'മൂഡ് ഓഫ് ദി നാഷന്‍' നാല് ചോദ്യങ്ങളില്‍ കേരളത്തിന്റെ മറുപടി; അഭിപ്രായ സര്‍വേ ഫലം അറിയാം

ദില്ലി: പിണറായി സര്‍ക്കാറിന്റെ വീഴ്ചകള്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലം. കേരളത്തില്‍ ബിജെപി ഇത്തവണ രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം തെറ്റാണെന്നും അഭിപ്രായ സര്‍വേ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതിനിടെ രാജ്യത്തിന്റെ മനസ്സറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഓണ്‍ലൈനായി നടത്തിയ 'മൂഡ് ഓഫ് ദി നാഷന്‍' അഭിപ്രായ സര്‍വേയിലാണ് ഈ ഫലങ്ങള്‍. ആരാവണം അടുത്ത പ്രധാനമന്ത്രി എന്നതടക്കം രാജ്യത്തെ തെരഞ്ഞെടുപ്പ് ചിത്രത്തിലെ സുപ്രധാന രാഷ്ട്രീയ ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

മാര്‍ച്ച് 13 നും 27 നു ഇടയിലുള്ള കാലയളവില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗ്ലാ, മറാത്തി ഭാഷകളിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ 7,59,340 പേര്‍ പങ്കെടുത്തു. ഇവയില്‍ കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇവയ്ക്ക് ലഭിച്ച മറുപടികള്‍ എന്തൊക്കെയാണെന്ന് അറിയാം.

രാജ്യം ചിന്തിക്കുന്നതെന്ത്? 'മൂഡ് ഓഫ് ദി നാഷന്‍' അഭിപ്രായ സര്‍വേ ഫലം പുറത്ത്

* കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേക്ക് പോവുന്ന പ്രവണത കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാവുമെന്നാണ് അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 60.26 ശതമാനം പേരും ഉത്തരം നല്‍കിയത്. തിരിച്ചടിയാവില്ലെന്ന് 31.56 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. അതേസമയം, 8.18 ശതമാനം പേര്‍ അഭിപ്രായമില്ല എന്ന് മറുപടി നല്‍കി.

* പിണറായി സര്‍ക്കാറിന്റെ വീഴ്ചകള്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് മറുപടി നല്‍കിയത് 83.22 ശതമാനം ആളുകളാണ്. 12.43 ശതമാനം മാത്രമാണ് ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് മറുപടി നല്‍കിയത്. അതേസമയം, 4.35 ശതമാനം ആളുകള്‍ അഭിപ്രായമില്ല എന്ന് മറുപടി നല്‍കി.

* രാഹുല്‍ ഗാന്ധി പ്രഭാവം ഇത്തവണയും കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിന് അനുകൂലമാവില്ല എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. 47.97 ശതമാനം ആളുകളാണ് കോണ്‍ഗ്രസിന് ഇത്തവണ രാഹുല്‍ ഇഫക്ട് ഗുണകരമാവില്ല എന്ന് മറുപടി നല്‍കിയത്. 43.97 ശതമാനം ഇത്തവണയും രാഹുലിന്റെ സാന്നിധ്യം അനുകൂലമാകും എന്ന് മറുപടി നല്‍കി.

* കേരളത്തില്‍ ബിജെപി ഇത്തവണ രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. 71.30 ശതമാനം പേരും ഇത് തെറ്റായ അവകാശവാദമാണെന്നാണ് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയാണെന്ന് പറഞ്ഞത് 20.14 ശതമാനം ആളുകള്‍ മാത്രമാണ്.

മോദി സര്‍ക്കാരിന്റെ മുഖ്യനേട്ടം പശ്ചാത്തല വികസനം, മുഖ്യവീഴ്ച മണിപ്പൂര്‍, 'മൂഡ് ഓഫ് ദി നാഷന്‍' സര്‍വേ ഫലം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം