
റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ രണ്ട് ദിവസമായി ഒരേ സ്ഥലത്ത് നിന്നായിരുന്നു. എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന ധാരണയില്‍ മുക്കുറുത്തി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം യുവരാജ്കുമാറിന്‍റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സംഘം വരയാടിന്‍റെ അവസാനത്തെ ജിപിഎസ് ലൊക്കേഷൻ ഉപയോഗിച്ച് കാടുകയറി. ഒടുവില്‍, നീലഗിരി വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ മുക്കുറുത്തി വനത്തിലെ അരുവിയുടെ സമീപത്തായി റേഡിയോ കോളറും അസ്ഥികളും കൊമ്പുകളും കണ്ടെത്തി. നീലഗിരി ജില്ലയിലെ മുക്കുറുത്തി വനമേഖലയിലെ അവലാഞ്ചിനടുത്തുള്ള വെസ്റ്റേൺ ക്യാച്ച്‌മെന്‍റ്സിൽ വെച്ചാണ് അഞ്ച് വയസ്സുള്ള ആൺ നീലഗിരി താറിനെ ഒക്ടോബർ 10 ന് കടുവ ഇരയാക്കിയത്. കൊല്ലപ്പെട്ട നീലഗിരി താറിന് 2024 ഡിസംബർ 6 മുതൽ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുന്നതിനിടെയായിരുന്നു ഈ സംഭവം.
പറഞ്ഞ് വന്നത് തമിഴ്നാട്ടിലെ വനമേഖലയിൽ വരയാടുകളെ സംബന്ധിച്ച് പഠനം (Project Nilgiri Tahr) നടത്തുന്നതിനായി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടയച്ച ആണ്‍ വരയാടിനെ കുറിച്ചാണ്. അവനെ കടുവ കൊന്ന് ഭക്ഷിച്ചിരിക്കുന്നു. വരയാടിനെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കോളർ ഘടിപ്പിച്ച് വരയാടിനെ വനത്തിലേക്ക് വിട്ടയച്ചത്. ഇതുവഴി ഓരോ ആഴ്ചയും വിവര ശേഖരണം നടത്തിയിരുന്നു. അവൻ ഇരയാക്കപ്പെട്ടതോടെ ആ പഠനം മുടങ്ങി. ആടിന്‍റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപം വനം വകുപ്പ് തന്നെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ നിന്നും കടുവയുടെ സാന്നിധ്യം സംബന്ധിച്ച തെളിവുകളും തമിഴ്‌നാട് വനംവകുപ്പിന് ലഭിച്ചു. പഠനം തടസപ്പെട്ടെങ്കിലും ഒരു സുപ്രധാന തെളിവ് വനംവകുപ്പിന് ലഭിച്ചു.
അതെ, കടുവകൾ വരയാടുകളെയും ഭക്ഷിച്ച് തുടങ്ങിയിരിക്കുന്നു. 1979 മുതല്‍ 1988 വരെ പലപ്പോഴായി വരയാടുകളെ കുറിച്ച് പഠിച്ച ക്ലിഫോർഡ് റൈസിന്‍റെ പഠനങ്ങൾ പറയുന്നത്, വരയാടുകളെ കൂടുതലായും ഇരയാക്കുന്നത് പുള്ളിപ്പുലികളും വൈൽഡ് ഡോഗുകളുമാണെന്നാണ്. എന്നാല്‍, കടുവ അവിടെ പ്രധാന വേട്ടക്കാരനല്ല. ഈ വാദത്തെ എതിർക്കുന്ന ഒരു തെളിവാണ് ഇപ്പോൾ തമിഴ്നാട് വനം വകുപ്പിന് ലഭിച്ചത്. അതേസമയം ഇത് ആദ്യത്തെ സംഭവമല്ലെന്നും തമിഴ്നാട് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മുക്കുറുത്തി വനമേഖലയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണ്. 2024 ജൂലൈ 19 -ന് റേഡിയോ കോളർ ധരിപ്പിച്ച ഏഴ് വയസ്സുള്ള ആൺ വരയാടിനെ അധികം താമസിക്കാതെ കടുവ കൊന്നതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
2024 ഡിസംബറിലാണ് പഠനത്തിന്‍റെ ഭാഗമായി രണ്ട് വരയാടുകളെ മയക്ക് വെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടത്. ഇതില്‍ പെണ്‍വരയാട് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനിടയില്‍ ചത്തു. വരയാട് ചത്തത് വിവാദമായതോടെ പദ്ധതി വനം വകുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പദ്ധതിയുടെ ഭാഗമായി വിട്ടയച്ച ആൺ വരയാടിനെ കടുവയും പിടിച്ചു. വരയാടിന്‍റെ സംരക്ഷണത്തിനായി പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച് പഠനം നടത്താൻ വനംവകുപ്പ് തയ്യാറായത്. ചത്ത ആൺ വരയാടിന്‍റെ ജഡത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചെന്ന് വനം വകുപ്പ് അറിയിച്ചു. സ്ഥലത്തെ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടക്കുന്നു.
