Asianet News MalayalamAsianet News Malayalam

വ്യാജവാർത്തകൾ ഒരു വ്യക്തിയെ എങ്ങനെ ബാധിക്കും? 'ലൈവ്' റിവ്യു

ഫേക്ക് നമ്പറിൽ നിന്നും വരുന്ന മോശം സന്ദേശം കാരണം പൊറുതിമുട്ടിയ അമലയും സത്യം മറയ്ക്കപ്പെട്ട് സമൂഹത്തിന് മുന്നിൽ പരിഹാസ്യയായി നിൽക്കേണ്ടിവരുന്ന അന്നയും.

malayalam movie live review mamtha mohandas, shine tom chacko and soubin nrn
Author
First Published May 26, 2023, 3:40 PM IST

മുൻപ് പലപ്പോഴും മാധ്യമലോകവുമായി ബന്ധപ്പെട്ട് പല സിനിമകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയെല്ലാം തന്നെ മാധ്യമ സ്ഥാനപനത്തിന് ഉള്ളിലുള്ള കാര്യങ്ങളും അവിടെ ജോലി ചെയ്യുന്നവർ നേരിടുന്ന വെല്ലുവിളികളെയും കുറിച്ചുള്ളവ ആയിരുന്നു. ഇതേ ജോണറിലുള്ള സിനിമയാണ് ലൈവ്. എന്നാൽ പറയുന്ന പ്രമേയം തീർത്തും വ്യത്യസ്തം. വ്യാജ വാർത്തകൾ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നതിന്റെ നേർ സാക്ഷ്യമാണ് ലൈവ് എന്ന വി കെ പ്രകാശ് സിനിമ. 

2018ലെ കൊച്ചിയിലാണ് സംഭവം നടക്കുന്നത്. 2018ലാണെങ്കിലും സമകാലീന സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട് ചിത്രം. സൗബിൻ, മംമ്ത മോഹൻദാസ്, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമല ശ്രീറാം എന്ന ​ഡോക്ടർ ആയാണ് മംമ്ത എത്തുന്നത്. തന്റെ കരിയറിൽ അച്ചീവ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പല വിഷയങ്ങളിലും ഇടപെടുന്ന നിശ്ചയദാർഢ്യമുള്ള കഥാപാത്രമാണിത്. അമലയുടെ ഭർത്താവ് ശ്രീറാം ആണ് സൗബിൻ. പരസ്യകമ്പനിയിൽ ജോലി ചെയ്യുകയാണ് ഇയാൾ. മന്ദാരം എന്ന മീഡിയ സ്ഥാപനത്തിലെ ചീഫ് എഡിറ്ററായ സം ജോൺ ആണ് ഷൈൻ. ‍ഡോക്ടർ ആകുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന യുവതിയാണ് അന്ന എന്ന പ്രിയ വാര്യരുടെ കഥാപാത്രം. 

malayalam movie live review mamtha mohandas, shine tom chacko and soubin nrn

കുട്ടിക്കാലം മുതൽ അമലയുമായി അടുപ്പമുള്ള ആളാണ് അന്ന. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ലക്ഷ്യബോധം ഉള്ള അന്നയ്ക്ക് കരുതലായി അമല ഉണ്ടാകും. നിനച്ചിരിക്കാതെ ഒരുനാൾ അന്നയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. അതും പെൺവാണിഭ കേസിൽ. അക്കൂട്ടത്തിൽ ഉൾപ്പെട്ട ആളല്ല അന്ന എന്ന് പൊലീസ് അറിയുന്നു. എന്നാൽ ഇക്കാര്യം മനസിലാക്കുന്നതിന് മുൻപ് തന്നെ മാധ്യമങ്ങളിൽ അന്ന ബ്രേക്കിം​ഗ് ആയി. സത്യം എന്താണെന്ന് അറിയാതെ നാടും നാട്ടരും ആ കുടുംബത്തെ വേട്ടയാടുന്നു. ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 

