ചെടികളിലെ രോഗങ്ങള്‍ മനുഷ്യര്‍ക്ക് പകരുമോ?

By Web TeamFirst Published Jul 29, 2020, 4:18 PM IST
Highlights

വൈറസുകള്‍ അവസരം നോക്കി മാത്രം പ്രതികരിക്കുന്നവയാണ്. വളരെ അനുയോജ്യമായ സാഹചര്യം വന്നാല്‍ മാത്രം പടര്‍ന്ന് പിടിക്കുന്ന സ്വഭാവമാണ് വൈറസുകള്‍ക്ക്.

ചെടികളെ എത്രത്തോളം അടുത്ത് പരിചരിച്ചാലും അവയ്ക്ക് അസുഖം വന്നാല്‍ നമ്മളോട് പ്രകടിപ്പിക്കാറില്ല. മനുഷ്യരില്‍ നിന്ന് വ്യത്യസ്‍തമായാണ് ചെടികള്‍ വൈറസിനോടും ബാക്റ്റീരിയയോടുമെല്ലാം പ്രതികരിക്കുന്നത്. പൂന്തോട്ടം പരിപാലിക്കുന്ന പലര്‍ക്കും ചെടികളിലെ വൈറസ് രോഗങ്ങളും മറ്റ് പല രോഗങ്ങളും മനുഷ്യരിലേക്ക് പകരുമോയെന്ന ആശങ്കയുണ്ട്. ഇത് ശരിയാണോ?

ചെടികളിലെ ബാക്റ്റീരിയകള്‍ മനുഷ്യനെ ബാധിക്കുമോ?

ചെടികളുടെയും മനുഷ്യരുടെയും അസുഖങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും വളരെ അപൂര്‍വമായി മനുഷ്യരിലേക്ക് രോഗങ്ങള്‍ പകരാറുണ്ടെന്നാണ് കണ്ടെത്തല്‍. സ്യൂഡോമോണാസ് എറുഗിനോസ എന്ന ബാക്റ്റീരിയ ചെടികളില്‍ അഴുകല്‍ അഥവാ ചീയല്‍ രോഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഈ ബാക്റ്റീരിയ മനുഷ്യരില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാനും ദഹനവ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും കാരണമാകുന്നു. കൂടുതല്‍ ഗുരുതരമായ അവസ്ഥയില്‍ ഈ ബാക്റ്റീരിയ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുകയും ചെയ്യും.  

പക്ഷേ, ചെടികളില്‍ നിന്നും മനുഷ്യരിലേക്ക് ഇത്തരം സാംക്രമിക രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. തോട്ടം പരിപാലിക്കുന്നവരില്‍ കൈകളിലോ കാലുകളിലോ മുറിവുകളുണ്ടെങ്കില്‍ രോഗമുള്ള ചെടികളുമായി നേരിട്ട് സ്‍പര്‍ശിച്ചാല്‍ മാത്രമേ ഈ ബാക്റ്റീരിയ ശരീരത്തില്‍ കയറുകയുള്ളൂ.

ചെടികളിലെ വൈറസ് പ്രശ്‌നക്കാരനാണോ?

വൈറസുകള്‍ അവസരം നോക്കി മാത്രം പ്രതികരിക്കുന്നവയാണ്. വളരെ അനുയോജ്യമായ സാഹചര്യം വന്നാല്‍ മാത്രം പടര്‍ന്ന് പിടിക്കുന്ന സ്വഭാവമാണ് വൈറസുകള്‍ക്ക്.

ഒരുപക്ഷേ, മൊസൈക് വൈറസ് രോഗം ബാധിച്ച ചെടിയില്‍ നിന്നും പഴങ്ങള്‍ കഴിച്ചാലും അസുഖം മനുഷ്യരെ ബാധിക്കില്ല. രുചിയില്‍ വ്യത്യാസം അനുഭവപ്പെട്ടാലും മനുഷ്യരിലേക്ക് വൈറസ് പകരുന്നതായി കണ്ടെത്തിയിട്ടില്ല.

വൈറസ് ബാധിച്ച ചെടികള്‍ നിങ്ങളുടെ തോട്ടത്തിലുണ്ടെങ്കില്‍ നശിപ്പിച്ചു കളയണം. ഇല്ലെങ്കില്‍ ആരോഗ്യമുള്ള മറ്റ് ചെടികളെയും അസുഖം ബാധിക്കും.


 

click me!