കശ്മീർ ഫയൽസും കാന്താരയും ഓസ്കാർ ഷോര്‍ട്ട് ലിസ്റ്റിലോ?; എന്താണ് അപ്പോ 'റിമൈന്‍റ് ലിസ്റ്റ്'.!
അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കാനിരിക്കുകയാണ് ഇതിന് മുന്നോടിയായി ഓസ്കാര്‍ അക്കാദമി പുറത്തുവിടുന്ന 'റിമൈന്‍റര്‍ ലിസ്റ്റാണ്' ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
തൊണ്ണൂറ്റിയഞ്ചാമത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഇടം പിടിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ആർആർആർ, ദ് കശ്മീർ ഫയൽസ്, കാന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ആ ചിത്രങ്ങൾ. 301 സിനിമകൾക്കൊപ്പം ആണ് ഓസ്കറിനായി ഈ ഇന്ത്യൻ സിനിമകൾ മത്സരിക്കാൻ ഒരുങ്ങുന്നത്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും എന്നാണ് ഈ വാര്‍ത്തയില്‍ ഉണ്ടായിരുന്നത്.
ഋഷഭ് ഷെട്ടിയുടെ 'കാന്താര' മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ആണ് മത്സരിക്കുന്നത് എന്നാണ് അതിന്‍റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് ട്വീറ്റിലൂടെ അറിയിച്ചത്. ദ കശ്മീര്‍ ഫയല്‍ സംവിധായകന്‍ വിവേക് അഗ്നിഹോത്രി കശ്മീര്‍ ഫയല്‍സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടുവെന്നും. ഫസ്റ്റ്ലിസ്റ്റില്‍ 5 ഇന്ത്യന്‍ സിനിമകള്‍ ഉണ്ടെന്നും പറഞ്ഞു.
കശ്മീര്‍ ഫലയല്‍സിന്‍റെ ഈ നേട്ടം വിവരിച്ച് എഎന്‍ഐയോട് സംസാരിച്ച് അനുപം ഖേര്‍ പടത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ജൂറിക്ക് അടക്കമുള്ള ഉത്തരമാണ് ഈ പടമെന്ന് അഭിപ്രായപ്പെടുകയും ഉണ്ടായി. ഈ ചിത്രത്തിലെ മറ്റൊരു നടനായ മിഥുന്‍ ചക്രബര്‍ത്തിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.
ഇപ്പോള്‍ പുറത്തുവന്നത് ഷോര്‍ട്ട് ലിസ്റ്റാണോ?
അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കാനിരിക്കുകയാണ് ഇതിന് മുന്നോടിയായി ഓസ്കാര്‍ അക്കാദമി പുറത്തുവിടുന്ന 'റിമൈന്‍റര്‍ ലിസ്റ്റാണ്' ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫൈനല്‍ വോട്ടിംഗിന് അര്‍ഹരായ അക്കാദമി അംഗങ്ങള്‍ക്കായുള്ള സിനിമകളുടെ പട്ടികയാണ് റിമൈൻഡർ ലിസ്റ്റ്. കൂടാതെ വിവിധ വിഭാഗങ്ങളില്‍ ഓസ്കാര്‍ അവാര്‍ഡിന് നോമിനേഷനുകൾക്ക് അർഹതയുള്ള ചിത്രങ്ങളുമായി ഇതിനെ കണക്കിലെടുക്കാം. അന്തിമ നാമനിർദ്ദേശ പട്ടിക പുറത്തുവരുന്നതോടെ ഇതില്‍ വലിയൊരു വിഭാഗം ചിത്രങ്ങളും പുറത്താകും.
എന്നാല്‍ റിമൈൻഡർ ലിസ്റ്റിൽ ഉള്‍പ്പെട്ടതിനാല്‍ ഒരു ചിത്രം അവസാന നോമിനേഷനിൽ എത്തണം എന്ന് നിര്‍ബന്ധമില്ല. പലപ്പോഴും ഇന്ത്യന്‍ ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍ വാരാറുണ്ട്. കഴിഞ്ഞ വര്‍ഷം ലിസ്റ്റില്‍ സൂര്യ നായകനായ ചിത്രം ജയ് ഭീം (2021) ഇടം പിടിച്ചിരുന്നു. സൂര്യ തന്നെ അഭിനയിച്ച ശൂരറൈ പോട്ര് (2020) എന്ന ചിത്രം അതിന് മുന്‍പുള്ള വര്‍ഷം ഈ ലിസ്റ്റില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിന്നുള്ള മോഹന്‍ലാല്‍ നായകനായ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹവും ഇത്തരത്തില്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.
