തോട്ടത്തില്‍ വളരുന്ന കളകള്‍ നശിപ്പിക്കാനുള്ള ഏഴ് വഴികള്‍

By Web TeamFirst Published Aug 14, 2020, 3:39 PM IST
Highlights

ഉപ്പ് കളകളെ നശിപ്പിക്കാന്‍ വിതറിക്കൊടുക്കാം. ചെടികളുടെ അല്‍പം അകലെയായി ഉപ്പ് വിതറിയാല്‍ പുല്ല് വളരാതിരിക്കും. അതേസമയം ചെടികളുടെ വേരുകള്‍ ഉപ്പ് ആഗിരണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
 

തോട്ടത്തില്‍ കളകള്‍ നിറഞ്ഞാല്‍ പറിച്ചുകളയുകയെന്നത് അല്‍പം ശ്രമകരമായ ജോലി തന്നെയാണ്. കളകളെ സ്വാഭാവികമായ രീതിയില്‍ തന്നെ നശിപ്പിച്ചുകളയുന്നതാണ് നല്ലത്. കളനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ ചെടികള്‍ക്ക് ദോഷമുണ്ടായേക്കാം. പ്രകൃതിദത്തമായ വസ്‍തുക്കള്‍ ഉപയോഗിക്കുമ്പോള്‍ മണ്ണിന്റെ ആരോഗ്യവും അതോടൊപ്പം ചെടികളുടെ ആരോഗ്യവും സംരക്ഷിക്കാം.

ഏറ്റവും നല്ല വഴിയെന്നത് കൈകള്‍ കൊണ്ടുതന്നെ കളകള്‍ പറിച്ചുകളയുകയെന്നതാണ്. വേരോടുകൂടി പറിച്ചെടുത്താലേ ഫലപ്രദമാകുകയുള്ളൂ.

മറ്റൊരു വഴിയാണ് തിളച്ച വെള്ളം കളകളുടെ വേരുകളില്‍ ഒഴിക്കുകയെന്നത്. കുറച്ചുദിവസം കഴിയുമ്പോഴേക്കും കളകള്‍ നശിച്ചുപോകുകയും വീണ്ടും മുളയ്ക്കാതിരിക്കുകയും ചെയ്യും. പൂന്തോട്ടത്തില്‍ ചെടികള്‍ വളരുന്ന സ്ഥലത്ത് തിളച്ച വെള്ളം ഒഴിച്ച് പൂച്ചെടികളെ നശിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പുല്‍ത്തകിടികളിലും നടപ്പാതകളിലുമൊക്കെയുള്ള കളകള്‍ ഒഴിവാക്കാന്‍ ബേക്കിങ്ങ് സോഡ ഉപയോഗിക്കാം. കളകള്‍ വളരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബേക്കിങ്ങ് സോഡ വിതറിയാല്‍ മതി. അടുക്കളത്തോട്ടത്തിലും പൂച്ചെടികള്‍ക്കും നേരിട്ട് ഇത് വിതറിക്കൊടുക്കരുത്. പൂന്തോട്ടത്തിലെ നടപ്പാതകളിലാണ് ഇത് പ്രയോജനം ചെയ്യുന്നത്.

നേര്‍പ്പിക്കാത്ത ബ്ലീച്ച് ഉപയോഗിച്ച് കളകള്‍ നശിപ്പിക്കാം. നടപ്പാതകളില്‍ ചെടികളൊന്നും വളരാതെ സൂക്ഷിക്കേണ്ടിടത്താണ് ഇത് ഉപയോഗിക്കാന്‍ പാടുള്ളു.

ഉപ്പ് കളകളെ നശിപ്പിക്കാന്‍ വിതറിക്കൊടുക്കാം. ചെടികളുടെ അല്‍പം അകലെയായി ഉപ്പ് വിതറിയാല്‍ പുല്ല് വളരാതിരിക്കും. അതേസമയം ചെടികളുടെ വേരുകള്‍ ഉപ്പ് ആഗിരണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

ജൈവവസ്തുക്കള്‍ ഉപയോഗിച്ച് പുതയിടുന്നത് ഏറ്റവും നല്ല രീതിയാണ്. പുല്ലുകളും ചെടികളും വെട്ടിമാറ്റിയ ശേഷമുള്ള അവശിഷ്ടങ്ങള്‍ മണ്ണിന് മീതെ ഇട്ടുകൊടുക്കാം.

വോഡ്ക ഉപയോഗിച്ചും കളകള്‍ നശിപ്പിക്കാം. ഒരു ഔണ്‍സ് വോഡ്‍കയും പാത്രം കഴുകുന്ന സോപ്പ്ദ്രാവകവും ആറ് ഔണ്‍സ് വെള്ളവും ഒരു സ്‌പ്രേ ചെയ്യാന്‍ പറ്റുന്ന ബോട്ടിലില്‍ എടുക്കണം. നന്നായി കുലുക്കി കളകളുടെ ഇലകള്‍ക്ക് മീതെ സ്‌പ്രേ ചെയ്യണം. സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് മുമ്പേ ഇത് സ്‌പ്രേ ചെയ്താലേ കളകള്‍ മുളച്ച് വരുന്നത് തടയാന്‍ പറ്റുകയുള്ളു. തണലുള്ള സ്ഥലത്ത് ഇത് ഗുണം ചെയ്യില്ല.


 

click me!