ഗോകുല്‍ നിര്‍മ്മിച്ചുതരുന്നത് മനോഹരമായ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍; ഉദ്യാനപാലകനായ എം.ബി.എ ബിരുദധാരി

By Nitha S VFirst Published Jul 23, 2020, 11:33 AM IST
Highlights

ഇലച്ചെടികളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ കൂടുതലായും ചെയ്യുന്നത്. വിവിധ വര്‍ണങ്ങളില്‍ ആകര്‍ഷകമായി നിലനിര്‍ത്താമെന്നതാണ് ഗുണം. 

സ്വന്തം വീട്ടില്‍ മനോഹരമായ ഒരു ഉദ്യാനം നിര്‍മിക്കാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ എന്ന ആശയം വീടുകളില്‍ മാത്രമല്ല, പല സ്ഥാപനങ്ങളിലും ഹരിതഭംഗി നിലനിര്‍ത്താനുള്ള ഉപാധിയായി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു ചെറിയ വീടുണ്ടാക്കുമ്പോള്‍ പോലും ലാന്‍ഡ്‌സ്‌കേപ്പിങ്ങ് എന്ന ആശയം ഇടത്തരം ആളുകളുടെ മനസിലേക്ക് ഓടിവരാറുണ്ട്. ഇത്തരക്കാര്‍ക്ക് എല്ലാവിധ സേവനങ്ങളുമായി എം.ബി.എ ബിരുധദാരിയായ ഗോകുല്‍ ഈ രംഗത്ത് വേര് പിടിപ്പിച്ചിരിക്കുന്നു. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ അനന്തസാധ്യതകളാണ് കോഴിക്കോട് ജില്ലയിലെ തളി സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ തന്റെ വീട്ടില്‍ ഒരുക്കിയിരിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിനാന്‍സ് മാനേജ്‌മെന്റില്‍ എം.ബി.എ നേടിയ ഗോകുലിന് കൃഷി ഒരിക്കലും പുതുമയായിരുന്നില്ല. പാലക്കാട് കുടുംബപരമായി ഉണ്ടായിരുന്ന സ്ഥലത്താണ് ആദ്യകാലത്ത് കൃഷിയുണ്ടായിരുന്നത്. തന്റെ പുതിയ സംരംഭത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് ഈ ചെറുപ്പക്കാരന്‍ 13 പശുക്കളുമായി കോഴിക്കോട് ടൗണില്‍ ആനിമല്‍ ഹസ്ബന്ററി ആന്റ് ഫാം സ്‌കൂള്‍ നടത്തിയിരുന്നു. ഗോകുലിന്റെ അച്ഛന്‍ കാലിത്തീറ്റ വില്‍പ്പന നടത്തിയിരുന്നപ്പോഴാണ് പശുവളര്‍ത്തലിലേക്ക് കടന്നുവന്നത്. വെറ്ററിനറി കൗണ്‍സിലിന്റെ പരിശീലനം നേടിയ ഗോകുല്‍ മൂന്ന് വര്‍ഷം ഈ മേഖലയില്‍ സജീവമായിരുന്നു. പിന്നീട് പശുവിനെ പരിപാലിക്കാന്‍ ആളുകളെ ലഭിക്കാനുള്ള പ്രയാസം കാരണം ആ സംരംഭം നിര്‍ത്തേണ്ടി വന്നു. എന്നിരുന്നാലും രണ്ടു പശുക്കളെ ഇപ്പോഴും വീട്ടില്‍ വളര്‍ത്തുന്നുണ്ട്. ഇപ്പോള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ പ്രത്യേകശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് ഗോകുല്‍.

'2013 -ലാണ് ഞാന്‍ ആദ്യമായി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ചെയ്യാന്‍ ആരംഭിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ട് പോലുള്ള പല സ്ഥലങ്ങളിലും പോകുമ്പോള്‍ ഇങ്ങനെ ചെടികള്‍ വളര്‍ത്തിയതൊക്കെ കണ്ടാണ് പ്രചോദനം തോന്നിയത്. അന്ന് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആവശ്യക്കാര്‍ ധാരാളമുണ്ടായിരുന്നു. ഇപ്പോള്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ മാറ്റി ഇപ്പോള്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ഫാബ്രിക്‌സ് ഉപയോഗിച്ച് കുറെക്കൂടി പരിസ്ഥിതി സൗഹൃദപരമായി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മിക്കുന്നുണ്ട്. ഞങ്ങള്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. അല്‍പം വില കൂടുതലാണെങ്കിലും ഗുണനിലവാരമുള്ളതാണ് ഈ രീതി. തുരുമ്പ് വരാനുള്ള സാധ്യതയില്ല. നെറ്റില്‍ തൂക്കിയിടുന്ന പാത്രങ്ങള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ ഉപയോഗിക്കുമ്പോള്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പെയിന്റ് ചെയ്യേണ്ടി വരാറുണ്ട്.' ഗോകുല്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ എന്ന ആശയത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

തുടക്കക്കാര്‍ക്ക് എങ്ങനെ ഗാര്‍ഡന്‍ ഒരുക്കാം?

