'ജയ് ജവാന്‍, ജയ് കിസാന്‍ എന്നാണല്ലോ, കര്‍ഷകനും വേണം നല്ല മനക്കരുത്ത്' -സിദ്ദിഖ് പറയുന്നു

By Nitha S VFirst Published Jun 13, 2020, 11:48 AM IST
Highlights

മഴമറയും ഗ്രീന്‍ഹൗസും സിദ്ദിഖിന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ പരാജയമാണ്. കൃഷിക്കാരന്‍ മുടക്കുന്നത് അവന്റെ പോക്കറ്റിലെത്തുന്നില്ലെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. 

ഇലക്ട്രിക്കല്‍ ജോലികളും പ്ലംബിങ്ങും വെല്‍ഡിങ്ങും അറിയാവുന്ന സിദ്ദിഖ് ഒരിക്കല്‍ ഒരു തോട്ടത്തില്‍ മോട്ടോര്‍ വെച്ചുപിടിപ്പിക്കാനായി വിളിച്ചപ്പോള്‍ അവിടെ എത്തിയതായിരുന്നു. അവരുടെ തോട്ടത്തില്‍ നല്ല വാഴക്കുലകള്‍ കണ്ടപ്പോള്‍ വാഴക്കൃഷി ചെയ്‍താലോന്ന് ഒരു ആലോചന തോന്നി. അങ്ങനെ 400 വാഴകള്‍ വെച്ചുപിടിപ്പിച്ചുകൊണ്ട് തുടക്കമിട്ട സിദ്ദിഖ് നാലകത്ത് എന്ന കര്‍ഷകന്‍ പിന്നീട് ഏഴര ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് 2003 -ല്‍ കൃഷി വിപുലമാക്കി. 2008 -ല്‍ മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. ഇതാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള ചാലിയാര്‍ പഞ്ചായത്തിലെ കര്‍ഷകനായ സിദ്ദിഖിന്റെ ജീവിതം.

 

'2018 ലെ പ്രളയത്തില്‍ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. ജയ് ജവാന്‍, ജയ് കിസാന്‍ എന്നാണല്ലോ ആപ്‍തവാക്യം. ഒരു പട്ടാളക്കാരനേക്കാളും അല്‍പം കൂടി മനക്കരുത്തും ആര്‍ജ്ജവവും ഉള്ള കര്‍ഷകന് പ്രളയമല്ല, അതിനപ്പുറത്ത് എന്ത് ദുരന്തം വന്നാലും തരണം ചെയ്യാനും വിജയിക്കാനും കഴിയും.'  ഒരു യഥാര്‍ഥ കര്‍ഷകന്‍ എങ്ങനെ ആയിരിക്കണമെന്ന് സിദ്ദിഖ് നമുക്ക് പറഞ്ഞുതരുന്നു.

 

ഇപ്പോള്‍ ഏകദേശം 15 എക്കറില്‍ നെല്ല്, വാഴ, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാബേജ്, കാരറ്റ്, കോളിഫ്ലവര്‍, തണ്ണിമത്തന്‍, പൈനാപ്പിള്‍ എന്നിവ കൃഷി ചെയ്യാറുണ്ട്. കപ്പ ആവശ്യമുള്ളവര്‍ വന്ന് തലശ്ശേരി ഭാഗത്തേക്ക് വണ്ടിയില്‍ ധാരാളമായി കയറ്റിപ്പോകുന്നു. ലോക്ക്ഡൗണ്‍ സമയത്ത് നെല്ല് സപ്ലൈയ്‌ക്കോക്ക് കൊടുത്തു. കൃഷിവകുപ്പില്‍ നിന്ന് ലഭിക്കുന്ന നല്ല പിന്തുണയും ഇവിടെ കൃഷിയുടെ പുരോഗതിക്ക് സഹായിക്കുന്നുണ്ട്. കാര്‍ഷിക പഠനത്തിനായി നിരവധി ആളുകള്‍ സിദ്ദിഖിനെ സമീപിക്കുന്നു. മഞ്ചേരിയിലെ പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് പച്ചക്കറികള്‍ സ്ഥിരമായി വില്‍പ്പനയ്ക്കായി നല്‍കുന്നു.

