കണ്ടാല്‍ ഗോള്‍ഡ് ഫിഷ് എന്നുതോന്നും, ഇത് മനോഹരമായ പൂച്ചെടിയാണ്; വീട്ടില്‍ വളര്‍ത്താം

By Web TeamFirst Published Jun 30, 2020, 3:55 PM IST
Highlights

ഈ ചെടി വളര്‍ത്താന്‍ ആവശ്യം മോസ് വിഭാഗത്തില്‍പ്പെട്ട സസ്യങ്ങളാണ്. പെര്‍ലൈറ്റും വെര്‍മിക്കുലൈറ്റും ഒരേ അളവില്‍ എടുത്ത് ഈ മോസും ചേര്‍ത്താണ് വളര്‍ച്ചാ മാധ്യമം തയ്യാറാക്കുന്നത്. 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലാണ് വളരുന്നത്.
 

പൂക്കളുടെ ആകൃതി കൊണ്ട് വ്യത്യസേ‍തമായ ഒരു പ്രത്യേകതരം ചെടിയാണ് ഗോള്‍ഡ് ഫിഷ് ചെടി. മത്സ്യത്തെപ്പോലെ തോന്നിക്കുന്ന പൂവിതളുകളാണ് ഇങ്ങനെയൊരു പേര് വരാന്‍ കാരണം. സാധാരണ വീടുകളില്‍ പാത്രങ്ങളില്‍ തൂക്കിയിട്ട് വളര്‍ത്തുന്ന ചെടിയാണിത്. ചുവപ്പും ഓറഞ്ചും മഞ്ഞയും പൂക്കളുണ്ടാകുന്ന മൂന്ന് അടിയോളം പടര്‍ന്നുവളരുന്ന ഈ ചെടിയുടെ വിശേഷങ്ങള്‍ അറിയാം.

മറ്റുമരങ്ങളില്‍ വളര്‍ന്ന് മണ്ണില്‍ നിന്നല്ലാതെ പോഷകാംശങ്ങള്‍ സ്വീകരിക്കുന്ന എപ്പിഫൈറ്റുകളുടെ വിഭാഗത്തില്‍പ്പെട്ട ചെടിയാണിത്. മരത്തെ ചൂഷണം ചെയ്‍ത് പോഷകാംശം വലിച്ചെടുക്കുന്ന ചെടിയല്ല. അന്തരീക്ഷത്തില്‍ നിന്നും പോഷകാംശങ്ങള്‍ വലിച്ചെടുത്ത് വളരുന്ന ചെടിയാണിത്. വേരുകള്‍ ഉപയോഗിക്കുന്നത് മരത്തില്‍ പറ്റിപ്പിടിച്ച് വളരാന്‍ വേണ്ടിമാത്രമാണ്.

ഈ ചെടി വളര്‍ത്താന്‍ ആവശ്യം മോസ് വിഭാഗത്തില്‍പ്പെട്ട സസ്യങ്ങളാണ്. പെര്‍ലൈറ്റും വെര്‍മിക്കുലൈറ്റും ഒരേ അളവില്‍ എടുത്ത് ഈ മോസും ചേര്‍ത്താണ് വളര്‍ച്ചാ മാധ്യമം തയ്യാറാക്കുന്നത്. 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലാണ് വളരുന്നത്.

13 മണിക്കൂറുകളോളം നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലമാണ് വളര്‍ത്താന്‍ നല്ലത്. നേരിട്ട് സൂര്യപ്രകാശം ലഭിച്ചാല്‍ ചെടി ഉണങ്ങുകയും ഇലകള്‍ കരിഞ്ഞുപോകുകയും ചെയ്യും. വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന ലൈറ്റ് കൃത്രിമമായി നിര്‍മിച്ചും പ്രകാശം നല്‍കാം.

തണുത്ത വെള്ളം ഇലകള്‍ നശിച്ചു പോകാന്‍ കാരണമാക്കും. വേനല്‍ക്കാലത്ത് ചെടികള്‍ പുഷ്പിക്കും. അപ്പോള്‍ ഫോസ്ഫറസ് അടങ്ങിയ വളങ്ങള്‍ നല്‍കാം. ഇത് വെള്ളത്തില്‍ കലര്‍ത്തി നല്‍കുന്നതാണ് നല്ലത്.

പൂവിട്ട് കഴിഞ്ഞാല്‍ ഇലകളും പൂക്കളും നുള്ളിക്കളഞ്ഞ് ശാഖകളുണ്ടാകാന്‍ വഴിയൊരുക്കണം. പ്രൂണിങ്ങ് ചെയ്ത് കുറ്റിച്ചെടി പോലെ വളര്‍ത്താം. മൊസൈക് വൈറസും കുമിള്‍ രോഗങ്ങളും ബാധിക്കാറുണ്ട്. 


 

click me!