പുതിയതായി ഒരു സംരംഭം എന്ന നിലയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തുടങ്ങുന്നവരോട് ഗോകുലിന് പറയാനുള്ളത് ഇതാണ്, 'ചെറിയ ഒരു സ്ഥലത്ത് ആദ്യം നമ്മള്‍ ചെയ്തുനോക്കി പഠിച്ചെടുക്കണം. ഭാരം കഴിയുന്നത്ര കുറയ്ക്കുന്ന രീതിയിലായിരിക്കണം ചെടികള്‍ വളര്‍ത്തേണ്ടത്. വളപ്രയോഗം കുറച്ചാല്‍ ചെടികള്‍ ധാരാളമായി വളരുന്നത് നിയന്ത്രിക്കാം. ചെറിയ ചെടികളോടാണ് ആളുകള്‍ക്ക് പ്രിയം. എന്നിരുന്നാലും വളര്‍ന്ന് വലുതായി പടര്‍ന്നു നില്‍ക്കുന്ന മിക്‌സഡ് ഗാര്‍ഡന്‍ ആയും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ചെയ്യാറുണ്ട്. പ്രകൃതിദത്തമായ രീതിയില്‍ സ്വാഭാവികമായി വളരുന്ന ചെടികള്‍ ഈ രീതിയില്‍ വളര്‍ത്തുന്നതാണ് നല്ലത്. വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ പ്രൂണിങ്ങ് മാത്രം നടത്തിയാല്‍ മതി.'

വീട്ടിനകത്ത് ഗാര്‍ഡന്‍ ഒരുക്കാം

'വീട്ടിനകത്ത് ചെയ്യുമ്പോള്‍ ആദ്യമേ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ് ഒരുക്കുന്നതെന്ന് പ്ലാന്‍ ചെയ്യണം. പ്‌ളംബിങ്ങ്, ലൈറ്റിങ്ങ്, ജലസേചന സൗകര്യങ്ങള്‍ എന്നിവയെല്ലാം പ്രത്യേകം സജ്ജീകരിക്കണം. വെള്ളം വാര്‍ന്നുപോകാനുള്ള സൗകര്യങ്ങളും ശ്രദ്ധിക്കണം. ഇന്‍ഡോര്‍ ആകുമ്പോള്‍ ഡ്രിപ്പ് ഇറിഗേഷന്‍ ആണ് നല്ലത്. ഇന്‍ഡോര്‍ പ്ലാന്റ് ആണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സംവിധാനത്തില്‍ വീട്ടിനകത്ത് ചെയ്യാറുള്ളത്.' ഗോകുല്‍ വിശദമാക്കുന്നു.

ഇലച്ചെടികളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ കൂടുതലായും ചെയ്യുന്നത്. വിവിധ വര്‍ണങ്ങളില്‍ ആകര്‍ഷകമായി നിലനിര്‍ത്താമെന്നതാണ് ഗുണം. പൂക്കളുണ്ടാകുന്ന ചെടികള്‍ ഈ രീതിയില്‍ വളര്‍ത്താന്‍ അനുയോജ്യമല്ലെന്ന് ഇദ്ദേഹം പറയുന്നു. എന്നിരുന്നാലും വിന്‍കയും ബോഗണ്‍വില്ലയും വളര്‍ത്തിയിട്ടുണ്ട്.

ഫൈക്കസ് വര്‍ഗത്തിലുള്ള ചെടികള്‍ ഔട്ട്‌ഡോര്‍ ആയി വളര്‍ത്താറുണ്ട്. അതുപോലെ ഫേണ്‍സ് നന്നായി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വഴി വളര്‍ത്താവുന്നതാണ്. മോസിന്റെ വിവിധ ഇനങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

മഴക്കാലത്ത് പ്രശ്‌നങ്ങളൊന്നുമുണ്ടാകാറില്ലെന്ന് ഗോകുല്‍ പറയുന്നു. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സംബന്ധമായ എല്ലാ സേവനങ്ങളും ഗോകുല്‍ ആവശ്യക്കാര്‍ക്ക് ചെയ്തുകൊടുക്കുന്നു. തോട്ടം ഏത് രീതിയില്‍ ഒരുക്കണമെന്നതുമുതല്‍ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിക്കാനും പരിചരിച്ച് നിലനിര്‍ത്താനുള്ള സൗകര്യം വരെ ഇവര്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇന്‍ഡോറും ഔട്ട്‌ഡോറുമായി ചെടികള്‍ തിരഞ്ഞെടുത്ത് ആവശ്യക്കാര്‍ക്ക് വളര്‍ത്താനും നല്‍കുന്നത് ഗോകുല്‍ തന്നെയാണ്. ടിഷ്യു കള്‍ച്ചര്‍ വഴി നിര്‍മിച്ച ചെടികളാണ് ഗോകുല്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.

'പ്‌ളാന്റ് സെന്‍സ് എന്ന ഒരു സ്ഥാപനം നാല് വര്‍ഷം മുമ്പ് സ്വന്തമായി ആരംഭിച്ചിട്ടുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കുള്ള പോളിഹൗസ്, ഡ്രിപ്പ് സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ സ്ഥാപനം വഴി ഞങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇതുകൂടാതെ ലാന്‍ഡ്‌സ്‌കേപ്പിങ്ങും ചെയ്തുകൊടുക്കുന്നു. കൃത്യതാ കൃഷിക്കാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നു' ഗോകുല്‍ പറയുന്നു.

click me!