 

സമ്മിശ്രക്കൃഷിയാണ് ഇവിടെ ചെയ്യുന്നത്. വാഴ, കപ്പ എന്നിവയ്ക്കിടയില്‍ മറ്റുള്ള കൃഷികളും ചെയ്യും. രാസവളങ്ങളും ജൈവവളങ്ങളും ഉപയോഗിക്കാറുണ്ട്. കാബേജ്, കോളിഫ്ലവര്‍ എന്നിവ വളര്‍ത്തുമ്പോള്‍ ഡ്രിപ്പ് ഇറിഗേഷന്‍ ആണ് ഉപയോഗിക്കുന്നത്. ദ്രാവകരൂപത്തിലുള്ള രാസവളങ്ങള്‍ ഇവയ്ക്ക് നല്‍കുന്നു. കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ കേരളത്തിന് പുറത്തുനിന്ന് വരുന്നതുകൊണ്ട് സ്വയം ഉണ്ടാക്കുന്ന വിളകള്‍ക്ക് ഇവിടെ വിപണി കുറവായിരിക്കുമെന്ന് ഇദ്ദേഹം പറയുന്നു. കാബേജ് മൂന്ന് മാസം കൊണ്ട് വിളവെടുക്കാന്‍ കഴിയും.

'പച്ചക്കറി നഴ്‌സറിയില്‍ തൈകള്‍ ഉണ്ടാക്കി കൃഷിഭവനിലും എത്തിക്കാറുണ്ട്. നെല്ല്, വാഴ, മരച്ചീനി, ചേന, ചേമ്പ്, പൈനാപ്പിള്‍ എന്നിവയാണ് പ്രധാനമായും വളര്‍ത്തി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. കഴിഞ്ഞ തവണ 12 ടണ്‍ ചേന കേരഗ്രാമത്തിനുവേണ്ടി ചാലിയാര്‍ പഞ്ചായത്തിന് കൊടുത്തിട്ടുണ്ട്.' സിദ്ദിഖ് പറയുന്നു.

 

മഴമറയും ഗ്രീന്‍ഹൗസും സിദ്ദിഖിന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ പരാജയമാണ്. കൃഷിക്കാരന്‍ മുടക്കുന്നത് അവന്റെ പോക്കറ്റിലെത്തുന്നില്ലെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. പ്രളയശേഷം കൃഷിഭൂമി തിരിച്ചുപിടിക്കാന്‍ ഭഗീരഥ പ്രയത്‌നം തന്നെ നടത്തിയ സിദ്ദിഖ് മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യുന്ന കര്‍ഷകനാണ്. 2019 -ല്‍ വീണ്ടും കുമ്മായമൊക്കെ ചേര്‍ത്ത് ഭൂമി നന്നാക്കിയെടുക്കുകയും വെള്ളം കയറാത്ത രീതിയില്‍ ശ്രദ്ധിക്കുകയും ചെയ്‍തതുകൊണ്ട് ആ വര്‍ഷത്തെ പ്രളയത്തില്‍ വലിയ നഷ്ടമുണ്ടായില്ലെന്ന് ഇദ്ദേഹം പറയുന്നു. ജൈവവളങ്ങളും കോഴിവളങ്ങളും മണ്ണിരക്കമ്പോസ്റ്റുമെല്ലാം കൂടുതല്‍ ഉപയോഗിച്ചാണ് പ്രളയശേഷം കൃഷിഭൂമി തിരിച്ചുപിടിച്ചത്.

കൂസ അഥവാ സുക്‌നി

 

ഗള്‍ഫില്‍ കൂസ എന്നും കേരളത്തില്‍ സുക്‌നി എന്നും അറിയപ്പെടുന്ന പച്ചക്കറിയും ഇവിടെ വളര്‍ത്തുന്നുണ്ട്. മഞ്ഞയും പച്ചയും നിറങ്ങളിലുള്ളവ ഇവിടെയുണ്ട്. കറിവെക്കാനാണ് ഉപയോഗിക്കുന്നത്. പച്ചയാണെങ്കില്‍ സലാഡായി ഉപയോഗിക്കാം. മത്തനെപ്പോലെയുള്ള ചെടിയാണിത്.