എന്താണ് ഈ ലിസ്റ്റില്‍ കയറാനുള്ള മാനദണ്ഡം
ഒരു സിനിമയെ ഓസ്കാർ പരിഗണിക്കാൻ യോഗ്യമാക്കുന്നത് എന്താണ്?
ഓസ്‌കാറിന് പരിഗണിക്കപ്പെടുന്ന സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഓസ്കാർ വെബ്സൈറ്റിലെ നിയമങ്ങള്‍ അനുസരിച്ച് ഇത് ഇങ്ങനെയാണ് -
1. ഓസ്കാറിന് അയക്കുന്ന സിനിമകള്‍ കുറഞ്ഞത് യുഎസിലെ ആറ് മെട്രോപൊളിറ്റൻ ഏരിയകളിൽ ഒന്നിലെങ്കിലും ഒരു തീയറ്ററില്‍ തുടര്‍ച്ചയായി 7 ദിവസം കളിച്ചിരിക്കണം. (ലോസ് ഏഞ്ചൽസ് കൗണ്ടി, ന്യൂയോർക്ക്, ബേ ഏരിയ, ചിക്കാഗോ, ഇല്ലിനോയിസ്, മിയാമി, ഫ്ലോറിഡ അറ്റ്ലാന്‍റാ, ജോർജിയ എന്നിവയാണ് ആറ് മെട്രോപൊളിറ്റൻ ഏരിയകള്‍)
2. സമര്‍പ്പിക്കുന്ന സിനിമ ജനുവരി 1 2022 നും ഡിസംബർ 31 2022 നും ഇടയില്‍ റിലീസ് ചെയ്തവയാകണം.
3. സമര്‍പ്പിക്കുന്ന സിനിമകള്‍ക്ക് 40 മിനിറ്റിൽ കൂടുതൽ സമയദൈർഘ്യം ഉണ്ടായിരിക്കണം.
അതായത് ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ചിത്രങ്ങള്‍ക്ക് 'റിമൈന്‍റര്‍ ലിസ്റ്റില്‍' കയറാന്‍ കഴിയും. എന്നാല്‍ ഓസ്കാര്‍ ലഭിക്കണമെങ്കില്‍ ഇവിടെ നിന്നും അടുത്തഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്.
ഇപ്പോഴെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.!
അതേ സമയം 10 വിഭാഗങ്ങളില്‍ 15 ചിത്രങ്ങള്‍ വച്ച് ഓസ്കാറിന് വേണ്ടി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒറിജിനല്‍ ഗാനം വിഭാഗത്തില്‍ ആര്‍ആര്‍ആര്‍ ചിത്രത്തെ 'നാട്ടു നാട്ടു' ഇടംനേടിയിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര നിറവിലുള്ള ചിത്രം ഏറെ പ്രതീക്ഷയാണ് ഈ വിഭാഗത്തില്‍ പുലര്‍ത്തുന്നത്.
അതേസമയം, ഇന്ത്യയുടെ ഔദ്യഗിക എൻട്രിയായി 'ഛെല്ലോ ഷോ' ആണ് ഓസ്കറിൽ എത്തുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള ചുരുക്കപട്ടികയിലാണ് അവസാന പതിനഞ്ചില്‍ ചിത്രം ഇടംനേടിയത്. പാൻ നളിൻ സംവിധാനം ചെയ്‍ത ഗുജറാത്തി ചിത്രമാണ് 'ഛെല്ലോ ഷോ'. ഭാവിൻ രബാറീ, ഭാവേഷ് ശ്രീമാളി, റിച്ച മീന, ദിപെൻ രാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുപതാമത് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ ആണ് ചിത്രം പ്രീമിയര് ചെയ്‍തത്. പാൻ നളിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
'ആര്‍ആര്‍ആറി'ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും
സ്പിൽബർഗും ആര്‍ആര്‍ആറും; ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ തിളങ്ങിയത് ഇവര്‍