തെ ആളായിരുന്നു ഹംസ. മറ്റൊരു മകന്‍ അബാട്ടാബാദിലെ ആക്രമണത്തില്‍ ലാദനൊപ്പം കൊല്ലപ്പെട്ടിരുന്നു. ഹംസയുടെ മരണത്തോടെ  അല്‍ സവാഹിരിക്ക് കീഴിലുള്ള അല്‍ ഖായിദയുടെ പ്രവര്‍ത്തനങ്ങളാണ് യുഎസ്  ഇനി നിരീക്ഷിക്കുന്നത്. ലോകത്തെ കൊടുംഭീകരന്‍റെ പിന്‍ഗാമിയും അയാളെപ്പോലെ തന്നെ കൊല്ലപ്പെടുമ്പോഴും ഇപ്പോഴും വെളിപ്പെടാത്ത നിരവധി വസ്തുതകളും മൃതദേഹത്തോടൊപ്പം മറവുചെയ്യപ്പെട്ടു.


 

click me!