ഏകദേശം രണ്ടടി അകലത്തിലാണ് കൂസയുടെ ഒരു വിത്ത് പാകുന്നത്. ചെടിയുടെ മുകളില്‍ ചിനപ്പുകള്‍ വന്ന് അതിലാണ് കായകളുണ്ടാകുന്നത്. പച്ചയ്ക്കും കഴിക്കാന്‍ പറ്റുന്നതാണിത്. കായീച്ചകള്‍ ആക്രമണം നടത്താന്‍ ഏറെ സാധ്യതയുള്ള പച്ചക്കറിയാണിത്. മഞ്ഞക്കാര്‍ഡുകള്‍ വെച്ചാണ് നിയന്ത്രിക്കുന്നത്.

ഊര്‍ജ രഹിത ശീതീകരണ സംവിധാനം

 

പഴവും പച്ചക്കറികളും ഊര്‍ജ രഹിത ശീതീകരണ സംവിധാനത്തില്‍ (സീറോ എനര്‍ജി കൂള്‍ ചേമ്പറില്‍ ) വെച്ചാല്‍ ഒരാഴ്ചയോളം കേടാകാതെ സൂക്ഷിക്കാമെന്ന് സിദ്ദിഖ് പറയുന്നു. ഇത് നിര്‍മിക്കുമ്പോള്‍ നടുവിലായി മണലാണ് നിറയ്ക്കുന്നത്. കൃഷിഭവന്റെ 15000 രൂപ സബ്‌സിഡിയോടെയാണിത് സിദ്ദിഖ് തയ്യാറാക്കിയിരിക്കുന്നത്.

കൃഷിക്കായി യന്ത്രങ്ങളും

തോട്ടത്തിലുണ്ടാകുന്ന പട്ടയും പാളയും കപ്പത്തണ്ടുമെല്ലാം പൊടിച്ച് മണ്ണില്‍ ചേര്‍ക്കാന്‍ കഴിയുന്ന യന്ത്രം ട്രാക്റ്ററില്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്നു. കപ്പത്തണ്ട് പൊടിച്ച് മണ്ണില്‍ ചേര്‍ത്താല്‍ നല്ല വളമാണെന്ന് ഇദ്ദേഹം പറയുന്നു.

 

നെല്ല് വിതയ്ക്കുന്ന യന്ത്രവുമുണ്ട്. വരിവരിയായി നെല്ല് നട്ടുപിടിപ്പിക്കാമെന്നതാണ് ഗുണം. കാടുവെട്ടിയന്ത്രം, ട്രാക്റ്റര്‍, വിതയന്ത്രം എന്നിവ സ്വന്തമായി പണം കൊടുത്ത് വാങ്ങിയതാണ്. ചിലതൊക്കെ സബ്‌സിഡി വഴിയും ലഭിച്ചു. മരം മുറിക്കാനും ഗാര്‍ഡന്‍ ടില്ലറും പവര്‍ സ്‌പ്രേയറുകളും ഇവിടെയുണ്ട്.

 

മണ്ണിരക്കമ്പോസ്റ്റിനായി ടാങ്ക് നിര്‍മിച്ച് പുളിയും എരിവുമില്ലാത്ത എല്ലാ മാലിന്യങ്ങളും തോട്ടത്തിലെ ചപ്പുചവറുകളും അതില്‍ ചേര്‍ത്ത് കമ്പോസ്റ്റ് നിര്‍മിക്കുന്നു. 45 ദിവസം കൊണ്ട് നല്ല മണ്ണിരക്കമ്പോസ്റ്റ് കിട്ടുമെന്ന് ഇദ്ദേഹം പറയുന്നു. കോഴിവളത്തിനായി ഒരു ചെറിയ കോഴിഫാമും ഉണ്ട്. അതിരാവിലെ അഞ്ചര മണിക്കെഴുന്നേറ്റ് തോട്ടത്തിലേക്കിറങ്ങുന്ന സിദ്ദിഖ് എന്ന സ്ഥിരോത്സാഹിയായ കര്‍ഷകന്‍ കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്ക് നല്ലൊരു മാതൃകയാണ്.

click me!