ചെടികള്‍ക്കുമുണ്ട് ക്വാറന്റൈന്‍; അസുഖങ്ങള്‍ തടയാന്‍ 40 ദിവസങ്ങള്‍

By Web TeamFirst Published Jul 4, 2020, 10:14 AM IST
Highlights

ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ചെടികളെ ക്വാറന്റൈന്‍ ചെയ്യാം. പുതിയ ചെടികളെ പ്രത്യേകം മുറിയിലേക്ക് മാറ്റുക. മറ്റുള്ള ചെടികളില്‍ നിന്നും മാറ്റി നിര്‍ത്തി 40 ദിവസം വളര്‍ത്തുക. വേറെ ചെടികളൊന്നും ഇല്ലാത്ത മുറിയിലായിരിക്കണം പുതിയ ചെടി വളര്‍ത്തേണ്ടത്.

മനുഷ്യര്‍ മാത്രമല്ല ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി അസുഖങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി മറ്റുള്ളവരുമായി ഇടപഴകുന്നത്. വീട്ടില്‍ പുതുതായി വാങ്ങുന്ന ചെടികള്‍ക്കും ഇത് ബാധകമാണ്. ക്വാറന്റൈന്‍ എന്ന വാക്ക് വന്നത് ഇറ്റാലിയന്‍ വാക്കായ ക്വാറന്റിനയില്‍ നിന്നാണ്. 40 ദിവസങ്ങള്‍ എന്നാണ് ഇത് അര്‍ഥമാക്കുന്നത്. 40 ദിവസത്തോളം നിങ്ങളുടെ ചെടികളെ ക്വാറന്റൈന്‍ ചെയ്യുമ്പോള്‍ കീടാക്രമണങ്ങളും രോഗങ്ങളും പകരുന്നത് തടയാമെന്നാണ് അര്‍ഥമാക്കുന്നത്.

എപ്പോഴാണ് ചെടികളെ ക്വാറന്റെന്‍ ചെയ്യുന്നത്?

ചില പ്രത്യേക അവസരങ്ങളിലാണ് വീട്ടില്‍ വളര്‍ത്തുന്ന ചെടികള്‍ ഒറ്റപ്പെട്ട രീതിയില്‍ മാറ്റി വളര്‍ത്തുന്നത്.

നഴ്‌സറിയില്‍ നിന്ന് പുതിയ ചെടികള്‍ വാങ്ങുമ്പോള്‍

ചൂടുള്ള കാലാവസ്ഥയില്‍ പുറത്ത് വളര്‍ത്തുന്ന ചെടികളെ വാങ്ങുമ്പോള്‍

നിലവില്‍ പൂന്തോട്ടത്തിലുള്ള ചെടികള്‍ക്ക് കീടങ്ങളും രോഗങ്ങളും ആക്രമിക്കുമ്പോള്‍

എങ്ങനെയാണ് ചെടികളെ മാറ്റിനിര്‍ത്തുന്നത്?

കീടങ്ങളും അസുഖങ്ങളും വ്യാപിക്കുന്നത് തടയാനായി ചില പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ചെടികളുടെ എല്ലാ ഭാഗങ്ങളും പരിശോധിക്കുക. ഇലകളുടെ അടിഭാഗവും തണ്ടുകളും മണ്ണും എല്ലാം പരിശോധനയ്ക്ക് വിധേയമാക്കി അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം.

കീടങ്ങളെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന സോപ്പ് വെള്ളത്തില്‍ കലര്‍ത്തി അല്‍പം സ്‌പ്രേ ചെയ്ത് കൊടുക്കാം.

പാത്രത്തില്‍ നിന്ന് ചെടി പുറത്തെടുത്ത് അസുഖങ്ങളും കീടങ്ങളും ഉണ്ടോയെന്ന് പരിശോധിച്ച് വീണ്ടും സ്‌റ്റെറിലൈസ്ഡ് ആയ മണ്ണ് ഉപയോഗിച്ച് നിറച്ച് ചെടി നടാവുന്നതാണ്.

ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ചെടികളെ ക്വാറന്റൈന്‍ ചെയ്യാം. പുതിയ ചെടികളെ പ്രത്യേകം മുറിയിലേക്ക് മാറ്റുക. മറ്റുള്ള ചെടികളില്‍ നിന്നും മാറ്റി നിര്‍ത്തി 40 ദിവസം വളര്‍ത്തുക. വേറെ ചെടികളൊന്നും ഇല്ലാത്ത മുറിയിലായിരിക്കണം പുതിയ ചെടി വളര്‍ത്തേണ്ടത്.

ഇങ്ങനെ ചെയ്യാന്‍ പറ്റില്ലെങ്കില്‍ ചെടികളെ സുതാര്യമായ ഒരു പ്ലാസ്റ്റിക് ബാഗില്‍ വെച്ചാല്‍ മതി. നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത രീതിയില്‍ വെക്കണം.

ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാല്‍

ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ ചെടികളെ പുറത്തെടുത്ത് വീണ്ടും പരിശോധിക്കണം. ഇങ്ങനെ ചെയ്താല്‍ കുമിള്‍ രോഗങ്ങളും മീലിമൂട്ടയുടെ ആക്രമണവും പൗഡറി മില്‍ഡ്യു എന്ന രോഗവും പരമാവധി കുറയ്ക്കാന്‍ കഴിയും.
 

click me!