വീട്ടിനുള്ളില്‍ വളര്‍ത്താന്‍ മിനിയേച്ചര്‍ റോസ്; കുഞ്ഞന്‍ റോസാപ്പൂക്കള്‍ വിരിയിക്കാം

By Web TeamFirst Published Jul 16, 2020, 4:14 PM IST
Highlights

നന്നായി വളരുന്ന ഘട്ടത്തില്‍ വളപ്രയോഗം അനിവാര്യമാണ്. നന്നായി വളം ആവശ്യമുള്ള ചെടിയാണിത്. എല്ലാ സീസണിലും ഇതില്‍ പൂക്കള്‍ വിരിയുമെന്നതിനാല്‍ കൃത്യമായ വളപ്രയോഗം ആവശ്യമാണ്. 

പനിനീര്‍ച്ചെടികളെ ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുന്നവരുണ്ടോ?മിനിയേച്ചര്‍ റോസ് എന്ന് വിളിക്കുന്ന ചെറിയ ഇനത്തില്‍പ്പെട്ട പനിനീര്‍പ്പൂക്കളെ വീട്ടിനുള്ളില്‍ വളര്‍ത്താവുന്നതാണ്. ചെറിയ സ്റ്റാന്റുകളില്‍ ഘടിപ്പിക്കാവുന്ന പാത്രങ്ങളില്‍ ഇത്തരം പനിനീര്‍പ്പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത് ആരെയും ആകര്‍ഷിക്കും. വീടിനുള്ളില്‍ സുഗന്ധപൂരിതമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും. ഇത്തരത്തില്‍ വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന ചെറിയ ഇനങ്ങളാണ് സാല്യൂട്ട്, ഐവറി പാലസ്, ഓട്ടം സ്‌പെളന്‍ഡര്‍, അര്‍ക്കാനം, വിന്റര്‍ മാജിക്, കോഫീ ബീന്‍ എന്നിവ.
 
ഈ കുഞ്ഞുപൂക്കള്‍ വളര്‍ത്തുമ്പോള്‍ മണ്ണില്‍ ജൈവവളം ചേര്‍ക്കണം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. പനിനീര്‍ വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ ആവശ്യമുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. ആറ് മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം ലഭിച്ചാല്‍ ഇവ തഴച്ചു വളരും. വീടിനകത്ത് വരണ്ട അന്തരീക്ഷമാണെങ്കില്‍ ആര്‍ദ്രത നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ചെടികള്‍ വളര്‍ത്തുന്ന പാത്രം കുറച്ച് വെള്ളത്തില്‍ പെബിള്‍സ് ഇട്ട് വെച്ച ട്രേയ്ക്ക് മുകളില്‍ വെച്ചാല്‍ മതി. ഈ വെള്ളം ബാഷ്പീകരിക്കുമ്പോള്‍ ചെടിക്ക് ആവശ്യമായി ഈര്‍പ്പം ലഭിക്കും. മണ്ണിന്റെ മുകള്‍ഭാഗം തൊട്ടുനോക്കിയാല്‍ ഈര്‍പ്പമില്ലെങ്കില്‍ മാത്രം നനച്ചാല്‍ മതി. ചെടി ഒരിക്കലും വരണ്ട മണ്ണില്‍ വളര്‍ത്തരുത്.

നന്നായി വളരുന്ന ഘട്ടത്തില്‍ വളപ്രയോഗം അനിവാര്യമാണ്. നന്നായി വളം ആവശ്യമുള്ള ചെടിയാണിത്. എല്ലാ സീസണിലും ഇതില്‍ പൂക്കള്‍ വിരിയുമെന്നതിനാല്‍ കൃത്യമായ വളപ്രയോഗം ആവശ്യമാണ്. മഞ്ഞ നിറമുള്ളതും ബ്രൗണ്‍ നിറമുള്ളതുമായ ഇലകള്‍ പറിച്ചുമാറ്റണം. നന്നായി വളരാനും കൂടുതല്‍ പൂക്കളുണ്ടാകാനും പ്രൂണിങ്ങ് നടത്തിക്കൊടുക്കണം.

ചെറിയ പൂക്കളുണ്ടാകുന്ന ഇവയില്‍ കൗതുകമുള്ള ഇനങ്ങളുണ്ട്. കുത്തനെ കയറിപ്പോകുന്ന തരത്തില്‍ വളരുന്നതും പടര്‍ന്നുവളരുന്ന തരത്തിലുള്ളതും മാക്രോ മിനി എന്ന ഏറ്റവും ചെറിയ റോസും ആകര്‍ഷകമായ ഇനങ്ങളാണ്. മാക്രോ മിനി എന്ന ഇനത്തില്‍ 12 ഇഞ്ചുള്ള ചെടിയില്‍ പൂക്കളുണ്ടാകും. ബ്‌ളാക്ക് സ്‌പോട്ട്, കുമിള്‍ രോഗങ്ങള്‍, പൗഡറി മില്‍ഡ്യു എന്നീ രോഗങ്ങളെല്ലാം ബാധിക്കാന്‍ സാധ്യതയുണ്ട്. കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് വളര്‍ത്തണം.

click me!