Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പറയുന്നു, അയാളെ കൊല്ലുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു

the story of wife killed her husband
Author
First Published Jul 27, 2017, 3:06 PM IST

 

ദില്ലി: മദ്യപിച്ചെത്തി അയാള്‍ എന്നെ സ്ഥിരമായി വലിച്ചിഴയ്ക്കും, കൊതി തീരുന്നതുവരെ മര്‍ദ്ദിക്കും, മനുഷ്യനാണെന്ന പരിഗണനയില്ലാതെ അയല്‍ക്കാരുടെ മുന്നില്‍ നാണം കെടുത്തും. അയാളെ ഞാന്‍ കൊന്നതാണ്... സ്വന്തം ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് രണ്ടു ദിവസം മൃതശരീരത്തോടൊപ്പം കിടന്നുറങ്ങിയ ഒരു ഭാര്യയുടെ വാക്കുകളാണിത്.

ദില്ലിയിലെ കപശേരയില്‍ കഴിഞ്ഞ 22നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പ്രതി ശില്‍പി അധികാരി റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്റില്‍ തൂപ്പ് ജോലിക്കാരിയായിരുന്നു. സ്ഥിരം മദ്യപാനിയായ ഭര്‍ത്താവ് ഇവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഉപദ്രവം പരിധിവിട്ടതോടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശില്‍പി തീരുമാനിക്കുകയായിരുന്നു.

അടുത്തുള്ള കടയില്‍ നിന്ന് നേരത്തെ വാങ്ങിയ മദ്യം കഴിഞ്ഞ 22ന് രാത്രി ഭക്ഷണത്തിന് ശേഷം ഭര്‍ത്താവിന്റെ ബോധം പോകുന്നതുവരെ ഒഴിച്ചുകൊടുത്തു. ബോധമില്ലാതെ ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്ന് അറിയാതെ രണ്ട് ദിവസം ആരേയും അറിയിക്കാതെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. പിന്നീട് സാധാരണ മരണമെന്ന രീതിയില്‍ അയല്‍ക്കാരെ വിവരം അറിയിച്ചതായി ശില്‍പി പോലീസിനോട് പറഞ്ഞു.

എന്നാല്‍ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിതിഷിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയത്. അയല്‍ക്കാരന്‍ അറിയച്ചതിനെ തുടര്‍ന്ന് പോലീസെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ശില്‍പി അധികാരിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പോലീസിന് നല്‍കിയ മൊഴിയിലാണ് തനിക്ക് ഭര്‍ത്താവിനെ കൊല്ലുകയല്ലാതെ വേറെ വഴിയില്ലായിരുന്നു എന്ന് ശില്‍പി പറഞ്ഞത്.

ഞാന്‍ അയാളോട് പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ഉപദ്രവിക്കരുത്, നിങ്ങളെ ഞാന്‍ കൊല്ലുമെന്ന്. അയാള്‍ അത് ചെവികൊണ്ടില്ല. സമ്പാദിച്ചു കൊണ്ടുവന്ന പണമെല്ലാം മദ്യപിക്കാനായി തട്ടിപ്പറിച്ചു. ഒരു ദിവസം രാത്രി അയാളുടെ ബോധം പോകുന്നതു വരെ എന്നെ തല്ലിക്കൊണ്ടിരുന്നു. അയല്‍ക്കാരന്‍ കഴുത്തിലെ പാട് കണ്ടില്ലായിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നുവെന്നും ശില്‍പി പോലീസിനോട് പറഞ്ഞു.

ശില്‍പിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ വകുപ്പ് മാറ്റി മനപ്പൂര്‍വ്വമുള്ള നരഹത്യക്ക് കേസെടുക്കുമെന്ന് പോലീസ് അറയിച്ചിട്ടുണ്ട്. അതേസമയം ശില്‍പിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ശാരീരികമായി പീഡനങ്ങള്‍ ഏറ്റുവാങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios