ചെറിയ ഉള്ളി അടുക്കളത്തോട്ടത്തില്‍; പൂക്കളും ഭക്ഷ്യയോഗ്യം

By Web TeamFirst Published May 24, 2020, 9:41 AM IST
Highlights

ചെറിയ ഉള്ളിയുടെ ചെടിയില്‍ ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും പൂക്കളുണ്ടാകും. ആദ്യത്തെ വര്‍ഷം തന്നെ പൂക്കളുണ്ടാകുന്നുണ്ടെങ്കില്‍ അവ തീര്‍ച്ചയായും വളര്‍ച്ചയെത്താത്ത ചെടികളാണ്. പൂക്കളുണ്ടാകുന്നത് വിളവിനെ ബാധിക്കുന്ന കാര്യമാണ്. 

ചെറിയ ഉള്ളിയുടെ ഗുണഗണങ്ങള്‍ നിരവധിയാണ്. സ്ത്രീകളുടെ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തരാന്‍ കഴിവുള്ള ചെറിയ ഉള്ളി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തുന്നത് ഏറെ പ്രയോജനപ്പെടും. ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ മാത്രമല്ല, താരനും മുടികൊഴിച്ചിലുമുള്ളവര്‍ക്ക് ചെറിയ ഉള്ളിയുടെ നീര് നല്ലൊരു പ്രതിവിധിയാണ്.

അടുക്കളത്തോട്ടത്തില്‍ ചെറിയ ഉള്ളി വളര്‍ത്താന്‍ ഏകദേശം നാല് ഇഞ്ച് ഉയരത്തിലും ആറ് ഇഞ്ച് വീതിയിലും മണ്ണിട്ട് ഉയര്‍ത്തി ചാണകപ്പൊടിയും കോഴിക്കാഷ്ഠവും ഇതില്‍ ചേര്‍ത്ത് യോജിപ്പിക്കണം. ഈ മണ്ണിട്ട് ഉയര്‍ത്തിയതിന്റെ മീതെ ഏകദേശം നാലിഞ്ച് അകലത്തില്‍ രണ്ട് വശങ്ങളിലുമായി ചെറിയ ഉള്ളി നട്ട് നടുവിലൂടെയുള്ള ചെറിയ ചാല്‍ വഴി നനച്ചുകൊടുക്കണം. മുളച്ച് കഴിഞ്ഞാല്‍ രണ്ട് ദിവസം കൂടുമ്പോള്‍ മാത്രം നനച്ചാല്‍ മതി. കടയില്‍ നിന്ന് വാങ്ങുന്ന ചെറിയ ഉള്ളി കഴുകി വേരു വരുന്ന ഭാഗം ഈര്‍പ്പമുള്ള സ്ഥലത്ത് സ്പര്‍ശിക്കുന്ന രീതിയില്‍ കുറച്ച് ദിവസം വെച്ചാല്‍ മുള വരും. ഈ ഉള്ളി ഇങ്ങനെ നട്ടുവളര്‍ത്താവുന്നതാണ്.

 

ചെറിയ ഉള്ളിയുടെ ചെടിയില്‍ ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും പൂക്കളുണ്ടാകും. ആദ്യത്തെ വര്‍ഷം തന്നെ പൂക്കളുണ്ടാകുന്നുണ്ടെങ്കില്‍ അവ തീര്‍ച്ചയായും വളര്‍ച്ചയെത്താത്ത ചെടികളാണ്. പൂക്കളുണ്ടാകുന്നത് വിളവിനെ ബാധിക്കുന്ന കാര്യമാണ്. 

ചെറിയ ഉള്ളിയില്‍ പൂക്കളുണ്ടാകുമ്പോള്‍ ചെടിയില്‍ നിന്നും മുറിച്ചുമാറ്റുക. ഇത് ഭക്ഷ്യയോഗ്യമായ പൂക്കളാണ്. ഒരിക്കല്‍ പൂക്കള്‍ മുറിച്ചുകളഞ്ഞാല്‍ പിന്നീട് പൂക്കളുണ്ടാകാത്ത അവസ്ഥയിലെത്തുന്ന സമയത്ത് വിളവെടുപ്പ് നടത്താം. ഇത്തരം ചെടികളില്‍ ആദ്യം വിളവെടുപ്പ് നടത്തണം. എല്ലാ ചെടികളിലും പൂക്കളുണ്ടാകണമെന്നില്ല. പൂക്കളുണ്ടാകാത്ത ചെടികള്‍ അങ്ങനെ തന്നെ നിലനിര്‍ത്തി ചെറിയ ഉള്ളി പൂര്‍ണവളര്‍ച്ചയെത്തുന്നതുവരെ മണ്ണിനടിയില്‍ തന്നെ വളരാന്‍ അനുവദിക്കുക.

പുളിപ്പിച്ച വേപ്പിന്‍ പിണ്ണാക്കും ചാണക സ്‌ളറിയും ഒരു മാസം കഴിഞ്ഞാല്‍ നല്‍കാം. ഒരു മാസം കൂടി കഴിയുമ്പോള്‍ ഇത് വീണ്ടും നല്‍കാം.

 

ബാല്‍ക്കണിയിലും മട്ടുപ്പാവിലും വളര്‍ത്താന്‍ ചട്ടിയില്‍ പകുതി ഭാഗം ഉണങ്ങിയ കോഴിക്കാഷ്ഠവും ചാണകപ്പൊടിയും മണ്ണും ചേര്‍ത്ത് അതിന്റെ മുകളില്‍ സാധാരണ മണ്ണും ചേര്‍ത്ത് തയ്യാറാക്കി വെക്കണം. കടയില്‍ നിന്ന് വാങ്ങിയ ചെറിയ ഉള്ളി ഇതിന് മീതേ വെച്ച് മേല്‍മണ്ണ് കൊണ്ട് മൂടി വെള്ളമൊഴിച്ച് തണലില്‍ വെക്കണം. മുളച്ച് കഴിഞ്ഞാല്‍ വെയിലത്തേക്ക് മാറ്റിവെച്ച് വളര്‍ത്താവുന്നതാണ്.

മുളച്ച് വന്നാല്‍ ഏകദേശം മൂന്നര മാസമാകുമ്പോള്‍ തണ്ട് നന്നായി ഉണങ്ങി നിലത്ത് വീഴുന്ന അവസ്ഥയാകും. അപ്പോള്‍ ഉള്ളി പറിച്ചെടുക്കാം. ഇപ്രകാരം വളര്‍ത്തിയാല്‍ ഒരു ചെടിയില്‍ നിന്ന് ഏകദേശം എട്ട് ചെറിയ ഉള്ളികള്‍ കിട്ടും.

click me!