വാടാര്‍മല്ലി പര്‍പ്പിള്‍ നിറത്തില്‍ മാത്രമല്ല ; പിങ്കും ചുവപ്പും ഓറഞ്ചും വെളുപ്പും പൂക്കളും ലഭ്യം

By Web TeamFirst Published Oct 18, 2020, 3:21 PM IST
Highlights

വിത്ത് മുളപ്പിച്ച് എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് വളരാന്‍ അഭികാമ്യം. 

ഗ്ലോബ് അമരാന്ത് അഥവാ ഗോംഫ്രെന ഗ്ലോബോസ എന്ന പേര് കേട്ടാല്‍ പലര്‍ക്കും ചെടിയേതാണെന്ന് മനസിലാക്കാന്‍ പ്രയാസമായിരിക്കും. അമരാന്തേഷ്യ എന്ന സസ്യകുടുംബത്തില്‍പ്പെട്ട തെക്കേ അമേരിക്കന്‍ സ്വദേശിയായ സുന്ദരിപ്പൂവായ വാടാര്‍മല്ലിയാണിത്. വിടരുന്ന അവസരത്തിലും ഉണങ്ങിയാലും മനോഹാരിത നിലനില്‍ക്കുന്ന പൂക്കളാണിത്.

സെലോഷ്യ,സ്പിനാഷ്, മുള്ളന്‍ചീര എന്നിവയുടെ കുടുംബത്തില്‍പ്പെട്ട പൂച്ചെടിയായ വാടാര്‍മല്ലി ക്രോസ് ബ്രീഡിങ്ങ് നടത്തി പിങ്ക്, പര്‍പ്പിള്‍,ചുവപ്പ്, ഓറഞ്ച്, വെളുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. വളരെ ചെറിയതും തുടര്‍ച്ചയായി കുറേക്കാലം വിടരുന്നതുമായ പൂക്കളുമാണ് വാടാര്‍മല്ലിക്ക്. റീത്തുകളിലും മറ്റ് അലങ്കാരത്തിനുമായി മല്ലിക ഉപയോഗിക്കാറുണ്ട്. ഉഷ്ണമേഖലാ സസ്യമായതിനാല്‍ കാലാവസ്ഥ വളരെ തണുപ്പുള്ളതും ഈര്‍പ്പമുളളതുമാണെങ്കില്‍ ഇലപ്പുള്ളി രോഗം വരാനിടയുണ്ട്.

വിത്ത് മുളപ്പിച്ച് എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് വളരാന്‍ അഭികാമ്യം. തനതായ ഇനങ്ങള്‍ രണ്ട് അടി ഉയരത്തില്‍ വളരും. കുളളന്‍ ഇനങ്ങളുമുണ്ട്. ഓണക്കാലത്ത് പൂക്കളത്തില്‍ ഒഴിച്ചുകൂടാനാകാത്ത വാടാര്‍മല്ലി വെറുതെ വാരി മണ്ണിലിട്ടാലും മുളച്ച് പൊന്തി പൂവിടുന്നത് നമ്മുടെ നാട്ടിലെ കാഴ്ചയാണ്.

click me!