സര്‍വേയില്‍ പങ്കെടുത്തവരില്‍ 51.07 ശതമാനം പേര്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് അഭിപ്രായപ്പെട്ടു

ദില്ലി: മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം പശ്ചാത്തല വികസനവും ഏറ്റവും വലിയ വീഴ്ച മണിപ്പൂര്‍ വിഷയം കൈകാര്യം ചെയ്തതുമാണെന്ന് അഭിപ്രായ സര്‍വേ ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്ന് കണ്ടെത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ നടത്തിയ 'മൂഡ് ഓഫ് ദി നാഷന്‍' അഭിപ്രായ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

മാര്‍ച്ച് 13 നും 27 നു ഇടയിലുള്ള കാലയളവില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗ്ലാ, മറാത്തി ഭാഷകളിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ 7,59,340 പേര്‍ പങ്കെടുത്തു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുഖ്യനേട്ടമായി കാണുന്നത് എന്താണെന്ന ചോദ്യത്തിന് 38.11 ശതമാനം പേരുടെ മറുപടി പശ്ചാത്തല വികസനം എന്നാണ്. 26.41 ശതമാനം പേര്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് വോട്ട് ചെയ്തു. 11.46 ശതമാനം പേര്‍ ആത്മനിര്‍ഭര്‍ ഭാരത് എന്നാണ് അഭിപ്രായപ്പെട്ടത്.

പിണറായി സര്‍ക്കാറിന്റെ വീഴ്ചകള്‍ തിരിച്ചടിയാവും, ബിജെപി രണ്ടക്കമെത്തില്ല, 'മൂഡ് ഓഫ് ദി നാഷന്‍' സര്‍വേ ഫലം



അതേസമയം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം മണിപ്പൂര്‍ വിഷയം കൈകാര്യം ചെയ്തതാണെന്ന് 32.86 ശതമാനം പേര്‍ മറുപടി നല്‍കി. കുതിച്ചുയരുന്ന ഇന്ധന വില എന്ന് 26.2 ശതമാനം പേര്‍ പറഞ്ഞു. തൊഴിലില്ലായ്മ എന്നാണ് 21.3 ശതമാനം പേരുടെ അഭിപ്രായം. 19.6 ശതമാനം പേര്‍ വിലക്കയറ്റമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്ന് വിലയിരുത്തി. ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ളവരുടെ ഏറ്റവും വലിയ ആശങ്ക തൊഴിലില്ലായ്മയാണ് (36.7 ശതമാനം). എന്നാൽ തമിഴ്‌നാട്ടിലെ വോട്ടര്‍മാര്‍ വിലക്കയറ്റം (41.79 ശതമാനം) എന്നാണ് രേഖപ്പെടുത്തിയത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 51.07 ശതമാനം പേര്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് അഭിപ്രായപ്പെട്ടു. 42.97 ശതമാനം പേര്‍ മറിച്ചാണ് ചിന്തിച്ചത്. അതേസമയം നരേന്ദ്ര മോദി ഭരണത്തിന് അഴിമതി തടയാനായെന്ന് 60.4 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

രാജ്യം ചിന്തിക്കുന്നതെന്ത്? 'മൂഡ് ഓഫ് ദി നാഷന്‍' അഭിപ്രായ സര്‍വേ ഫലം പുറത്ത്



മോദി സര്‍ക്കാരിന്റെ വിദേശനയത്തെ 56.39 ശതമാനം പേര്‍ അനുകൂലിച്ചു. 65.08 ശതമാനം പേര്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം കൈകാര്യം ചെയ്ത രീതിയെ അംഗീകരിച്ചപ്പോള്‍ 21.82 ശതമാനം പേര്‍ ഇക്കാര്യത്തില്‍ തൃപ്തിയില്ലെന്ന് മറുപടി നല്‍കി.

മോദിയുടെ ഭരണത്തില്‍ ആഗോള തലത്തില്‍ രാജ്യത്തിന്റെ നില മെച്ചപ്പെട്ടുവെന്ന് 79.27 ശതമാനം പേരും കരുതുന്നു. മോദി സര്‍ക്കാരിന് കീഴില്‍ മധ്യവര്‍ഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെട്ടോ എന്ന ചോദ്യത്തിന് അതെ എന്ന് 47.8 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 46.1 ശതമാനം പേര്‍ വ്യക്തമാക്കിയത് മധ്യവര്‍ഗത്തിന്റെ ജീവിതം മെച്ചപ്പെട്ടില്ല എന്നാണ്.

രാജ്യം ചിന്തിക്കുന്നതെന്ത്? 'മൂഡ് ഓഫ് ദി നാഷന്‍' അഭിപ്രായ സര്‍വേ ഫലം പുറത്ത്

ഇന്ത്യ സഖ്യത്തിന് മോദി തരംഗത്തെ മറികടക്കാനാവില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 60.33 ശതമാനം പേര്‍ കരുതുന്നു. അതേസമയം 32.28 ശതമാനം പേര്‍ ഇന്ത്യ സഖ്യം മോദി സര്‍ക്കാരിനെ കടപുഴക്കുമെന്ന് വിശ്വസിക്കുന്നു.

പ്രധാനമന്ത്രി പദത്തിലേക്ക് നിങ്ങള്‍ പരിഗണിക്കുന്ന നേതാവാര് എന്ന ചോദ്യത്തിന് 51.06 ശതമാനം പേര്‍ നരേന്ദ്ര മോദി എന്ന് മറുപടി നല്‍കി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് 46.45 ശതമാനം പേര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ കേരളത്തില്‍ ജനപ്രിയന്‍ രാഹുലാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 50.59 ശതമാനം മലയാളികള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം