മത്സ്യക്കുളത്തിലെ സസ്യങ്ങള്‍ക്കും വളപ്രയോഗം; കരുതലോടെ ജലസസ്യങ്ങളെ പരിപാലിക്കാം

By Web TeamFirst Published Aug 19, 2020, 3:58 PM IST
Highlights

കുളങ്ങളിലെ വളത്തിന്റെ സാന്നിധ്യം പരിശോധിക്കാനുള്ള കിറ്റുകള്‍ ലഭ്യമാണ്. ആവശ്യമായ അളവില്‍ നൈട്രജന്‍ വെള്ളത്തിലുണ്ടോ എന്ന് നിങ്ങള്‍ക്ക് പരിശോധിച്ച ശേഷം വേണമെങ്കില്‍ നല്‍കാവുന്നതാണ്.

നിങ്ങള്‍ മത്സ്യങ്ങളെ വളര്‍ത്തുന്ന കുളത്തില്‍ ചെടികളുടെ വളര്‍ച്ചയ്ക്കായി വളങ്ങള്‍ ചേര്‍ക്കാറുണ്ടോ? പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് കൃത്യമായി വളം നല്‍കാന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. അതുപോലെ ജലസസ്യങ്ങള്‍ക്കും പോഷകഘടകങ്ങള്‍ ആവശ്യമാണ്. പക്ഷേ, മത്സ്യങ്ങളെ വളര്‍ത്തുന്ന കുളത്തില്‍ വളങ്ങള്‍ കലര്‍ത്തുമ്പോള്‍ അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

മീനുള്ള കുളങ്ങള്‍ പോഷകമൂല്യമുള്ളതാക്കാന്‍ വളപ്രയോഗം നടത്തുന്നത് വളരെ ശ്രദ്ധ ആവശ്യമുള്ള പ്രവൃത്തിയാണ്. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ കുളത്തിനെ മൊത്തമായി ആരോഗ്യകരമായി പരിപാലിക്കാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ നൈട്രജന്‍ വെള്ളത്തിലുണ്ടെങ്കില്‍ ആല്‍ഗകള്‍ വളര്‍ന്ന് വെള്ളം മലിനമാകാനും മീനുകളെ ബാധിക്കാനും സാധ്യതയുണ്ട്.

ജലസസ്യങ്ങള്‍ക്ക് കുറച്ചൊക്കെ വളപ്രയോഗം ആവശ്യമാണ്. മത്സ്യങ്ങള്‍ക്ക് സുരക്ഷിതമായ വളങ്ങള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം ജൈവരീതി ഉപയോഗിച്ച് ജലസസ്യങ്ങളെ പരിപാലിക്കണം.

ഗുളികരൂപത്തില്‍ പോഷകങ്ങളടങ്ങിയ വളങ്ങള്‍ മീനുകളുള്ള കുളത്തില്‍ നിക്ഷേപിക്കാനായി ലഭ്യമാണ്. ഇതില്‍ മത്സ്യങ്ങളെ ഹാനികരമായി ബാധിക്കാത്ത വളങ്ങളില്‍ കൂടുതല്‍ അളവില്‍ ഫോസ്ഫറസ് ആണുള്ളത്. കുളങ്ങളില്‍ കലര്‍ത്താനുള്ള വളങ്ങളില്‍ 10:14:8 എന്ന അളവിലാണ് നൈട്രജനും ഫോസ്ഫറസും പൊട്ടാഷും അടങ്ങിയിരിക്കുന്നത്.

ആരോഗ്യകരമായ സാഹചര്യം നിലനില്‍ക്കുന്ന കുളത്തില്‍ പക്ഷികളുടെയും മത്സ്യങ്ങളുടെയും വിസര്‍ജ്ജനത്തിലൂടെയുള്ള നൈട്രജന്റെ അംശമുണ്ടാകും. അങ്ങനെയുള്ള കുളങ്ങളില്‍ ഫോസ്ഫറസ് അടങ്ങിയ വളമാണ് അനുയോജ്യം. നൈട്രജന്റെ അളവ് കൂടുതല്‍ നല്‍കേണ്ട ആവശ്യമില്ല.

കുളങ്ങളിലെ വളത്തിന്റെ സാന്നിധ്യം പരിശോധിക്കാനുള്ള കിറ്റുകള്‍ ലഭ്യമാണ്. ആവശ്യമായ അളവില്‍ നൈട്രജന്‍ വെള്ളത്തിലുണ്ടോ എന്ന് നിങ്ങള്‍ക്ക് പരിശോധിച്ച ശേഷം വേണമെങ്കില്‍ നല്‍കാവുന്നതാണ്.

കുളങ്ങളില്‍ ജൈവവളങ്ങളേക്കാള്‍ അജൈവ വളങ്ങളാണ് നല്ലതെന്ന് വിദഗ്ദധര്‍ പറയുന്നു. ജൈവവളങ്ങളാണ് ആല്‍ഗകളുടെ വളര്‍ച്ചയ്ക്ക് കാരണമെന്ന് പറയുന്നു. ഇത്തരം വളങ്ങള്‍ ഒരിക്കലും നേരിട്ട് വെള്ളത്തില്‍ കലര്‍ത്തരുത്.


click me!