പ്രമേഹത്തെ പേടിക്കണ്ട, പഞ്ചസാര പൂര്‍ണമായും ഉപേക്ഷിക്കാം? സ്റ്റീവിയയുടെ കൃഷി വര്‍ധിപ്പിക്കാന്‍ ശ്രമം

By Web TeamFirst Published Feb 28, 2020, 12:33 PM IST
Highlights

ഇന്ന് ആഗോളതലത്തില്‍ സ്റ്റീവിയ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാന കമ്പനിയാണ് മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'പ്യുവര്‍ സര്‍ക്കിള്‍'. ഇവര്‍ സ്റ്റീവിയ ഗ്ലൂക്കോസാഡുകള്‍ സംസ്‌കരിച്ച് വിതരണം ചെയ്യുന്നത് 250 ഭക്ഷ്യകമ്പനികള്‍ക്കാണ്. 

പഞ്ചസാര സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമര്‍ദം, ചീത്ത കൊളസ്‌ട്രോള്‍, അനാരോഗ്യകരമായ ശരീരഭാരം എന്നിവയ്‌ക്കെല്ലാം കാരണക്കാരനാണ് പഞ്ചസാര. ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് അഗ്രിക്കള്‍ച്ചര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം കുറയ്ക്കാനായി പഞ്ചസാരയ്ക്ക് പകരമായി സ്റ്റീവിയ അഥവാ മധുരതുളസി വ്യാപകമായി ഉപയോഗിക്കാനുള്ള പ്രോത്സാഹനം നല്‍കുകയാണ്. സ്റ്റീവിയയുടെ കൃഷി വര്‍ധിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

പൂജ്യം കലോറി ഊര്‍ജമാണ് സ്റ്റീവിയയിലുള്ളത്. പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരവുമുണ്ട്. സ്റ്റീവിയ ഇന്റര്‍നാഷനല്‍ സമ്മിറ്റ് എന്ന പേരില്‍ ശാസ്ത്രജ്ഞന്‍മാരെയും ആയുര്‍വേദ മേഖലയിലുള്ളവരെയും നാച്ചുറോപ്പതിയിലുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ട് 2020 മാര്‍ച്ച് 21 ന് ജയ്പൂരില്‍ കൂട്ടായ്മ സംഘടിപ്പിക്കാനാണ് അഗ്രികള്‍ച്ചര്‍ സ്‌കില്‍ ഡെവല്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ സ്ഥാപകനായ അതുല്‍ ഗുപ്തയുടെ ശ്രമം.

സ്റ്റീവിയ കൃഷി ചെയ്യുന്നവരെയും ഗവേഷകരെയും വ്യാപാരികളെയും എല്ലാം ഈ മേളയില്‍ പങ്കെടുപ്പിക്കുന്നുണ്ട്. ഈ കൃഷിയുടെ സാധ്യതകളെപ്പറ്റി മനസിലാക്കാനും പുതിയ അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാനും പുതിയ ഉപയോഗങ്ങള്‍ കണ്ടെത്താനുമൊക്കെയാണ് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കുന്നത്. മാര്‍ക്കറ്റിങ്ങ്, സ്റ്റീവിയ ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ക്കുള്ള വിപണി കണ്ടെത്തല്‍, വ്യാവസായികാടിസ്ഥാനത്തില്‍ ഈ ചെടി വളര്‍ത്താന്‍ പ്രോത്സാഹനം നല്‍കുക എന്നിവയെല്ലാം ഇവരുടെ ലക്ഷ്യമാണ്.

സ്റ്റീവിയ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കൃഷിക്കായി പണം നിക്ഷേപിക്കാനുള്ള ആശയം കണ്ടെത്തിയ ഇവര്‍ ഭൂമി നല്‍കാനും തൊഴിലാളികളെ നല്‍കാനും അനുയോജ്യമായ കാലാവസ്ഥ ലഭ്യമാക്കാനുമെല്ലാം തയ്യാറാണ്.

ഇന്ന് ആഗോളതലത്തില്‍ സ്റ്റീവിയ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാന കമ്പനിയാണ് മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'പ്യുവര്‍ സര്‍ക്കിള്‍'. ഇവര്‍ സ്റ്റീവിയ ഗ്ലൂക്കോസാഡുകള്‍ സംസ്‌കരിച്ച് വിതരണം ചെയ്യുന്നത് 250 ഭക്ഷ്യകമ്പനികള്‍ക്കാണ്. ഇതുമായി ബന്ധപ്പെട്ട് 200 പേറ്റന്റുകള്‍ ഈ കമ്പനിക്കുണ്ട്. ഇന്ന് ഇന്ത്യയില്‍ ഏകദേശം 100 ഉത്പന്നങ്ങളില്‍ സ്റ്റീവിയ ഉപയോഗിക്കുന്നുണ്ട്. പ്രകൃതിദത്ത ഷുഗര്‍ ഫ്രീ ക്യാപ്‌സൂളുകളും കലോറി ഇല്ലാത്ത ഡയറ്ററി സപ്ലിമെന്റുകളും വിപണിയിലുണ്ട്.

സ്റ്റീവിയ കൃഷി ചെയ്യുന്ന വിധം

ഗ്രോബാഗിലോ ചട്ടിയിലോ വളര്‍ത്താവുന്നതാണ് സ്റ്റീവിയ. ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്‌റ്റോ ചേര്‍ത്ത് ചട്ടി നിറയ്ക്കണം.

ഇളം ചൂടുള്ള കാലാവസ്ഥയാണ് വളരാന്‍ നല്ലത്. അത്യാവശ്യം ഈര്‍പ്പമുള്ള കാലാവസ്ഥ വേണം.

ജൈവവളങ്ങള്‍ മാത്രം ചേര്‍ത്താല്‍ മതി. അരയടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം. ചാണകപ്പൊടിയും മണലും കലര്‍ത്തി ചെടി നടാം.

മൂന്ന് മാസം ആയാലേ ഇലകള്‍ പറിച്ചെടുക്കാവൂ. ഇലകള്‍ 8 മണിക്കൂര്‍ നന്നായി ഉണക്കി പൊടിച്ചാണ് മധുരത്തിന് പകരമായി ഉപയോഗിക്കുന്നത്.

ചായയുണ്ടാക്കുമ്പോള്‍ ചൂടുവെള്ളത്തില്‍ രണ്ടോ നാലോ സ്റ്റീവിയയുടെ ഇലകള്‍ ഇട്ടുനോക്കൂ. നല്ല മധുരത്തുളസി ചായ കുടിക്കാം.

വെള്ളപ്പൂക്കള്‍ വിരിഞ്ഞാല്‍ ഇലകള്‍ പറിച്ചെടുക്കാന്‍ സമയമായി എന്നു മനസിലാക്കാം.

കേരളത്തില്‍ തൃശൂരിലും എറണാകുളത്തും നഴ്‌സറികളില്‍ സ്റ്റീവിയയുടെ തൈകള്‍ ലഭ്യമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയിലും ലഭിച്ചേക്കാം. 


 

click me!