മുള്ളങ്കി വളര്‍ത്താം തണുപ്പുള്ള കാലാവസ്ഥയില്‍; ജൂലായ് മുതല്‍ ജനുവരി വരെ കൃഷിക്ക് യോജിച്ച സമയം

By Web TeamFirst Published Jun 17, 2020, 5:06 PM IST
Highlights

ഒരു ഹെക്ടര്‍ സ്ഥലത്ത് എട്ട് മുതല്‍ 10 കിഗ്രാം വരെ വിത്ത് വിതയ്ക്കാം.  ജൂലായ് മുതല്‍ ജനുവരി വരെയാണ് സാധാരണയായി കൃഷിക്ക് യോജിച്ച സമയം. അഞ്ച് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ മുളയ്ക്കും.

ഇടവിളയായും അല്ലാതെയും എളുപ്പത്തില്‍ കൃഷി ചെയ്‍ത് വിളവെടുക്കാന്‍ പറ്റുന്ന പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. ഇന്ത്യയില്‍ പല ഇനങ്ങളിലുമുള്ള മുള്ളങ്കി കൃഷി ചെയ്യുന്നുണ്ട്. ഉഷ്‍ണ മേഖലാ പ്രദേശങ്ങളിലും ഉപോഷ്‍ണ മേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്യുന്ന വ്യത്യസ്‍ത ഇനങ്ങളെക്കുറിച്ചും അവയുടെ കൃഷിരീതിയെക്കുറിച്ചും അല്‍പം കാര്യം.

 

പുസ ദേശി: ഉത്തരേന്ത്യയില്‍ വളരെ നന്നായി വളരുന്നയിനമാണിത്. ആഗസ്റ്റ് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് ഈ ഇനം നട്ടുവളര്‍ത്തുന്നത്. വെളുത്ത നിറത്തിലുള്ള ഈ ഇനം 55 ദിവസങ്ങള്‍ കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തി വിളവെടുക്കാം.

പുസ ചേത്കി: ഉയര്‍ന്ന താപനിലയിലാണ് നന്നായി വളരുന്നത്. മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയാണ് വളര്‍ത്താന്‍ അനുയോജ്യം. ഇടത്തരം വലുപ്പത്തില്‍ വളരുന്ന ഇവ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് വ്യാപകമായി കൃഷി ചെയ്യുന്നത്.

പുസ രശ്‍മി: സെപ്റ്റംബര്‍ മാസം പകുതിയാവുമ്പോള്‍ മുതല്‍ നവംബര്‍ പകുതി വരെ വിത്ത് വിതയ്ക്കാം. 55 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം.

ജാപ്പനീസ് വൈറ്റ്: സിലിണ്ടര്‍ രൂപത്തിലാണ് ഇവ കാണപ്പെടുന്നത്. നല്ല വെളുത്ത നിറമായിരിക്കും. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലാണ് വളരുന്നത്. കുന്നിന്‍പുറങ്ങളിലാണെങ്കില്‍ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയും വളര്‍ത്താം.

അര്‍ക്ക നിഷാന്ത്: ചൈനീസ് പിങ്ക്‌റൂട്ട്‌സ് എന്നറിയപ്പെടുന്ന ഈ ഇനം 55 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം.

പുസ ഹിമാനി: ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഈ കൃഷി. മധുരമുള്ള ഇനമായ ഇതും വെള്ളനിറത്തില്‍ത്തന്നെയാണ്.

വൈറ്റ് ഐസില്‍: ഒക്ടോബര്‍ പകുതി മുതല്‍ ഫെബ്രുവരി വരെയാണ് കൃഷിക്ക് അനുയോജ്യം. തൊലി പൂര്‍ണമായും വെളുത്തതാണ്. മധുരമുള്ള ഇനം. അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം.

റാപ്പിഡ് റെഡ് വൈറ്റ് ടിപ്പ്ഡ്: ചെറുതും ഉരുണ്ടതും ചുവന്ന നിറത്തില്‍ വെളുത്ത മുകള്‍ ഭാഗത്തോടുകൂടിയ ഇനമാണിത്. ഒക്ടോബര്‍ പകുതിയോടുകൂടി വിതച്ച് ഫെബ്രുവരി വരെ കൃഷി ചെയ്യാം.

