നിലക്കടല കൃഷി വീട്ടിലും പരീക്ഷിക്കാം; ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ മതി

Published : May 23, 2020, 09:48 AM IST
നിലക്കടല കൃഷി വീട്ടിലും പരീക്ഷിക്കാം; ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ മതി

Synopsis

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് നിലക്കടലത്തൈകള്‍ നന്നായി വളരുന്നത്. കളിമണ്ണും കട്ടി കൂടിയ തരത്തിലുള്ള മണ്ണും കൃഷിക്ക് യോജിച്ചതല്ല. മണ്ണിലെ പി.എച്ച് മൂല്യം 6 നും 7.5 നും ഇടയിലാണെങ്കില്‍ നല്ല വിളവ് ലഭിക്കും.  

നിലക്കടല കഴിക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമായിരിക്കും. ലെഗുമിനോസെ സസ്യകുടുംബത്തില്‍പ്പെട്ട നിലക്കടല എണ്ണക്കുരുവായും ഉപയോഗിക്കുന്നു. മണ്ണില്‍ പടര്‍ന്ന് വളരുന്ന ചെടിയാണിത്. ചെടിയുടെ മുകളിലുണ്ടാകുന്ന പൂവ് പരാഗണം നടന്നാല്‍ മണ്ണിനടിയിലേക്ക് വളര്‍ന്നിറങ്ങി കായയുണ്ടാകുന്നു. കേരളത്തില്‍ നിലക്കടലക്കൃഷി ചെയ്യുന്നവരുണ്ട്. വേണമെങ്കില്‍ ചട്ടിയിലും ഈ കൃഷി പരീക്ഷിച്ചു നോക്കാം.

നിലക്കടലച്ചെടി സ്വപരാഗണം നടത്തുന്നയിനമാണ്. തേനീച്ചകളും മറ്റ് പ്രാണികളുമാണ് പരാഗം ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലെത്തിക്കുന്നത്. വിത്ത് വിതച്ചാല്‍ നാല് മുതല്‍ ആറ് ആഴ്ചകള്‍ കൊണ്ട് ആദ്യത്തെ പൂമൊട്ടുണ്ടാകും. ആറ് ആഴ്ചക്കാലത്തോളം പൂ വിരിഞ്ഞുകൊണ്ടിരിക്കും.

നിലക്കടലയുടെ വിത്തിനെ നിരവധി കീടങ്ങള്‍ ആക്രമിക്കാറുണ്ട്. വിത്തിന്റെ ഗുണനിലവാരമില്ലാതാക്കാന്‍ ബാക്റ്റീരിയ, വൈറസ്, നെമാറ്റോഡുകള്‍, കുമിളുകള്‍ എന്നിവയ്ക്ക് കഴിയും. വളര്‍ച്ചയുടെ ആരംഭത്തില്‍ ഏകദേശം 50 മുതല്‍ 125 വരെ സെ.മീ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് നിലക്കടല നന്നായി വളരുന്നത്. നല്ല സൂര്യപ്രകാശവും ചൂട് കൂടുതലുള്ള കാലാവസ്ഥയും ആവശ്യമാണ്. മണ്ണിലെ ചൂട് നിലക്കടലക്കൃഷിയിലെ പ്രധാനപ്പെട്ട ഘടകമാണ്. വിത്ത് മുളയ്ക്കാനും വളരാനും പൂവിടാനുമെല്ലാം താപനിലയ്ക്ക് പങ്കുണ്ട്. അതായത് 19 ഡിഗ്രി സെല്‍ഷ്യസില്‍ കുറയുമ്പോള്‍ വളര്‍ച്ച കുറയും. ശരിയായ വളര്‍ച്ചയുണ്ടാകാനാവശ്യമായ താപനില 26 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

 

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് നിലക്കടലത്തൈകള്‍ നന്നായി വളരുന്നത്. കളിമണ്ണും കട്ടി കൂടിയ തരത്തിലുള്ള മണ്ണും കൃഷിക്ക് യോജിച്ചതല്ല. മണ്ണിലെ പി.എച്ച് മൂല്യം 6 നും 7.5 നും ഇടയിലാണെങ്കില്‍ നല്ല വിളവ് ലഭിക്കും.

നഴ്‌സറിയില്‍ മുളപ്പിക്കുന്ന വിത്തുകള്‍ കൃഷിഭൂമിയിലേക്ക് മാറ്റിനടാം. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിത്തുകളാണിത്. ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍ തന്നെ വാങ്ങണം. വിത്തുകള്‍ പ്രകൃതിദത്തമായ രീതിയില്‍ ഉണക്കിയെടുത്ത് നടാം. വിത്തുകള്‍ ഉണക്കിയെടുക്കാന്‍ കൃത്രിമമാര്‍ഗങ്ങളും സ്വീകരിക്കാം. പക്ഷേ ഉണക്കാനായി കൂടുതല്‍ ചൂട് നല്‍കിയാല്‍ മുളയ്ക്കാനുള്ള കാലതാമസം നേരിടും.

വിത്തുകള്‍ മുളപ്പിക്കുമ്പോള്‍ കുമിള്‍ നാശിനികളും റൈസോബിയം കള്‍ച്ചറും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരു ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ 1.5 കി.ഗ്രാം റൈസോബിയം കള്‍ച്ചര്‍ ആവശ്യമാണ്. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്തുകള്‍ രാസവളങ്ങളുമായി ചേര്‍ക്കരുത്. ജൈവവളങ്ങളാണ് കൃഷിയില്‍ അഭികാമ്യം.

നിലക്കടലയുടെ വിത്ത് വലുപ്പത്തിലും ആകൃതിയിലും ആവരണത്തിന്റെ നിറത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മൂന്ന് ലെയറുകളാണ് വിത്തിനുള്ളത്. പുറത്തുള്ള എപ്പിഡെര്‍മിസ് അഥവാ സ്‌ക്‌ളീറെന്‍കൈമ, നടുവിലുള്ള പാരന്‍കൈമ, അകത്തുള്ള പാരെന്‍കൈമ എന്നിവയാണ് വിത്തിന്റെ ആവരണങ്ങള്‍.  

വിത്തിന്റെ വലുപ്പം വളരെ പ്രധാനമാണ്. ഏഴു മുതല്‍ 21 മി.മീ വരെ നീളമുള്ളതാണ് വിത്തുകള്‍.വിത്തുകളുടെ ഭാരം 0.17 ഗ്രാം മുതല്‍ 1.24 ഗ്രാം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.

നല്ല വിത്തുകള്‍ ഉയര്‍ന്ന വിളവിനുള്ള അടിസ്ഥാനമാണ്. തനതായ വിത്തുകള്‍ തന്നെ ഉപയോഗിക്കണം. വിത്ത് മുളയ്ക്കാന്‍ 5 മുതല്‍ 10 ദിവസം വരെ ആവശ്യമാണ്.

ചട്ടിയില്‍ നടാം

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ കര്‍ഷക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നിലക്കടലക്കൃഷി നടത്തിയിട്ടുണ്ട്. 1500 മീറ്റര്‍ ഉയരത്തില്‍ വരെ നിലക്കടല കൃഷി ചെയ്യാം. മണ്ണില്‍ അമ്ലഗുണം കൂടുതലായാല്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അമ്ലത്വം കുറയ്ക്കണം.

വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന വിത്തുകള്‍ തുണിയില്‍ നനച്ച് കെട്ടിവെക്കണം. മുളച്ചു വരുമ്പോള്‍ ചട്ടിയില്‍ വളര്‍ത്താം. നല്ല വെയിലും ജൈവവളങ്ങളും നല്‍കിയാല്‍ മതി.

 

ഔഷധങ്ങള്‍, സോപ്പുകള്‍, വാര്‍ണീഷുകള്‍ എന്നിവ നിര്‍മിക്കാന്‍ നിലക്കടല ഉപയോഗിക്കുന്നു. പ്രോട്ടീന്‍,  കൊഴുപ്പ്, ധാതുക്കള്‍, ഫോസ്ഫറസ്, കാത്സ്യം എന്നിവ നിലക്കടലയില്‍ അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം എന്നിവയും നിലക്കടയിലുണ്ട്.

PREV
click me!

Recommended Stories

കോവൽ; നല്ല വിപണി സാധ്യത, വളർത്താനും വിളവെടുക്കാനും എളുപ്പം
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!