ചതുരപ്പുളിയുണ്ടോ വീട്ടില്‍? മഴയ്ക്കു മുമ്പേ വിളവെടുക്കാം

By Web TeamFirst Published May 13, 2020, 4:49 PM IST
Highlights

പഴം മഞ്ഞ കലര്‍ന്ന പച്ചനിറമാകുമ്പോഴും പൂര്‍ണമായും മഞ്ഞയാകുമ്പോഴും വിളവെടുപ്പിന് പാകമാകും. 10 ഡിഗ്രി സെല്‍ഷ്യസില്‍ പാക്ക് ചെയ്ത് സൂക്ഷിച്ചാല്‍ നാല് ആഴ്ചയോളം കേടാകാതിരിക്കും. 

കാരംബോള എന്ന് ഇംഗ്ലീഷുകാര്‍ വിളിക്കുന്ന ചതുരപ്പുളി ഉപ്പ് ചേര്‍ത്ത് ഉണക്കിയാല്‍ ആളൊരു കേമനാണ്. ഇതിന്റെ പഴുത്ത കായയില്‍ നിന്ന് സര്‍ബത്ത് തയ്യാറാക്കാം. കേക്ക് നിര്‍മിക്കാനും ഉപയോഗിക്കുന്ന ഇത് ചതുരപ്പുളി, സ്റ്റാര്‍ഫ്രൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. വേനല്‍ക്കാലത്തിന് ശേഷവും മഴക്കാലത്തിന് തൊട്ടുമുമ്പും വിളവെടുക്കുമ്പോള്‍ ചതുരപ്പുളി കൂടുതല്‍ വിളവ് തരുന്നു. വീഞ്ഞ് നിര്‍മാണത്തിനും ഉപയോഗപ്പെടുത്തുന്ന ചതുരപ്പുളിയുടെ വിശേഷങ്ങള്‍ അറിയാം.

ഗ്രാഫ്റ്റ് ചെയ്ത് ചതുരപ്പുളിയുടെ തൈകള്‍ പാത്രങ്ങളില്‍ ബോണ്‍സായ് രൂപത്തില്‍ വളര്‍ത്താറുണ്ട്. ഇങ്ങനെ വളരുമ്പോള്‍ ചെറിയ മരത്തില്‍ നിന്നു തന്നെ കായകള്‍ ഉണ്ടാകുകയും അലങ്കാരച്ചെടിയായി വളരുകയും ചെയ്യും.

ചൂടുള്ള കാലാവസ്ഥയില്‍ വളരുന്ന ചെടിയാണിത്. ഒര പ്രത്യേക സീസണില്‍ പുഷ്പിക്കുന്ന സ്വഭാവം ഇല്ലെന്ന് വേണമെങ്കില്‍ പറയാം. അതായത് ചതുരപ്പുളി വിളവെടുക്കുന്ന സമയം വര്‍ഷാവര്‍ഷങ്ങളില്‍ മാറിയേക്കാം. ചില സ്ഥലങ്ങളില്‍ രണ്ടോ മൂന്നോ വിളവെടുപ്പ് വര്‍ഷത്തില്‍ നടത്താറുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ കൂടുതല്‍ തവണ വിളവെടുപ്പ് നടത്താന്‍ കഴിയാറണ്ട്. കാലാവസ്ഥയാണ് ചതുരപ്പഴമുണ്ടാകുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകം.

പഴം മഞ്ഞ കലര്‍ന്ന പച്ചനിറമാകുമ്പോഴും പൂര്‍ണമായും മഞ്ഞയാകുമ്പോഴും വിളവെടുപ്പിന് പാകമാകും. 10 ഡിഗ്രി സെല്‍ഷ്യസില്‍ പാക്ക് ചെയ്ത് സൂക്ഷിച്ചാല്‍ നാല് ആഴ്ചയോളം കേടാകാതിരിക്കും. പൂര്‍ണമായും പഴുത്ത പഴങ്ങള്‍ തറയില്‍ വീഴും. പഴുക്കുമ്പോള്‍ തൊട്ടാല്‍ മെഴുകു പോലെ തോന്നിക്കുന്നതാണ്. ഈ സമയത്ത് പറിച്ചെടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. രാവിലെ വിളവെടുത്താല്‍ പഴങ്ങള്‍ കൂടുതല്‍ കാലം സൂക്ഷിക്കാം. കറികളില്‍ പുളിക്ക് പകരമായും ഉപയോഗിക്കാറുണ്ട്.

കൃഷി ചെയ്യുന്ന വിധം

വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കി വളര്‍ത്താറുണ്ട്. പക്ഷേ ഗ്രാഫ്റ്റിങ്ങ് നടത്തിയാല്‍ കൂടുതല്‍ നന്നായി വളരുന്ന ചെടികളുണ്ടാകും. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും കമ്പോസ്റ്റും നിറച്ച് തൈകള്‍ നടണം.

പൂര്‍ണവളര്‍ച്ചയെത്തുന്നതുവരെ വര്‍ഷത്തില്‍ 50 കി.ഗ്രാം ജൈവവളം ചേര്‍ക്കാറുണ്ട്. ചതുരപ്പുളിയില്‍ കായുണ്ടാകാന്‍ മൂന്നോ നാലോ വര്‍ഷമെടുക്കുന്നു.

ഇതിന്റെ മഞ്ഞനിറത്തിലുള്ള വിത്ത് ഉപയോഗിച്ച് ചില രാജ്യങ്ങളില്‍ ഹെല്‍ത്ത് ഡ്രിങ്ക് ഉണ്ടാക്കുന്നുണ്ട്.വയറിലെ പ്രശ്‌നങ്ങള്‍, അതിസാരം എന്നിവ പരിഹരിക്കാന്‍ ചതുരപ്പുളിക്ക് കഴിവുണ്ട്. വിത്തില്‍ നിന്ന് തൈലം വേര്‍തിരിച്ചെടുക്കാറുണ്ട്. മരത്തിന്റെ തൊലിയില്‍ നിന്ന് ഒരു തരം ഫ്‌ളവനോയിഡ് വേര്‍തിരിച്ചെടുത്തിട്ടുമുണ്ട്.


 

click me!