ഒരു സംഭവം ഉണ്ടായാൽ അതിന്റെ ഉള്ളറിയാതെ വ്യാജ വാർത്തകൾ ചമയ്ക്കപ്പെടുന്നതിനെ കുറിച്ചും വളച്ചൊടിക്കപ്പെടുന്നതിനെ പറ്റിയും  സിനിമ പറയുന്നു. പലപ്പോഴും പൊലീസ് പോലും സത്യം തുറന്ന് പറയാൻ മടിക്കുന്നുവെന്നും ചിത്രം തുറന്നു പറയുന്നു. ഒരുകാര്യത്തിന്റെ സത്യാവസ്ഥ അറിയാതെ അക്കാര്യം സമർത്ഥിക്കാൻ സോഷ്യൽ മീഡിയ കമന്റുകൾ ശ്രമിക്കുന്നതും സംഭാഷണങ്ങളിലൂടെ പ്രേക്ഷക മുന്നിലേക്കെത്തിച്ചു ചിത്രം. 

ഫേക്ക് നമ്പറിൽ നിന്നും വരുന്ന മോശം സന്ദേശം കാരണം പൊറുതിമുട്ടിയ അമലയും സത്യം മറയ്ക്കപ്പെട്ട് സമൂഹത്തിന് മുന്നിൽ പരിഹാസ്യയായി നിൽക്കേണ്ടിവരുന്ന അന്നയും ആണ് ആദ്യപകുതിയിൽ കാണുന്നത്. ത്രിലർ സ്വഭാവത്തിൽ സസ്പെൻസ് നിലനിർത്തിയുള്ള രണ്ടാം പകുതിയും പ്രേക്ഷകരെ സിനിമയിലേക്ക് ആകർക്ഷിക്കുന്നുണ്ട്. 

malayalam movie live review mamtha mohandas, shine tom chacko and soubin nrn

ലൈവിലെ മുൻനിര കഥാപാത്രങ്ങൾ മുതൽ ചെറിയ സീനിൽ വന്ന് പോകുന്നവർ വരെ തന്റെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച് കളറാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് സൗബിനും ഷൈനും. പക്കാ നെ​ഗറ്റീവ് ഇമേജാണ് ആദ്യം മുതൽ രണ്ടാം പകുതിവരെയും സൗബിനുള്ളത്. തനിക്ക് കിട്ടുന്ന ഏത് കഥാപാത്രത്തെയും അവ ആവശ്യപ്പെടുന്നത് നൽകുന്ന ഷൈൻ, ഇത്തവണയും കസറി. വ്യാജ വാർത്തകൾ മൂലം ഒരു വ്യക്തി അല്ലെങ്കിൽ സ്ത്രീയ്ക്ക് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളെ അതിന്റെ തനിമ ചോരാതെ പ്രിയ വാര്യരും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു.  

തിരക്കഥയാണ് ലൈവ് എന്ന സിനിമയുടെ നട്ടെല്ല്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ​ലാ​ഗ് അടിപ്പിക്കാതെ എസ്. സുരേഷ്ബാബു കഥ ഒരുക്കിയിരിക്കുന്നു. എപ്പോഴത്തെയും പോലെ വി.കെ. പ്രകാശും തന്റെ സംവിധാന മികവ് ലൈവിലും കാണിച്ചു. മികച്ച ഷോട്ടുകളും സീനുകളും സമ്മാനിച്ച ഛായാഗ്രഹകൻ നിഖിൽ എസ്. പ്രവീണും കയ്യടി അർഹിക്കുന്നു. കഥയ്ക്ക് ഉതകുന്ന സം​ഗീതം ഒരുക്കി അൽഫോൺസ് ജോസഫും തിളങ്ങി. 

ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം; മുൻഭാര്യയുടെ പോസ്റ്റുകൾ വൈറൽ

ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്. ട്രെൻഡ്‌സ് ആഡ്‌ ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ നിർവഹിച്ചത് അജിത് എ. ജോർജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പൻകോട് ആണ് പ്രൊഡക്ഷൻ കണ്ട്രോളർ. ലിജു പ്രഭാകർ ആണ് കളറിസ്റ്റ്. ഡിസൈനു കൾ നിർവഹിക്കുന്നത് മാ മി ജോ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. 

Latest Videos
Follow Us:
Download App:
  • android
  • ios