ബ്രൂണെയില്‍ നിന്നും പഠിച്ച കൃഷിരീതി പയറ്റാന്‍ കര്‍ഷകന്‍; ഇതാണ് ലോക്ക്ഡൗണും പ്രളയവും തകര്‍ക്കാത്ത ആത്മവിശ്വാസം

By Nitha S VFirst Published May 20, 2020, 2:08 PM IST
Highlights

ആര്‍ച്ച് രൂപത്തിലായതുകൊണ്ട് എല്ലാ ഭാഗത്തും സൂര്യപ്രകാശം ലഭിക്കും. രോഗബാധ കുറവാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കരയില്‍ നിന്ന് ഒറ്റദിവസം കൊണ്ടു തന്നെ പാടത്തേക്കോ മറ്റെവിടേക്കെങ്കിലുമോ വേണമെങ്കില്‍ മാറ്റി സ്ഥാപിക്കുന്നതാണ്. 

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയ കൃഷിസ്‌നേഹിയായ ബദറുദ്ദീന്‍ പൊരുതുന്നത് പ്രതികൂല സാഹചര്യങ്ങളോടാണ്. മലപ്പുറം ജില്ലയിലെ ഊരകം പ്രദേശങ്ങളിലെ ഉപയോഗ ശൂന്യമായ സ്ഥലങ്ങള്‍ കൃഷിക്കായി പ്രയോജനപ്പെടുത്തുകയായിരുന്നു ഇദ്ദേഹം. വിദേശത്ത് പോയി പഠിച്ച കമാനാകൃതിയിലുള്ള കൃഷിരീതി സ്വന്തം നാട്ടില്‍ പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. മലപ്പുറത്ത് നിന്ന് പരപ്പനങ്ങാടിക്ക് പോകുന്ന വഴിയില്‍ കുറ്റിയാളൂരാണ് ബദറുദ്ദീന്റെ സ്വദേശം. വീടിന്റെ ഏകദേശം രണ്ടു കിലോമീറ്റര്‍ ചുറ്റളവിലായി 20 ഏക്കറോളം പാട്ടത്തിനെടുത്ത ഭൂമിയില്‍ സ്വന്തമായും കൂട്ടായ്മയിലും കൃഷി ചെയ്യുന്നുണ്ട്.

 

ഏകദേശം ആറു വര്‍ഷമായി ഇദ്ദേഹം കൃഷിയിലേക്കിറങ്ങിയിട്ട്. അതിനുമുമ്പ് ഏഴു വര്‍ഷക്കാലം പ്രവാസജീവിതമായിരുന്നു. വിദേശത്ത് പോകുന്നതിന് മുമ്പായി കൃഷിയുടെ പാഠങ്ങള്‍ പഠിപ്പിച്ചത് കൂരിയാട് സ്വദേശി ഹംസയാണ്. വിദേശത്ത് നിന്ന് മടങ്ങിവന്ന് വീണ്ടും കൃഷിയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. കപ്പ, വാഴ, തെങ്ങ്, പാവയ്ക്ക, തണ്ണിമത്തന്‍, ഷമാം, വെള്ളരി, കക്കിരി, മത്തന്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നു. 15 ഏക്കറോളം തണ്ണിമത്തന്‍ കൃഷിയുണ്ട്. ഏകദേശം 12 ഏക്കറോളം സ്ഥലത്ത് നെല്ല് കൃഷി ചെയ്യുന്നു. രണ്ടോ മൂന്നോ ഏക്കറില്‍ കപ്പയും അഞ്ച് ഏക്കറില്‍ വാഴയും വളര്‍ത്തുന്നു.

ബ്രൂണെയില്‍ നിന്ന് പഠിച്ച നൂതന സാങ്കേതിക വിദ്യ

കൃഷിയില്‍ സാങ്കേതിക വിദ്യ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ബദറുദ്ദീന്‍ മലപ്പുറത്ത് എത്തിച്ചത് പുതിയൊരു കൃഷിരീതിയാണ്. 'സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ബ്രൂണെയില്‍ ഒരു പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പോയിരുന്നു. അവിടെ തണ്ണിമത്തന്‍ കൃഷി ചെയ്യാനുള്ള ശ്രമങ്ങളൊക്കെ നടത്തുകയും ചെയ്തു. ആ സമയത്ത് മനസിലാക്കിയ ഒരു കൃഷിരീതിയാണ് ഊരകത്ത് ഞാന്‍ നടപ്പിലാക്കിയത്. വളരെ കൗതുകത്തോടെ ചെയ്ത കൃഷിരീതിയാണിത്. ആര്‍ച്ച് രൂപത്തില്‍ അതായത് കമാനാകൃതിയില്‍ പന്തലിട്ട് കൃഷി ചെയ്യുന്നതാണ് ഇവിടുത്തെ പ്രത്യേകത. പാവയ്ക്കയും പടവലവും ആയിരുന്നു കൃഷി ചെയ്തത്. എല്ലാ നൂതന രീതിയും സംയോജിപ്പിച്ച രീതിയാണിത്. കമാനാകൃതിയില്‍ ജി.ഐ പൈപ്പ് വളച്ച് അതിന്‍റെ മുകളില്‍ പന്തലൊരുക്കി പച്ചക്കറിച്ചെടികള്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്.' ബദറുദ്ദീന്‍ പറയുന്നു.

 

പാടത്ത് കൃഷി, വരമ്പത്ത് വില്‍പ്പന എന്ന രീതിയിലായിരുന്നു എല്ലാമെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷങ്ങളില്‍ സാങ്കേതിക വിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തി ചെയ്യണമെന്ന ആഗ്രഹമാണുള്ളത്. ഇപ്പോള്‍ വരുമാനം നേടുകയെന്നതിനേക്കാള്‍ കൗതുകമുള്ള എന്തെങ്കിലും രീതി കൃഷിയില്‍ കണ്ടുപിടിക്കുകയെന്നതിനോടാണല്ലോ ആളുകള്‍ക്ക് താല്‍പര്യമെന്ന ചോദ്യവും ബദറുദ്ദീന്‍ ചോദിക്കുന്നു.

ഊരകം കൃഷി ഭവനിലെ കൃഷി ഓഫീസറായ മെഹറുന്നീസ പറയുന്നത് ഇതാണ് 'ബദറുദ്ദീന്‍ ചെയ്യുന്നത് വെറും കൃഷിയല്ല. കൃഷി തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം. സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി ചെയ്യുന്ന കൃഷിയാണിത്. സാധാരണക്കാരനായ ഒരു കര്‍ഷകനാണ്. ബ്രൂണെയില്‍ പോയി ഏഴുമാസം അവിടെ കൃഷി ചെയ്യുകയും പിന്നീട് ഏഴുമാസം കേരളത്തിലെത്തി കൃഷി നടത്തുകയും ചെയ്യുന്ന രീതിയായിരുന്നു ബദറുദ്ദീനുള്ളത്. അങ്ങനെയാണ് ഈ സാങ്കേതിക വിദ്യയെക്കുറിച്ച് എന്നോട് പറയുന്നത്. പച്ചക്കറിക്കൃഷിയിലെ നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജെക്റ്റ് റിപ്പോര്‍ട്ട് ഞാന്‍ സമര്‍പ്പിക്കുകയും അനുമതി കിട്ടുകയും ചെയ്തു. ഇവിടെ എണ്‍പതോളം ആര്‍ച്ചുകള്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ രൂപകല്‍പ്പന ചെയ്ത് പടവലവും പാവയ്ക്കയും പയറും കൃഷി ചെയ്തു. വന്‍വിജയമായിരുന്നു ഈ രീതി'

 

