ബോസ്റ്റണ്‍ ഫേണിന്റെ വിവിധ ഇനങ്ങള്‍; വീടിനകത്തും പുറത്തും പച്ചപ്പ് നിലനിര്‍ത്താം

By Web TeamFirst Published Jun 26, 2020, 4:24 PM IST
Highlights

നല്ല വെളിച്ചം ആവശ്യമാണെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം വേണമെന്നില്ല.  കര്‍ട്ടന്‍ ഇട്ട് ജനലരികില്‍ ഈ ചെടി വളര്‍ത്തിയാല്‍ നേരിട്ട് സൂര്യപ്രകാശം തട്ടുന്നതുമൂലം ഇലകള്‍ കരിഞ്ഞുപോകുന്നത് ഒഴിവാക്കാം. 

വീട്ടില്‍ ഇരുന്ന് മടുക്കുന്നവര്‍ക്ക് മാനസികമായി ഉന്‍മേഷം തരുന്ന പ്രവൃത്തിയാണ് പൂന്തോട്ട നിര്‍മാണം. അടുക്കളത്തോട്ടം നിര്‍മിക്കുന്നതായാലും ഇന്‍ഡോര്‍ പ്ലാന്റ് പരിചരിക്കുന്നതായാലും ടെന്‍ഷന്‍ ഒഴിവാക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. വീട്ടിലെ പൂന്തോട്ടത്തില്‍ എപ്പോഴും പച്ചപ്പിന്റെ മനോഹാരിത നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് ഫേണ്‍ വര്‍ഗത്തിലുള്ള ചെടികള്‍. ബോസ്റ്റണ്‍ ഫേണിന്റെ നിരവധി ഇനങ്ങള്‍ ഇത്തരത്തില്‍ വളര്‍ത്താവുന്നതാണ്.

പല ഇനങ്ങളിലുള്ള ബോസ്റ്റണ്‍ ഫേണ്‍ ഉണ്ട്. നെഫ്രോലെപിസ് എക്‌സാള്‍ട്ടേറ്റ അഥവാ ഗോള്‍ഡന്‍ ബോസ്റ്റണ്‍ എന്നയിനത്തിന് സ്വര്‍ണവര്‍ത്തിലുള്ളതും മഞ്ഞയും പച്ചയും കലര്‍ന്നതുമായ നിറമാണുള്ളത്. മറ്റൊരിനമായ ഫ്‌ളഫി റഫ്ള്‍സ് തൂവലിനെപ്പോലുള്ള ഇലകളോടുകൂടിയതാണ്. ഹാവായെന്‍സിസ് എന്ന മറ്റൊരിനം ഫേണ്‍ കൂടിയുണ്ട്. ഹാവായ് ദ്വീപില്‍ത്തന്നെയാണ് ഇതിന്റെ സ്വദേശം. കറുത്ത കുത്തുകള്‍ ഉള്ളതുകൊണ്ട് ഈ ഫേണ്‍ വളരെ എളുപ്പത്തില്‍ തിരിച്ചറിയാം.

മറ്റൊരിനമാണ് നെഫ്രോലെപിസ് എക്‌സാള്‍ട്ടേറ്റ മാസില്‍. കടുത്ത പച്ചനിറമുള്ള ഇലകളാണിതിന്. ഡാലസ് എന്ന മറ്റൊരിനത്തിന് മങ്ങിയ വെളിച്ചത്തില്‍ നന്നായി വളരാന്‍ കഴിയും. പെട്ടെന്ന് പടര്‍ന്ന് വളരുന്ന സ്വഭാവമാണിതിന്.

ബോസ്റ്റണ്‍ ഫേണ്‍ എങ്ങനെ പരിചരിക്കാം?

ഈര്‍പ്പമുള്ള മണ്ണിലാണ് വളരുന്നതെങ്കിലും വേര് ചീയല്‍ ഒഴിവാക്കാനായി നീര്‍വാര്‍ച്ചയുള്ള മണ്ണ് തന്നെ വേണം. വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള ചെടിയല്ല. അതുകൊണ്ടുതന്നെ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രമിക്കണം. വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. ചിലപ്പോള്‍ രണ്ടുനേരവും നനയ്ക്കണം. നേരിട്ട് തോട്ടത്തിലെ മണ്ണില്‍ വളര്‍ത്തുന്ന ചെടിയാണെങ്കില്‍ ഈര്‍പ്പം തേടി വേരുകള്‍ വളര്‍ന്നുപോകും.

നല്ല വെളിച്ചം ആവശ്യമാണെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം വേണമെന്നില്ല.  കര്‍ട്ടന്‍ ഇട്ട് ജനലരികില്‍ ഈ ചെടി വളര്‍ത്തിയാല്‍ നേരിട്ട് സൂര്യപ്രകാശം തട്ടുന്നതുമൂലം ഇലകള്‍ കരിഞ്ഞുപോകുന്നത് ഒഴിവാക്കാം. തണുപ്പുകാലത്തും മഴക്കാലത്തും സൂര്യപ്രകാശത്തിന് ശക്തിയില്ലാത്തതുകാരണം നേരിട്ടുള്ള പ്രകാശം പതിച്ചാലും കുഴപ്പമില്ല. പുറത്ത് വളര്‍ത്തുന്ന ബോസ്റ്റണ്‍ ഫേണ്‍ പകുതി തണലുള്ള സ്ഥലത്തോ മുഴുവനായും തണല്‍ ലഭിക്കുന്ന സ്ഥലത്തോ വളര്‍ത്തുന്നതാണ് നല്ലത്.

 

വളരാന്‍ അനുയോജ്യമായത് 60 മുതല്‍ 75 ഡിഗ്രി വരെ ഫാറന്‍ഹീറ്റിനുള്ളിലുള്ള താപനിലയാണ്. 50 ഡിഗ്രി ഫാറന്‍ഹീറ്റിലും കുറഞ്ഞ താപനിലയില്‍ ചെടിക്ക് വളരാന്‍ കഴിയില്ല.

പൂര്‍ണവളര്‍ച്ചയെത്തിയ ചെടികള്‍ പാത്രത്തില്‍ നിന്ന് മാറ്റി രണ്ടോ മൂന്നോ ചെടികളായി വേര്‍പെടുത്തി മറ്റൊരു പാത്രത്തിലേക്ക് നട്ടുവളര്‍ത്താം. പ്രൂണിങ്ങ് നടത്തി ആകൃതി നിലനിര്‍ത്താം. ബ്രൗണ്‍നിറത്തിലുള്ള ഇലകള്‍ പറിച്ചുമാറ്റണം. 

click me!