Asianet News MalayalamAsianet News Malayalam

രാജ്യം ചിന്തിക്കുന്നതെന്ത്? 'മൂഡ് ഓഫ് ദി നാഷന്‍' അഭിപ്രായ സര്‍വേ ഫലം പുറത്ത്

മാര്‍ച്ച് 13 നും 27 നും ഇടയിലുള്ള കാലയളവില്‍ വിവിധ ഭാഷകളിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിൽ നടത്തിയ സർവേയുടെ ഫലം...

Mood of the Nation Lok Sabha Election Survey Result SSM
Author
First Published Mar 27, 2024, 6:00 PM IST

ദില്ലി: രാജ്യത്തിന്റെ മനസ്സിലെന്ത് എന്നറിയാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ നടത്തിയ 'മൂഡ് ഓഫ് ദി നാഷന്‍' അഭിപ്രായ സര്‍വേയുടെ ഫലം പുറത്ത്. പ്രധാനമന്ത്രി പദത്തിലേക്ക് നിങ്ങള്‍ പരിഗണിക്കുന്ന നേതാവാര് എന്ന ചോദ്യത്തിന് 51.06 ശതമാനം പേര്‍ നരേന്ദ്ര മോദി എന്ന് മറുപടി നല്‍കി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് 46.45 ശതമാനം പേര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

മാര്‍ച്ച് 13 നും 27 നും ഇടയിലുള്ള കാലയളവില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗ്ലാ, മറാത്തി ഭാഷകളിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ 7,59,340 പേര്‍ പങ്കെടുത്തു.

 

മോദി സര്‍ക്കാരിന്റെ മുഖ്യനേട്ടം പശ്ചാത്തല വികസനം, മുഖ്യവീഴ്ച മണിപ്പൂര്‍, 'മൂഡ് ഓഫ് ദി നാഷന്‍' സര്‍വേ ഫലം

Mood of the Nation Lok Sabha Election Survey Result SSM

അഭിപ്രായ സര്‍വേ പറയുന്നത്:

* പ്രധാനമന്ത്രി പദത്തിലേക്ക് നിങ്ങള്‍ പരിഗണിക്കുന്ന നേതാവാര് എന്ന ചോദ്യത്തിന് 51.06 ശതമാനം പേര്‍ നരേന്ദ്ര മോദി എന്ന് മറുപടി നല്‍കി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് 46.45 ശതമാനം പേര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. അതേസമയം കേരളത്തില്‍ ജനപ്രിയന്‍ രാഹുലാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 50.59 ശതമാനം മലയാളികള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.

* പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകളെ അനുകൂലമായി സ്വാധീനിക്കുമെന്ന് 51.1 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 26.85 ശതമാനം പേര്‍ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടു.  22.03 ശതമാനം പേര്‍ ബിജെപിയുടെ പ്രകടനത്തെ സിഎഎ ബാധിക്കില്ലെന്ന് വ്യക്തമാക്കി

* നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുഖ്യനേട്ടമായി കാണുന്നത് എന്താണെന്ന ചോദ്യത്തിന് 38.11 ശതമാനം പേരുടെ മറുപടി പശ്ചാത്തല വികസനം എന്നാണ്. 26.41 ശതമാനം പേര്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് വോട്ട് ചെയ്തു. 11.46 ശതമാനം പേര്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന് അഭിപ്രായപ്പെട്ടു.

* രാമക്ഷേത്ര നിര്‍മാണം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് കരുതുന്നതായി 57.16 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ബാധിക്കില്ല എന്നാണ് 31.16 ശതമാനം പേരുടെ അഭിപ്രായം.

* ഇന്ത്യ സഖ്യത്തിന് മോദി തരംഗത്തെ മറികടക്കാനാവില്ലെന്ന് 60.33 ശതമാനം പേര്‍ കരുതുന്നു. അതേസമയം 32.28 ശതമാനം പേര്‍ ഇന്ത്യ സഖ്യം മോദി സര്‍ക്കാരിനെ കടപുഴക്കുമെന്ന് വിശ്വസിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 48.24 ശതമാനം പേര്‍ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ പരാജയം വീക്ഷണത്തിന്റെയും നേതൃത്വത്തിന്റെയും അഭാവമാണെന്ന് ചൂണ്ടിക്കാട്ടി.

