
രാജ്യത്ത് ആദ്യമായി മൈനിംഗ് ടൂറിസം പദ്ധതിയ്ക്ക് തുടക്കം കുറിക്കാനൊരുങ്ങി ജാര്‍ഖണ്ഡ്. മുഖ്യമന്ത്രി ഹേമന്ത് സോറനാണ് പദ്ധതി പ്രഖ്യാപിച്ചത്. അടുത്തിടെ അദ്ദേഹം ബാഴ്സലോണയിലെ ഗാവാ മൈനിംഗ് മ്യൂസിയം സന്ദര്‍ശിച്ചിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു ആശയം നടപ്പിലാക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികൾക്കും പൊതുജനങ്ങള്‍ക്കുമെല്ലാം മൈനിംഗിനെ കുറിച്ച് അറിയാനും കാഴ്ചകൾ കാണാനും ഇതുവഴി അവസരം ലഭിക്കും. ഖനികളുടെ ചരിത്രവും ഖനന പ്രക്രിയയും ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് സാധാരണക്കാരിലേയ്ക്ക് എത്തിക്കാനും ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിനായി സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡുമായി (സിസിഎൽ) സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചു. അഞ്ച് വര്‍ഷത്തേയ്ക്കാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്.
രാജ്യത്തെ ധാതുസമ്പത്തിന്റെ 40 ശതമാനത്തോളം ജാര്‍ഖണ്ഡിലാണുള്ളത്. ഒരു ഖനന സംസ്ഥാനം എന്ന നിലയിലാണ് ജാര്‍ഖണ്ഡ് ഇതുവരെ അറിയപ്പെട്ടിരുന്നതെന്നും എന്നാൽ ഇപ്പോൾ മൈനിംഗ് ടൂറിസത്തിനായി സംസ്ഥാനം വാതിൽ തുറന്നിരിക്കുകയാണെന്നും സംസ്ഥാന ടൂറിസം മന്ത്രി സുദിവ്യ കുമാര്‍ പറഞ്ഞു. 10 മുതൽ 20 വരെ ആളുകളെ ഉൾക്കൊള്ളുന്ന ഗ്രൂപ്പുകളായാണ് ഖനികളിലേയ്ക്ക് യാത്ര തിരിക്കുക. രാംഗഡ് ജില്ലയിലെ നോര്‍ത്ത് ഉറിമാരി ഖനികളാണ് പ്രാരംഭ ഘട്ടത്തിൽ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുക.
മൂന്ന് പ്രത്യേക മൈനിംഗ് ടൂറിസം സര്‍ക്യൂട്ടുകൾ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇക്കോ-മൈനിംഗ് സർക്യൂട്ട്-1, ഇക്കോ-മൈനിംഗ് സർക്യൂട്ട്-2, ഒരു റെലിജിയസ് സർക്യൂട്ട് എന്നിങ്ങനെ മൂന്ന് മൈനിംഗ് ടൂറിസം സർക്യൂട്ടുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മൈനിംഗ് ടൂറിസത്തിനൊപ്പം തന്നെ പലാനി വെള്ളച്ചാട്ടം, പത്രാതു താഴ്വര, തിരു വെള്ളച്ചാട്ടം എന്നിവയും സര്‍ക്യൂട്ടിൽ ഉൾപ്പെടുത്തും. രണ്ട് റൂട്ടുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. ഒരാൾക്ക് ജിഎസ്ടി ഉൾപ്പെടെ ഏകദേശം 2,500 - 3,000 രൂപയാണ് നിരക്ക് ഈടാക്കുക.