ആര്‍ച്ച് രൂപത്തിലായതുകൊണ്ട് എല്ലാ ഭാഗത്തും സൂര്യപ്രകാശം ലഭിക്കും. രോഗബാധ കുറവാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കരയില്‍ നിന്ന് ഒറ്റദിവസം കൊണ്ടു തന്നെ പാടത്തേക്കോ മറ്റെവിടേക്കെങ്കിലുമോ വേണമെങ്കില്‍ മാറ്റി സ്ഥാപിക്കുന്നതാണ്. ബദറുദ്ദീന്‍ സ്വന്തം ആശയം പ്രയോജനപ്പെടുത്തിയാണ് ഈ നിര്‍മിതി ഇവിടെ സ്ഥാപിച്ചതെന്നും കൃഷി ഓഫീസര്‍ സൂചിപ്പിക്കുന്നു.

 

'തുള്ളിനന രീതിയിലാണ് ബദറുദ്ദീന്‍ കൃഷി ചെയ്യുന്നത്. വളരെ നല്ല രീതിയില്‍ ജൈവവളം മാത്രം പ്രയോജനപ്പെടുത്തി കൃഷി മുന്നോട്ട് പോകുന്നു. ഇവിടെ ലോക്ക്ഡൗണില്‍ വില്‍പ്പനയ്ക്ക് പ്രശ്‌നം വന്നപ്പോള്‍ ജീവനിയുടെ ബാനറില്‍ ഞങ്ങള്‍ വഴിവക്കില്‍ ഗ്രാമീണ ചന്തയൊരുക്കി. ഏപ്രില്‍ മാസം മാത്രം 12 ടണ്‍ വിറ്റഴിച്ചു. ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ വില്‍പന നടന്നിട്ടുണ്ട്. നോമ്പ് കാലമായതിനാല്‍ തണ്ണിമത്തന് വന്‍ ഡിമാന്റായിരുന്നു. ചില്ലറ കച്ചവടമെന്ന രീതിയില്‍ തന്നെ നാല് ലക്ഷം ടണ്‍ വിറ്റഴിഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ വിളകള്‍  നേരിട്ട് വീട്ടുപടിക്കലെത്തുന്നതുകൊണ്ടും വാങ്ങാന്‍ ആളുകളുണ്ട്. ലോക്ക്ഡൗണ്‍ കാലത്തേക്ക് മാത്രമായി മൊബൈല്‍ മാര്‍ക്കറ്റിങ്ങും തുടങ്ങി. നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടല്ലോ. അതുവഴി പച്ചക്കറി വില്‍പ്പനയെക്കുറിച്ച് പ്രാദേശികമായി ആളുകളിലേക്ക് വിവരം എത്തിക്കുകയും വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്.' മെഹറുന്നീസ തന്റെ കൃഷിഭവന്റെ കീഴില്‍ കര്‍ഷകര്‍ക്കായുള്ള പദ്ധതികളെക്കുറിച്ച് വിശദമാക്കുന്നു.

 

കോഴിവവളവും ചാണകപ്പൊടിയും ആട്ടിന്‍കാഷ്ഠവുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഈ വര്‍ഷം മുതല്‍ ജൈവലായനി എന്ന രീതിയില്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ പുതിയൊരു വളപ്രയോഗം പരീക്ഷിച്ചത് വിജയമായിരുന്നുവെന്ന് ബദറുദ്ദീന്‍ പറയുന്നു. '20 കിലോ ചാണകം, 3 കിലോ കറുത്ത ഉഴുന്ന്, കടലപ്പിണ്ണാക്ക്, 15 കിലോ ചെറിയ പുല്ലുകള്‍ എന്നിവ ചേര്‍ത്ത് ശര്‍ക്കരയും ചേര്‍ത്ത് 15 ദിവസം യോജിപ്പിച്ച് ഇളക്കിവെക്കുകയാണ് ചെയ്യുന്നത്. 15 ദിവസം കഴിഞ്ഞ് ചെടികള്‍ക്ക് നല്‍കിയാല്‍ വളര്‍ച്ചയും തണുപ്പും നല്‍കുന്നു'

മഴമറയുടെ ആവശ്യം കാര്യമായി വരാറില്ലെന്ന് ബദറുദ്ദീന്‍ പറയുന്നു. വിത്ത് മുളപ്പിച്ച് 15 ദിവസം പ്രായമുള്ള തൈകളാക്കി മാറ്റാനായി മാത്രമാണ് മഴമറ ഉപയോഗിക്കുന്നത്.

''നെല്‍ക്കൃഷി കഴിഞ്ഞ പാടത്താണ് തണ്ണിമത്തന്‍ കൃഷി ചെയ്യുന്നത്. തുള്ളിനന വഴിയാണ് ചെയ്യുന്നത്. ഇതിന് പുറത്ത് മള്‍ട്ടി ഷീറ്റ് ഉപയോഗിച്ച് കളകള്‍ വളരാതിരിക്കാനുള്ള സംവിധാനവും ഒരുക്കുന്നു. ഞങ്ങളുടെ നാടായ ഊരകം പ്രദേശങ്ങളില്‍ നല്ല ചൂടാണ്. തണ്ണിമത്തന്‍ ചൂട് കുറഞ്ഞ രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. ബുദ്ധിമുട്ടുള്ള കൃഷിയാണിത്. കൃത്യമായ വളവും വെള്ളവും ആവശ്യമാണ്. പ്രത്യേക പരിചരണമുണ്ടെങ്കിലേ വില്‍ക്കാന്‍ പാകത്തില്‍ രുചിയുള്ള തണ്ണിമത്തന്‍ വിളവെടുക്കാന്‍ കഴിയൂ. കൃഷി ഓഫീസറുടെ നിര്‍ദേശപ്രകാരം മഞ്ഞനിറമുള്ള തണ്ണിമത്തന്‍ കൃഷി ചെയ്തു. നല്ല രുചിയും വിളവുമാണ്. ധാരാളം ആളുകള്‍ ഇതിനായി ആവശ്യപ്പെടുന്നുണ്ട്. തോലിന് കനം കുറഞ്ഞ ഒരു പ്രത്യേക രുചിയുള്ള തണ്ണിമത്തനാണിത്'.

 

കൃഷി ഭവന്‍ എല്ലാ സഹായങ്ങളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ടെന്ന് ബദറുദ്ദീന്‍ പറയുന്നു. 'വിളകള്‍ പരിചരിക്കുന്നതിനായി കൃഷി ഓഫീസര്‍ നേരിട്ടുതന്നെ പാടത്തേക്ക് വരാറുണ്ട്. ഞങ്ങള്‍ കണ്ടുപിടിക്കാത്ത പ്രശ്‌നങ്ങള്‍ അവര്‍ കണ്ടുപിടിച്ച് പരിഹരിക്കും. കമാനാകൃതിയിലുള്ള കൃഷി നൂതന കൃഷിരീതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ സാമ്പത്തിക സഹായം ചെയ്തുതന്നിട്ടുണ്ട്. പ്രതികൂല സാഹചര്യത്തിലാണ് ഞങ്ങള്‍ ജൂണില്‍ കൃഷി ചെയ്തത്. പ്രളയം തകര്‍ത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതില്‍ നിന്നൊക്കെ കരകയറാന്‍ കൃഷിഭവനില്‍ നിന്ന് വലിയ സഹായം ലഭിച്ചിട്ടുണ്ട്.'

 

'തണ്ണിമത്തന്‍ ഏകദേശം 70 ശതമാനത്തോളം വിറ്റഴിഞ്ഞപ്പോഴാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഏകദേശം 4 ടണ്‍ സാധനങ്ങള്‍ പാടത്ത് നിന്ന് വിപണിയിലേക്കെത്തിക്കാന്‍ ഞങ്ങള്‍ വളരെ കഷ്ടപ്പെട്ടു. ജനങ്ങള്‍ പേടിച്ച് പുറത്തിങ്ങാതിരുന്നപ്പോള്‍ അങ്ങേയറ്റം ബുദ്ധിമുട്ടി. വാഹനസൗകര്യമില്ലാതിരുന്നതിനാല്‍ വിളവെടുത്ത തണ്ണിമത്തന്‍ പുറത്തേക്ക് കൊണ്ടുവരാന്‍ പോലും കഴിഞ്ഞില്ല. എന്നാലും ഒരുവിധം വില്‍പ്പന നടത്താന്‍ കഴിഞ്ഞു. ഏകദേശം 15 ദിവസങ്ങള്‍ക്ക് ശേഷം ഏഴു തോട്ടങ്ങളും വിളവെടുത്തു. നോമ്പ് കഴിഞ്ഞാല്‍ എട്ടാമത്തെ തോട്ടവും വിളവെടുക്കണം. പിന്നീട് പാവയ്ക്കയും പടവലവും കൃഷി ചെയ്യണം.' ബദറുദ്ദീന്‍ പറയുന്നു.

 

 

'വാഴക്കൃഷിയിലും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ആവശ്യക്കാരിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യം ലോക്ക്ഡൗണിലുണ്ടായി. പാലക്കാട് മുതലമടയിലുള്ള മാങ്ങ വിറ്റഴിക്കാന്‍ പറ്റാതെ കെട്ടിക്കിടന്നപ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തും. ധാരാളം കര്‍ഷകര്‍ക്ക് നഷ്ടം വന്നതായിരുന്നു. ഇവിടെ ജീവനി വഴി ഓണ്‍ലൈനായി വിവരങ്ങള്‍ എത്തിച്ച് ഞങ്ങള്‍ വില്‍പ്പന നടത്തി. അവര്‍ക്ക് നന്‍മ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.' കര്‍ഷകരെ സഹായിച്ച സംതൃപ്തിയുമായി ബദറുദ്ദീന്‍.

മത്തന്റെ ഇലയ്ക്കും പയറിന്റെ ഇലയ്ക്കും പയറിനും തണ്ണിമത്തനുമാണ് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളതെന്ന് ബദറുദ്ദീന്‍ പറയുന്നു.'ലോക്ക്ഡൗണ്‍ ആയപ്പോള്‍ സാധാരണ നൂറ് പേര്‍ വന്ന് വാങ്ങുന്ന സ്ഥാനത്ത് 10 പേര്‍ മാത്രം വാങ്ങുന്ന അവസ്ഥയിലെത്തിയെങ്കിലും ഞങ്ങള്‍ വണ്ടികള്‍ വാടകയ്‌ക്കെടുത്ത് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു. വില കുറച്ചാണ് നല്‍കിയത്. ഓണ്‍ലൈന്‍ വഴി ഊരകം പഞ്ചായത്തിലെ മെമ്പര്‍മാര്‍ക്ക് മെസേജ് അയച്ച് പച്ചക്കറിയുമായി വാഹനം വരുമെന്ന് അറിയിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വാഹനത്തിനാവശ്യമായ ചിലവുകള്‍ കര്‍ഷകര്‍ തന്നെയാണ് വഹിച്ചത്. ഇന്നും ഈ രീതിയില്‍ ഞങ്ങള്‍ ഉല്‍പ്പനങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.' പ്രളയം വന്നാലും ലോക്ക്ഡൗണ്‍ ആയാലും തളരാത്ത ആത്മവിശ്വാസവുമായി മുന്നിട്ടിറങ്ങാനുള്ള മനസാണ് ഈ കൃഷിക്കാരനെ വ്യത്യസ്തനാക്കുന്നത്.

click me!