ഇന്ത്യയിലെ ഉഷ്‍ണമേഖല പ്രദേശങ്ങളില്‍ വളര്‍ത്തുന്ന ഇനമാണ് ഏഷ്യാറ്റിക്. ഉഷ്‍ണമേഖലയിലും ഉപോഷ്‍ണമേഖലയിലും വളരുന്ന ഇനമാണ് യൂറോപ്യന്‍ അഥവാ എക്‌സോട്ടിക് ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൃഷിരീതി

ഒരു ഹെക്ടര്‍ സ്ഥലത്ത് എട്ട് മുതല്‍ 10 കിഗ്രാം വരെ വിത്ത് വിതയ്ക്കാം.  ജൂലായ് മുതല്‍ ജനുവരി വരെയാണ് സാധാരണയായി കൃഷിക്ക് യോജിച്ച സമയം. അഞ്ച് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ മുളയ്ക്കും.

പാത്രങ്ങളിലും ചട്ടികളിലും തോട്ടത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയും വീടിനകത്തും വരെ മുള്ളങ്കി വളര്‍ത്താം. വേരുകളുള്ള ചെടികള്‍ പറിച്ചുനട്ടും വളര്‍ത്താം. ഈര്‍പ്പമുള്ളതും മണല്‍ കലര്‍ന്നതുമായ മണ്ണില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ചേര്‍ത്ത് കൃഷി ചെയ്യാം. മണ്ണ് പൂര്‍ണമായും ഉണങ്ങിവരണ്ടുപോകാന്‍ അനുവദിക്കരുത്.

തണുപ്പുള്ള കാലാവസ്ഥയാണ് ഇഷ്ടമെങ്കിലും അത്യാവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം. 5.5 നും 6.8 നും ഇടയില്‍ പി.എച്ച് മൂല്യമുള്ള മണ്ണിലാണ് റാഡിഷ് നന്നായി വിളയുന്നത്.

 

ഒരു ഹെക്ടര്‍ സ്ഥലത്ത് 25 കി.ഗ്രാം നൈട്രജനും 100 കി.ഗ്രാം ഫോസ്ഫറസും 50 കി.ഗ്രാം പൊട്ടാഷും അടിവളമായി നല്‍കണം. ഒരുമാസം കഴിഞ്ഞാല്‍ 25 കി.ഗ്രാം നൈട്രജന്‍ വീണ്ടും നല്‍കണം.

തണുപ്പുള്ള കാലാവസ്ഥയില്‍ 10 ദിവസത്തില്‍ ഒരിക്കല്‍ നനച്ചാല്‍ മതി. വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. വെള്ളം ആവശ്യത്തിന് ലഭിക്കാതിരുന്നാല്‍ വേരുകള്‍ക്ക് കയ്പ്പുരസം വരികയും കായകള്‍ക്ക് രുചി വ്യത്യാസം വന്ന് വിപണിയില്‍ വില കുറയുകയും ചെയ്യും. നന്നായി വെള്ളം ആവശ്യമുള്ള വിളയാണിത്.

വിളവെടുക്കുന്ന സമയം വൈകിയാലും മുള്ളങ്കിക്ക് കയ്പ്പുരസം വരും. നിങ്ങള്‍ നട്ടുവളര്‍ത്തുന്ന ഇനം ഏതാണോ അതിനനുസരിച്ച് 25 മുതല്‍ 55 ദിവസങ്ങള്‍ വരെ വേണ്ടിവരും വിളവെടുക്കാന്‍. വിളവെടുക്കുന്നതിന് മുമ്പായി ചെറുതായി നനയ്ക്കണം. പറിച്ചെടുത്ത ശേഷം വേരുകള്‍ നന്നായി കഴുകി അല്‍പം ഇലകളോട് കൂടി ഒരു കൂട്ടമായി കെട്ടിവെച്ച് വിപണിയിലെത്തിക്കാം. സാധാരണ കാലാവസ്ഥയില്‍ മൂന്ന് ദിവസത്തോളം ഗുണം നഷ്ടപ്പെടാതെ ശേഖരിച്ച് വെക്കാം. 

click me!