Asianet News MalayalamAsianet News Malayalam

'ആര്‍ആര്‍ആറി'ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും

ഗോള്‍ഡൻ ഗ്ലോബ് നേടിയ രാജമൗലി ചിത്രത്തിന്റെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും.

Actors Mammootty and Mohanlal wish for Rajamoulis RRR song Naatu Naatus Golden Globes win
Author
First Published Jan 11, 2023, 2:42 PM IST

ഒറിജിനല്‍ സോംഗിനുള്ള  ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ 'ആര്‍ആര്‍ആര്‍'. കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന പാട്ടിനാണ് പുരസ്‍കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തി. ഇന്ത്യക്കൊട്ടാകെ അഭിമാനമാണെന്ന് പറഞ്ഞ് മോഹൻലാലും മമ്മൂട്ടിയും 'ആര്‍ആര്‍ആര്‍' സംഘത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

ലോകം ഇന്ത്യൻ സിനിമയ്‍ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി എഴുതിയത്. ഇത് അര്‍ഹിച്ച അംഗീകാരമാണെന്നും ഒരു ചരിത്ര നാഴികക്കല്ലാണെന്നും മോഹൻലാല്‍ എഴുതിയിരിക്കുന്നു. ഇന്ത്യക്ക് അഭിമാനമാണെന്നും മോഹൻലാല്‍ പറയുന്നു. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഒറിജിനല്‍ സ്‍കോര്‍ കാറ്റഗറിയില്‍ സ്‍കര്‍ അവാര്‍ഡിനുള്ള പരിഗണനാ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്.

'നാട്ടു നാട്ടു' എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവുമായിരുന്നു ഗാനം. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍. കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Read More: ആഘോഷിക്കാൻ വിജയ്‍യുടെ ഒരു കുടുംബ ചിത്രം, 'വാരിസ്' റിവ്യു

Follow Us:
Download App:
  • android
  • ios