(കടുവ കൊലപ്പെടുത്തിയ വരയാടിന്‍റെ അവശിഷ്ടങ്ങൾ)
പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന മലനിരകളിലെ പുല്‍മേടുകളിലും പാറക്കെട്ടുകളിലും മാത്രം കാണപ്പെടുന്ന അപൂര്‍വയിനം വന്യജീവിയാണ് വരയാട് (Nilgiri Tahr). തീര്‍ത്തും ചെങ്കുത്തായ മലനിരകളില്‍ പോലും അനായാസം മേഞ്ഞ് നടക്കാന്‍ കഴിയുന്ന വരയാടുകള്‍ക്ക് കരുത്തുറ്റ ശരീരഘടനയാണുള്ളത്. തവിട്ടുനിറത്തിലോ ചാരനിറത്തിലോ ഇവയുടെ ദേഹത്തുള്ള രോമങ്ങള്‍ കുത്തുന്ന തണുപ്പില്‍ പോലും ഈ ജീവികളുടെ ശരീരത്തെ സംരക്ഷിക്കുന്നു. ആണ്‍ വരയാടുകള്‍ക്ക് പെണ്‍ വരയാടുകളെക്കാള്‍ നീളമുള്ളതും വളഞ്ഞതുമായ കൊമ്പുകളുണ്ട്. ഒപ്പം ആണ്‍ വരയാടുകള്‍ക്ക് താടിയും കാണാം. കുത്തനെയുള്ള പാറകളില്‍ നിന്നും കാലിടറാതെ മുറുക്കെ ചവിട്ടി പിടിക്കാനുള്ള ഘടനയാണ് വരയാടുകളുടെ കുളമ്പുകള്‍ക്കുള്ളത്. അതിനാല്‍ തന്നെ മലകളിലെ പാറക്കെട്ടുകളിലൂടെ അനായാസം കയറാനും ഇറങ്ങാനും ശത്രുവില്‍ നിന്ന് രക്ഷപ്പെടാനുമൊക്കെ ഇവയ്ക്ക് സാധിക്കുന്നു.
'വരൈ' എന്നാല്‍ തമിഴില്‍ മല എന്നതാണര്‍ഥം. സ്വാഭാവികമായും മലനിരകളില്‍ കാണപ്പെടുന്ന ആട് ആയതിനാല്‍ ഈ വന്യജീവിക്ക് 'വരൈയാട്' എന്ന പേര് ലഭിച്ചു. തമിഴ്‌നാടിന്‍റെ സംസ്ഥാന മൃഗം കൂടിയായ വരയാടുകള്‍ ഇന്ന് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മൃഗം കൂടിയാണ്.
വരയാടുകള്‍ക്ക് വെള്ളം പ്രത്യേകമായി കുടിക്കേണ്ട ആവശ്യമില്ല. അവ കഴിക്കുന്ന പുല്ലിനെയും മറ്റ് ചെറു സസ്യങ്ങളെയുമാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്. പുല്ലാണ് ഇവയുടെ പ്രധാന ഭക്ഷണമെങ്കിലും പാറകളിൽ നിന്നും ജലം ഊറിവരുന്ന ഇടങ്ങളിൽ പറ്റിപിടിച്ച് വളരുന്ന ചെറുപായലുകളാണ് ഇവയുടെ ഇഷ്ട ഭക്ഷണം. ഈ പായലുകൾ കഴിക്കാനായി ഏത ചെങ്കുത്തായ പറയും അവ നിഷ്പ്രയാസം കയറുന്നു. പാറകളിൽ പറ്റിപിടിച്ച് വളരുന്ന ഇത്തരം പായലുകളെ ഭക്ഷണമാക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ ധാതുക്കളും ഇവയ്ക്ക് ലഭിക്കുന്നു. വരയാടുകളുടെ കൂട്ടത്തില്‍ ആണ്‍ ആടുകളുടെ ശരീരത്തില്‍ വെള്ള വരകള്‍ രൂപപ്പെടാറുണ്ട്. പ്രായമേറുന്തോറും ഈ വരകള്‍ കൂടുതല്‍ വ്യക്തമായി കാണാം
(കൊല്ലപ്പെട്ട വരയാടിനെ അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ വനമേഖലയില്‍ പരിശോധന നടത്തുന്നു.)
പശ്ചമഘട്ട മലനിരകൾ ലോകത്തിലെ ജൈവവൈവിധ്യത്തിന്‍റെ എട്ടാമത്തെ 'ഹോട്ടസ്റ്റ് ഹോട്ട്സ്പോട്ട്'(hottest hotspots) ആണ്. പശ്ചിമഘട്ടത്തിലും (Western Ghat) അതിന്‍റെ കിഴക്കന്‍ ഘട്ടത്തിന്‍റെ (Eastern Ghats) തെക്കൻ ഭാഗത്തും മാത്രം കണ്ട് വരുന്ന വരയാടുകൾ നീലഗിരി താര്‍ (Nilgiri tahr) എന്നും അറിയപ്പെടുന്നു. നീലഗിരിട്രാഗസ് ജനുസ്സിലെ ഏക ഇനമാണ് ഇവ. ലോകത്ത് മറ്റൊരിടത്തുമില്ലാത്ത നീലഗിരി താറുകൾ, കാലാവസ്ഥ മാറ്റം ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന ജീവികളില്‍ ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂലം വാസയിടങ്ങള്‍ നഷ്ടപ്പെടുന്ന വരയാടുകളെ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.