വേരുകളില്‍ ഔഷധഗുണമുള്ള സര്‍പ്പഗന്ധി; വംശനാശം സംഭവിക്കുന്ന ഔഷധസസ്യം

By Web TeamFirst Published Aug 4, 2020, 1:52 PM IST
Highlights

വിത്ത് മുളപ്പിച്ചും തണ്ട് മുറിച്ചുനട്ടും വേരുകള്‍ മുറിച്ച് നട്ടും ചെടി വളര്‍ത്താറുണ്ട്. നഴ്‌സറിയില്‍ വളര്‍ത്തുമ്പോള്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം ഏഴ് കിലോ വിത്ത് ആവശ്യമായി വരും. 

ഇന്ത്യന്‍ സ്‌നേയ്ക്ക് റൂട്ട്, ഡെവിള്‍ പെപ്പര്‍ എന്നീ പേരുകളിലറിയപ്പെടുന്ന ഔഷധഗുണമുള്ള സര്‍പ്പഗന്ധി ഇന്ന് പലയിടങ്ങളില്‍ നിന്നും വേരറ്റ് പോയിരിക്കുന്നു. ഉഷ്‍ണമേഖല-ഉപോഷ്‍ണമേഖലാപ്രദേശങ്ങളില്‍ തഴച്ചുവളരുന്ന ഈ ചെടി അല്‍പം ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്നു. ഔഷധഗുണമുള്ള സര്‍പ്പഗന്ധി ആയുര്‍വേദ മരുന്നുകളില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നു. ഇന്ത്യയിലെ തണല്‍ നിറഞ്ഞ കാടുകളില്‍ വളര്‍ന്നിരുന്ന ഈ ചെടിക്ക് ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഈ ചെടി കയറ്റുമതി ചെയ്യുന്നത് നിയന്ത്രിച്ചിട്ടുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും 1200 മുതല്‍ 1300 അടിവരെ ഉയരമുള്ള സ്ഥലത്ത് കൃഷി ചെയ്യുന്ന സര്‍പ്പഗന്ധി ഏകദേശം 75 സെ.മീ മുതല്‍ 100 സെ.മീ വരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ്. ഈ ചെടിയുടെ വേരുകള്‍ ഏകദേശം 50 മുതല്‍ 60 സെ.മീ വരെ ആഴത്തില്‍ മണ്ണിനടിയിലേക്ക് വളരും. ഹിമാലയന്‍ പ്രദേശങ്ങളിലും ഉത്തരാഞ്ചലിലും ഉത്തര്‍പ്രദേശിലും ജമ്മു കശ്‍മീരിലുമാണ് കൂടുതലായി സര്‍പ്പഗന്ധി കണ്ടുവരുന്നത്.
 
റോവോള്‍ഫിയ സെര്‍പ്പന്റിന എന്നാണ് സര്‍പ്പഗന്ധിയുടെ ശാസ്ത്രനാമം. റോവോള്‍ഫിയ ജനുസില്‍പ്പെട്ട ചെടിയാണിത്. ധാരാളം ആരോഗ്യഗുണങ്ങളുള്ളതും അതേസമയം പാര്‍ശ്വഫലങ്ങളുള്ളതുമായ സസ്യമാണ്. ആയുര്‍വേദ മരുന്നുകളില്‍ വേരുകള്‍ ചേര്‍ത്ത് രക്തസമ്മര്‍ദ്ദത്തിനും മാനസിക പ്രശ്‌നങ്ങള്‍ക്കും ഉറക്കമില്ലായ്‍മയ്ക്കും പ്രതിവിധിയായി ഉപയോഗിക്കുന്നുണ്ട്. അതുപോലെ പാമ്പ് കടിയേറ്റാലുള്ള ചികിത്സയ്ക്കും മറ്റ് ഉരഗവര്‍ഗത്തില്‍പ്പെട്ട ജീവികളുടെ കടിയേറ്റാലും ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്. മലബന്ധം, കരള്‍ സംബന്ധമായ രോഗങ്ങള്‍, സന്ധികളിലുണ്ടാകുന്ന വേദന എന്നിവയ്ക്കുള്ള മരുന്നുകളിലെല്ലാം ചേരുവയാക്കാറുണ്ട്. ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ ഈ മരുന്നുകള്‍ കഴിക്കാന്‍ പാടില്ല.

10 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയുള്ള പ്രദേശങ്ങളിലാണ് സര്‍പ്പഗന്ധി വളരാന്‍ ഇഷ്ടപ്പെടുന്നത്. യോജിച്ച മണ്ണു തന്നെയാണ് ഔഷധസസ്യങ്ങള്‍ വളര്‍ത്താന്‍ ഏറ്റവും അത്യാവശ്യം. അല്‍പം അസിഡിക് സ്വഭാവമുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ ജൈവവളമടങ്ങിയ കറുത്ത മണ്ണാണ് ആവശ്യം. ഇതുകൂടാതെ ചിലപ്പോള്‍ മണല്‍ കലര്‍ന്നതും ലാറ്ററൈറ്റ് പോലുള്ള മണ്ണിലും വളരാറുണ്ട്. 4.7 -നും 6.5 -നും ഇടയില്‍ പി.എച്ച് മൂല്യമുള്ള മണ്ണിലാണ് കൂടുതല്‍ നന്നായി വളരുന്നത്. വ്യാവസായികമായി വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും മണ്ണിലെ പി.എച്ച് മൂല്യം പരിശോധിക്കണം. പോഷകങ്ങളുടെയും സൂക്ഷ്‍മമൂലകങ്ങളുടെയും അഭാവമുണ്ടെങ്കില്‍ കൃഷിഭൂമി ഒരുക്കുന്ന സമയത്ത് തന്നെ പരിഹരിക്കുകയും വേണം.

വിത്ത് മുളപ്പിച്ചും തണ്ട് മുറിച്ചുനട്ടും വേരുകള്‍ മുറിച്ച് നട്ടും ചെടി വളര്‍ത്താറുണ്ട്. നഴ്‌സറിയില്‍ വളര്‍ത്തുമ്പോള്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം ഏഴ് കിലോ വിത്ത് ആവശ്യമായി വരും. അതേസമയം തണ്ടുകള്‍ മുറിച്ച് നടുമ്പോള്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് 100 കി.ഗ്രാം ആവശ്യമായി വരും. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് വിത്തുകള്‍ ശേഖരിച്ച് ഉണക്കുന്നത്. വേനല്‍ക്കാലങ്ങളില്‍ 15 ദിവസത്തെ ഇടവേളയിലും മഴക്കാലങ്ങളില്‍ 25 ദിവസത്തെ ഇടവേളയിലുമാണ് ജലസേചനം നടത്തുന്നത്.

ഔഷധസസ്യങ്ങള്‍ വളര്‍ത്തുമ്പോള്‍ രാസകീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. ജൈവവളങ്ങളായ ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്  എന്നിവയാണ് നല്ലത്.

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ടാണ് ചെടി പൂര്‍ണവളര്‍ച്ചയെത്തുന്നത്. വേരുകള്‍ കുഴിച്ചെടുത്താണ് വിളവെടുപ്പ് നടത്തുന്നത്. വിളവെടുത്ത വേരുകള്‍ കഴുകി വൃത്തിയാക്കി ഏകദേശം 14 കഷണങ്ങളാക്കി ഉണക്കിയശേഷം സൂക്ഷിച്ചുവെക്കും. സാധാരണയായി ഉണങ്ങിയ വേരുകളില്‍ 10 ശതമാനം ഈര്‍പ്പമുണ്ടാകും. ഈ വേരുകള്‍ ചാക്കുകൊണ്ടുള്ള ബാഗുകളില്‍ തണുപ്പുള്ളതും ഈര്‍പ്പമില്ലാതെ ഉണങ്ങിയതുമായ ഷെല്‍ഫില്‍ സൂക്ഷിച്ചുവെക്കണം.

ഒരു ഹെക്ടര്‍ കൃഷിഭൂമിയില്‍ നിന്ന് ഏകദേശം 1500 മുതല്‍ 2000 വരെ ഉണക്കിയ വേരുകള്‍ ലഭിക്കും. മണ്ണിന്റെ ഗുണവും കാലാവസ്ഥയും ജലസേചനവും ആശ്രയിച്ചാണ് വിളവും ലഭിക്കുന്നത്. 


 

click me!