 

പിണറായി സര്‍ക്കാറിന്റെ വീഴ്ചകള്‍ തിരിച്ചടിയാവും, ബിജെപി രണ്ടക്കമെത്തില്ല, 'മൂഡ് ഓഫ് ദി നാഷന്‍' സര്‍വേ ഫലം

Mood of the Nation Lok Sabha Election Survey Result SSM

* രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ മെച്ചപ്പെടുത്തില്ലെന്ന് 54.76 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 38.12 ശതമാനം പേര്‍ യാത്ര കോണ്‍ഗ്രസിന്റെ നില  മെച്ചപ്പെടുത്തുമെന്ന് മറുപടി നല്‍കി.

* മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം മണിപ്പൂര്‍ വിഷയം കൈകാര്യം ചെയ്തതാണെന്ന് 32.86 ശതമാനം പേര്‍ മറുപടി  നല്‍കി. കുതിച്ചുയരുന്ന ഇന്ധന വില എന്ന് 26.2 ശതമാനം പേര്‍ പറഞ്ഞു. തൊഴിലില്ലായ്മ എന്നാണ് 21.3 ശതമാനം പേരുടെ അഭിപ്രായം. 19.6 ശതമാനം പേര്‍ വിലക്കയറ്റമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്ന് വിലയിരുത്തി. ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ളവരുടെ ഏറ്റവും വലിയ ആശങ്ക തൊഴിലില്ലായ്മയാണ് (36.7 ശതമാനം). അതേസമയം തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ വിലക്കയറ്റം (41.79 ശതമാനം) എന്നാണ് രേഖപ്പെടുത്തിയത്.

* വടക്ക്-തെക്ക് വിഭജനം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 51.36 ശതമാനം പേരും ഉണ്ടെന്ന് അഭിപ്രായപ്പെട്ടു. 35.28 ശതമാനം പേര്‍ ഇല്ലെന്ന് പ്രതികരിച്ചു.

* മോദി സര്‍ക്കാരിന് കീഴില്‍ മധ്യവര്‍ഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെട്ടോ എന്ന ചോദ്യത്തിന് അതെ എന്ന്  47.8 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 46.1 ശതമാനം പേര്‍ വ്യക്തമാക്കിയത് മധ്യവര്‍ഗത്തിന്റെ ജീവിതം മെച്ചപ്പെട്ടില്ല എന്നാണ്.

* സര്‍വേയില്‍ പങ്കെടുത്തവരില്‍ 51.07 ശതമാനം പേര്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് അഭിപ്രായപ്പെട്ടു. 42.97 ശതമാനം പേര്‍ മറിച്ചാണ് ചിന്തിച്ചത്. അതേസമയം നരേന്ദ്ര മോദി ഭരണത്തിന് അഴിമതി തടയാനായെന്ന് 60.4 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാരിന്റെ വിദേശനയത്തെ 56.39 ശതമാനം പേര്‍ അനുകൂലിച്ചു. 65.08 ശതമാനം പേര്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം കൈകാര്യം ചെയ്ത രീതിയെ അംഗീകരിച്ചപ്പോള്‍ 21.82 ശതമാനം പേര്‍ ഇക്കാര്യത്തില്‍ തൃപ്തിയില്ലെന്ന് മറുപടി നല്‍കി. മോദിയുടെ ഭരണത്തില്‍ ആഗോള തലത്തില്‍ രാജ്യത്തിന്റെ നില മെച്ചപ്പെട്ടുവെന്ന് 79.27 ശതമാനം പേരും കരുതുന്നു.

* അടുത്ത അഞ്ച് വർഷത്തേക്ക് ഇന്ത്യ ആര് ഭരിക്കണമെന്നാണ് താത്പര്യമെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 78.6 ശതമാനം പേർ എൻഡിഎ സർക്കാർ എന്ന്  മറുപടി നൽകി. 21.4 ശതമാനം പേർ ഇന്ത്യ സഖ്യം എന്ന് അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios