ട്രെയിനിൽ 'കുപ്പി' കൊണ്ടുപോയാൽ കുടുങ്ങുമോ? ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ പിടിവീഴും!

Published : Nov 15, 2025, 04:15 PM IST
Liquor

Synopsis

ഇന്ത്യൻ ട്രെയിനുകളിൽ മദ്യം കൊണ്ടുപോകുന്നത് നിങ്ങൾ യാത്ര ചെയ്യുന്ന സംസ്ഥാനങ്ങളിലെ എക്സൈസ് നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു. കേന്ദ്ര, സംസ്ഥാന നിയമങ്ങളാണ് റെയിൽവേ മദ്യനിയമങ്ങൾ നിർണ്ണയിക്കുന്നത്.

ഇന്ത്യയിൽ ട്രെയിനുകളിൽ മദ്യം കൊണ്ടുപോകാൻ കഴിയുമോ? ദീർഘകാലമായി പലർക്കുമുള്ള ഒരു സംശയമാണിത്. ഈ ഒരു ചോദ്യത്തിനുള്ള ഉത്തരം അത്ര ലളിതമല്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 1989ലെ ഇന്ത്യൻ റെയിൽവേ ആക്ട് അനുസരിച്ച്, മറ്റുള്ളവർക്ക് അസൗകര്യമോ അപകടമോ ഉണ്ടാക്കുന്ന ലഹരി വസ്തുക്കൾ ട്രെയിനുകളിൽ കൊണ്ടുപോകുന്നതിനോ ഉപയോ​ഗിക്കുന്നതിനോ യാത്രക്കാർക്ക് വിലക്കുണ്ട്. ഈ നിയമമാണ് പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്.

കേന്ദ്ര, സംസ്ഥാന നിയമങ്ങളാണ് ഇന്ത്യൻ റെയിൽവേയുടെ മദ്യനിയമങ്ങൾ നിർണ്ണയിക്കുന്നത്. എന്നാൽ, ട്രെയിനുകളിലെ പെരുമാറ്റച്ചട്ടം റെയിൽവേ നിയമപ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. ട്രെയിനിൽ നിങ്ങൾക്ക് മദ്യം കൊണ്ടുപോകാൻ കഴിയുമോ എന്ന് തീരുമാനിക്കുന്നത് അതാത് സംസ്ഥാനങ്ങളുടെ എക്സൈസ് നിയമങ്ങളുമാണ്. നിങ്ങൾ യാത്ര ചെയ്യുന്ന സംസ്ഥാനങ്ങൾ അനുസരിച്ച് മദ്യം കൊണ്ടുപോകുന്നതിന് ചില നിയന്ത്രണങ്ങളും ഇളവുകളുമുണ്ട്. വ്യക്തിഗത ഉപയോഗത്തിനായി സീൽ ചെയ്ത മദ്യക്കുപ്പികൾ സാധാരണയായി ചില വ്യവസ്ഥകൾ പ്രകാരം അനുവദനീയമാണ്.

ഗോവ, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ, യാത്രക്കാർക്ക് വ്യക്തിഗത ഉപയോഗത്തിനായി ചെറിയ അളവിൽ സീൽ ചെയ്ത മദ്യം കൊണ്ടുപോകാം. എന്നാൽ, ഗുജറാത്ത്, ബിഹാർ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഡ്രൈ സോണുകളായതിനാൽ മദ്യത്തിന് പൂർണ്ണമായും നിരോധനമുണ്ട്. അതായത്, നിങ്ങളുടെ യാത്ര റൂട്ടിൽ മദ്യത്തിന് നിരോധനമുള്ള സംസ്ഥാനം കടക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ട്രെയിനുകളിൽ സീൽ ചെയ്ത മദ്യം കൊണ്ടുപോകാവുന്നതാണ്. നിങ്ങൾ ഒരു മദ്യനിരോധനമുള്ള പ്രദേശത്ത് പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പക്കലുള്ള മദ്യക്കുപ്പികൾ നിയമപരമായി വാങ്ങിയതാണെങ്കിൽ പോലും നിയമവിരുദ്ധമായി കണക്കാക്കപ്പെടും.

ട്രെയിൻ ഒരു മദ്യനിയന്ത്രിത പ്രദേശത്ത് പ്രവേശിച്ചാൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്) അല്ലെങ്കിൽ പ്രാദേശിക എക്സൈസ് അധികാരികൾ ട്രെയിനുകളിൽ പരിശോധനകൾ നടത്തിയേക്കാം. നിരോധനമില്ലാത്ത സംസ്ഥാനങ്ങൾക്കുള്ളിലാണ് നിങ്ങൾ പൂർണ്ണമായും യാത്ര ചെയ്യുന്നതെങ്കിൽ, സീൽ ചെയ്ത മദ്യം കൈവശം വെയ്ക്കുന്നത് കുറ്റകരമല്ല. ഉദാഹരണത്തിന്, ദില്ലിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഒരു ട്രെയിൻ ഗുജറാത്ത് വഴി കടന്നുപോകുന്നുവെന്ന് കരുതുക. ​ഗുജറാത്തിൽ മദ്യത്തിന് സമ്പൂർണ നിരോധനമുണ്ട്. ഈ മേഖലയിൽ പ്രവേശിച്ച ശേഷം എക്സൈസ് ഇൻസ്പെക്ടർമാർ നിങ്ങളുടെ ലഗേജിൽ മദ്യം കണ്ടെത്തിയാൽ അത് കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്യാം.

ഇന്ത്യൻ ട്രെയിനുകൾ പൊതു ഇടങ്ങളാണെന്ന കാര്യം അറിഞ്ഞിരിക്കണം. മദ്യപിച്ച് യാത്ര ചെയ്യുകയോ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുന്നത് റെയിൽവേ ആക്ടിലെ സെക്ഷൻ 145 പ്രകാരം കുറ്റകരമാണ്. അപകടകരമായതോ കുറ്റകരമായതോ ആയി കണക്കാക്കാവുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിന് സെക്ഷൻ 165 പ്രകാരം നിയന്ത്രണമുണ്ട്. മദ്യം കൈവശം വയ്ക്കുന്നത് നിരോധിക്കുന്ന സംസ്ഥാനങ്ങളിലാണെങ്കിൽ ഈ വകുപ്പ് ബാധകമാകും. മദ്യം കഴിക്കുകയോ അതിന്റെ സ്വാധീനത്തിൽ മോശമായി പെരുമാറുകയോ ചെയ്യുന്ന യാത്രക്കാർക്ക് 500 മുതൽ 1,000 രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും.

രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലും ഈ നിയന്ത്രണം ബാധകമാണ്. പാലസ് ഓൺ വീൽസ് പോലുള്ള ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിൽ മാത്രമേ ഇന്ത്യയിൽ മദ്യം വിളമ്പുന്നുള്ളൂ. ഇതിനായി പ്രത്യേകം ക്യാബിനുണ്ട്. ഈ ക്യാബിന് പുറത്തുള്ള ക്യാബിനുകളിലോ കോച്ചുകളിലോ മദ്യപിക്കുന്നത് പോലും നിയമവിരുദ്ധമാണ്.

മിക്ക സംസ്ഥാന എക്സൈസ് വകുപ്പുകളും യാത്രക്കാർക്ക് വ്യക്തിഗത ഉപഭോഗത്തിനായി 2 ലിറ്റർ വരെ സീൽ ചെയ്ത മദ്യം കൊണ്ടുപോകാനാണ് അനുമതി നൽകുന്നത്. യാത്രയിലുടനീളം ഈ കുപ്പികൾ തുറക്കാതെ സൂക്ഷിക്കണം. കൂടാതെ ഹാൻഡ് ബാഗേജിന് പകരം ഇത് നിങ്ങളുടെ ലഗേജിനുള്ളിൽ വേണം സൂക്ഷിക്കാൻ. ലൈസൻസുള്ള ഒരു ഔട്ട്‌ലെറ്റിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് തെളിയിക്കുന്ന ബില്ലും നിങ്ങൾ കൈവശം വയ്ക്കണം.

മദ്യം കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുരുക്കത്തിൽ

  • യാത്ര ചെയ്യുന്നതിന് മുമ്പ് റൂട്ട് പരിശോധിക്കുക.
  • ട്രെയിൻ ഡ്രൈ സ്റ്റേറ്റിലേക്ക് പ്രവേശിക്കുന്നുണ്ടെങ്കിൽ മദ്യം കൊണ്ടുപോകുന്നത് പൂർണ്ണമായും ഒഴിവാക്കുക.
  • എപ്പോഴും സീൽ ചെയ്ത കുപ്പികൾ മാത്രം കൊണ്ടുപോകുക.
  • മദ്യം നിങ്ങളുടെ സ്യൂട്ട്കേസിനുള്ളിൽ പായ്ക്ക് ചെയ്ത് സൂക്ഷിക്കുക.
  • നിയമപരമായി വാങ്ങിയതാണെന്ന് തെളിയിക്കാൻ പർച്ചേസ് രസീത് സൂക്ഷിക്കുക.
  • യാത്രയിൽ മദ്യപിക്കുകയോ കുപ്പികൾ തുറക്കുകയോ ചെയ്യരുത്.
  • അനുവദനീയമായ രണ്ട് ലിറ്റർ പരിധിക്കുള്ളിൽ മാത്രം മദ്യം കൊണ്ടുപോകുക.
  • പരിശോധനകളിൽ ആർപിഎഫ് അല്ലെങ്കിൽ എക്സൈസ് ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