Asianet News MalayalamAsianet News Malayalam

'നന്ദി ഓഫീസർ, ഒരുപാട് നന്ദി, ഒരു മിനിറ്റ് വൈകിയിരുന്നെങ്കിൽ എന്തും സംഭവിച്ചേനെ'; നടുക്കുന്ന സിസിടിവി ദൃശ്യം

ഗുവാഹത്തിയിൽ നിന്ന് ബിക്കാനീറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടയിലാണ് യാത്രക്കാരൻ അപകടത്തിലായത്. 11.18 നാണ് വണ്ടി സ്റ്റേഷനിൽ എത്തിയത്. 11.35 -ന് പുറപ്പെടുകയും ചെയ്തു.

RPF Officer rescuing man slipped  from train cctv visuals went viral
Author
First Published Apr 17, 2024, 9:01 AM IST

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കരുത്. ആ ട്രെയിനിൽ കയറാൻ സാധിച്ചില്ലെങ്കിലും അടുത്ത ട്രെയിനിൽ നമുക്ക് ലക്ഷ്യസ്ഥാനത്തെത്താം. എന്നാൽ, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നത് വഴി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കുന്ന അനേകം പേരുണ്ട്. എത്ര പറഞ്ഞാലും ശ്രദ്ധിക്കാതെ ആളുകൾ പിന്നെയും പിന്നെയും ഇത് തന്നെ ചെയ്തുകൊണ്ടിരിക്കും. അതുപോലെ, ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച് അപകടത്തിലായ ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കയാണ് ഒരു ആർപിഎഫ് ഉദ്യോഗസ്ഥൻ. 

സംഭവത്തിന്റെ ​ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധിപ്പേരാണ് ഈ ഉദ്യോ​ഗസ്ഥനെ അഭിനന്ദിക്കുന്നത്. വളരെ ധീരമായ ഒരു പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം അമാന്തിച്ചു നിന്നിരുന്നെങ്കിൽ, ഒരുമിനിറ്റ് വൈകിയിരുന്നെങ്കിൽ യാത്രക്കാരന് ഒരുപക്ഷേ തന്റെ ജീവൻ തന്നെ നഷ്ടമായേനെ. 
ഞായറാഴ്ചയാണ് ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീഴാൻപോയ ഒരു യാത്രക്കാരനെ ആർപിഎഫിലെ അസി. സബ് ഇൻസ്പെക്ടറായ സഞ്ജയ് കുമാർ റാവത്ത് രക്ഷപ്പെടുത്തിയത്. 

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഗുവാഹത്തിയിൽ നിന്ന് ബിക്കാനീറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടയിലാണ് യാത്രക്കാരൻ അപകടത്തിലായത്. 11.18 നാണ് വണ്ടി സ്റ്റേഷനിൽ എത്തിയത്. 11.35 -ന് പുറപ്പെടുകയും ചെയ്തു. ആ സമയത്ത് സ്റ്റേഷനിൽ ഉച്ചഭക്ഷണം വാങ്ങുന്നതിനായി പോയതായിരുന്നു യാത്രക്കാരൻ. വണ്ടി പുറപ്പെടുകയായി എന്നറിഞ്ഞ ഇയാൾ വേ​ഗത്തിലെത്തുകയും ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുകയും ആയിരുന്നു. 

എസി കോച്ചിലെ വാതിൽപിടിയിൽ ഇയാൾ കയ്യെത്തിപ്പിടിച്ചു. എന്നാൽ അയാൾ പ്ലാറ്റ്‍ഫോമിനും ട്രെയിനിനും ഇടയിലുള്ള ​ഗ്യാപ്പിലൂടെ താഴേക്ക് വീഴുന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തിയത്. ഇത് മനസിലാക്കിയ സഞ്ജയ് കുമാർ അങ്ങോട്ട് ഓടിയെത്തുകയും തന്റെ സകലശക്തിയും സംഭരിച്ച് ഇയാളെ പിടിച്ച് പ്ലാറ്റ്‍ഫോമിലേക്കാക്കുകയുമായിരുന്നു. രണ്ടുപേരും കൂടി പ്ലാറ്റ്‍ഫോമിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. അപ്പോഴേക്കും സ്റ്റേഷനിൽ കൂടി നിന്നവരെല്ലാം ഇവരുടെ അടുത്തേക്ക് എത്തുന്നുണ്ട്. 

എല്ലാം സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ജയ്പൂർ സ്വദേശിയായ സജ്ജൻ കുമാറെന്ന യാത്രക്കാരനാണ് അപകടത്തിൽ പെട്ടത്. പിന്നീട് ഇയാൾ മറ്റൊരു ട്രെയിനിൽ യാത്ര തുടർന്നു. 

വായിക്കാം: 'ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്'; കടുവയും മക്കളും കൂടി മുതലയെ വേട്ടയാടി തിന്നുന്ന വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios