കുറഞ്ഞ പ്രകാശത്തില്‍ വീട്ടിനകത്ത് വളര്‍ത്താവുന്ന ചില പൂച്ചെടികള്‍

By Web TeamFirst Published May 31, 2020, 10:09 AM IST
Highlights

കുറഞ്ഞ സൂര്യപ്രകാശത്തില്‍ വളര്‍ത്താവുന്ന ഓര്‍ക്കിഡാണിത്. അല്‍പം തണലുള്ള സ്ഥലത്തും തഴച്ചുവളരുകയും പൂക്കളുണ്ടാകുകയും കുറച്ച് മാസങ്ങള്‍ക്ക് ശേഷം കൊഴിഞ്ഞു പോകുകയും വീണ്ടും പുഷ്പിക്കുകയും ചെയ്യും. 

സാധാരണ ഇന്‍ഡോര്‍ പ്ലാന്‍റായി വളര്‍ത്തുന്നത് നല്ല പച്ചപ്പുള്ള ഇലകളുള്ള ചെടികളാണ്. എന്നാല്‍, വീട്ടിനകത്തെ തണലിലും വളര്‍ത്താവുന്ന ചില പൂച്ചെടികളുണ്ട്. കുറഞ്ഞ സൂര്യപ്രകാശത്തില്‍ പുഷ്പിക്കുന്ന ചില ചെടികളെ പരിചയപ്പെടാം.

കുറഞ്ഞ സൂര്യപ്രകാശം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് നിങ്ങളുടെ വീട്ടിലെയോ ഓഫീസിലെയോ ഇരുണ്ട മൂല എന്നതല്ല. ഇത്തരം ചെടികള്‍ക്കും നേരിട്ടല്ലാതെയുള്ള വെളിച്ചം ആവശ്യമുണ്ട്. പൂക്കളുണ്ടാകുന്നില്ലെങ്കില്‍ ജനലരികിലേക്ക് മാറ്റിവെക്കുകയോ ഫ്‌ളൂറസെന്റ് പ്രകാശം നല്‍കുകയോ ചെയ്യണം.

ആഫ്രിക്കന്‍ വയലറ്റ് 

 

ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താന്‍ യോജിച്ച പൂച്ചെടിയാണിത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലത്തും ഈ പൂച്ചെടി വളരും. നന്നായി വളരാന്‍ കൃത്യമായി വളപ്രയോഗം നടത്തണം.

ലിപ്സ്റ്റിക് പ്ലാന്റ് 

 

ചെറിയ പാത്രങ്ങളില്‍ തൂക്കിയിട്ട് വളര്‍ത്താവുന്ന ചെടിയാണിത്. ലിപ്സ്റ്റിക് ട്യൂബിന് സമാനമായ ധാരാളം ചെറിയ ചുവന്ന പൂക്കളുണ്ടാകും.

പീസ് ലില്ലി 

 

വളരെ കുറഞ്ഞ വെളിച്ചമുള്ള അകത്തളങ്ങളില്‍ നന്നായി വളരുന്ന ചെടിയാണിത്. വെളുത്ത പൂക്കള്‍ വര്‍ഷം മുഴുവനും ഉണ്ടാകും. വേനല്‍ക്കാലത്താണ് ധാരാളം പൂക്കളുണ്ടാകുന്നത്. മിനുസമുള്ള വലിയ ഇലകള്‍ വെളുത്ത പൂക്കള്‍ക്ക് പിന്നില്‍ നില്‍ക്കുമ്പോള്‍ മനോഹാരിത കൂടുന്നു.

ഫലനോപ്‌സിസ് (ഓര്‍ക്കിഡ്) 

 

കുറഞ്ഞ സൂര്യപ്രകാശത്തില്‍ വളര്‍ത്താവുന്ന ഓര്‍ക്കിഡാണിത്. അല്‍പം തണലുള്ള സ്ഥലത്തും തഴച്ചുവളരുകയും പൂക്കളുണ്ടാകുകയും കുറച്ച് മാസങ്ങള്‍ക്ക് ശേഷം കൊഴിഞ്ഞു പോകുകയും വീണ്ടും പുഷ്പിക്കുകയും ചെയ്യും. നനയ്ക്കുമ്പോള്‍ വേരുകള്‍ക്ക് വെള്ളം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പൂര്‍ണമായി വെള്ളം വറ്റിപ്പോകാന്‍ അനുവദിക്കരുത്.

ബ്രൊമീലിയാഡുകള്‍  

 

മുറികളിലും ക്യൂബിക്കിളിലും വെച്ചാല്‍ നല്ല കളര്‍ഫുള്‍ ആയിരിക്കും. ധാരാളം ഇനങ്ങളുണ്ട്. കടുംചുവപ്പ്, പച്ച, തവിട്ട്, മഞ്ഞ കലര്‍ന്ന പച്ച എന്നിങ്ങനെ വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന ക്രിപ്റ്റാന്തസ് അധികം വെയില്‍ ആവശ്യമില്ലാത്തതാണ്. കാറ്റോപ്‌സിസ്, ഗുസ്മാനിയ, ഫയര്‍ബോള്‍ എന്നിവയെല്ലാം വളര്‍ത്താം. വെള്ളം കൂടുതല്‍ കിട്ടിയാല്‍ നശിച്ചുപോകും. ആഴ്ചയില്‍ രണ്ടുപ്രാവശ്യ നനച്ചാല്‍ മതി.

ക്രിസ്മസ് കാക്റ്റസ് 


 

 

ഈ ഇനം ചെടിക്ക് 12 മണിക്കൂര്‍ തണല്‍ ലഭിച്ചാല്‍ പൂക്കളുണ്ടാകും. തണുപ്പ് കാലങ്ങളിലാണ് സാധാരണ പൂക്കളുണ്ടാകുന്നത്. വെള്ളയും പിങ്ക് നിറത്തിലും പൂക്കളുണ്ടാകും.

click me!