ബോണ്‍സായിയും കള്ളിച്ചെടിയും വീട്ടില്‍ വളര്‍ത്താമോ? വാസ്തു പറയുന്നത് ഇതാണ്...

By Web TeamFirst Published Oct 11, 2020, 3:47 PM IST
Highlights

മുല്ലച്ചെടി വളര്‍ത്തിയാല്‍ ഉത്കണ്ഠ അകറ്റാനും സുഗന്ധം മനസിന് സമാധാനം തരാനും സഹായിക്കുമെന്നാണ് പറയുന്നത്. ജനലിനരികിലാണ് മുല്ലച്ചെടിയുടെ സ്ഥാനം.

പൂന്തോട്ടം നിര്‍മിക്കുമ്പോള്‍ വാസ്തുപ്രകാരം ചില കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത്തിരിവട്ടത്തില്‍ ചെടികള്‍ നട്ടുവളര്‍ത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനൊന്നും ഇന്നത്തെ കാലത്ത് കഴിയില്ല. എന്നിരുന്നാലും ചെടികളെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന ചില വിശ്വാസങ്ങളെപ്പറ്റി അറിഞ്ഞിരിക്കാം.

മുള്ളുകളുള്ള ചെടികളെ പൊതുവേ ഒഴിവാക്കണമെന്നാണ് സൂചന. കള്ളിമുള്‍ച്ചെടി വളര്‍ത്തുന്നത് ബന്ധങ്ങള്‍ ദുര്‍ബലമാക്കുമെന്നും ടെന്‍ഷന്‍ കൂട്ടുമെന്നും പറയപ്പെടുന്നു. അതുപോലെ കുള്ളന്‍ രൂപത്തിലുള്ള ബോണ്‍സായ് ചെടികള്‍ വളര്‍ച്ച മുരടിച്ചവയായതുകൊണ്ട് ഒഴിവാക്കണമെന്നും വാസ്തു പറയുന്നു.

വീട്ടുമുറ്റത്ത് വളരെ അടുത്തായി വേപ്പ് നട്ടുവളര്‍ത്തരുതെന്നാണ് പറയുന്നത്. 60 മീറ്ററെങ്കിലും അകലത്തിലായിരിക്കണം വേപ്പിന്റെ സ്ഥാനം. ഔഷധഗുണമുള്ള വേപ്പ് നല്ല കയ്പുരസമുള്ളതാണ്. ദക്ഷിണേന്ത്യയില്‍ ഉഗാദി ആഘോഷിക്കുമ്പോള്‍ വേപ്പിലയും പച്ചമാങ്ങയും ശര്‍ക്കരയും കലര്‍ത്തി ഭക്ഷിക്കാറുണ്ട്. അടുത്ത വര്‍ഷത്തേക്ക് ജീവിതത്തില്‍ വരാന്‍ പോകുന്ന മധുരവും കയ്പ്പും പുളിപ്പും സമചിത്തതയോടെ ഉള്‍ക്കൊള്ളണമെന്ന പ്രതീകാത്മക സന്ദേശമാണ് ഇത് നല്‍കുന്നത്. വീട്ടില്‍ വളര്‍ത്താന്‍ എന്തുകൊണ്ടും നല്ലതാണ് വേപ്പ്.

ഉണങ്ങിയ ഇലകളും അമിതമായി വളരുന്ന കുറ്റിച്ചെടികളും ഒഴിവാക്കണം. ആല്‍മരവും അത്തിയും അമ്പലങ്ങളിലാണ് വളര്‍ത്തേണ്ടതെന്നും വാസ്തു നിഷ്‌കര്‍ഷിക്കുന്നു. മുല്ലച്ചെടി വളര്‍ത്തിയാല്‍ ഉത്കണ്ഠ അകറ്റാനും സുഗന്ധം മനസിന് സമാധാനം തരാനും സഹായിക്കുമെന്നാണ് പറയുന്നത്. ജനലിനരികിലാണ് മുല്ലച്ചെടിയുടെ സ്ഥാനം. പീസ് ലില്ലി വളര്‍ത്തി ബെഡ്‌റൂമിലെ ജനലിനരികില്‍ വെച്ചാല്‍ ശാന്തിയും ഭാഗ്യവും ഉണ്ടാകും.

പൊസിറ്റീവ് ആയ ഊര്‍ജം പ്രദാനം ചെയ്യുന്ന ചെടിയായാണ് സ്‌നേക്ക് പ്ലാന്റ് അഥവാ സാന്‍സിവേറിയ കരുതപ്പെടുന്നത്. മുറിയിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും സ്‌ട്രെസ് ഒഴിവാക്കാനും ബെഡ്റൂമില്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും സാന്‍സിവേറിയ സഹായിക്കുന്നുവെന്ന് വാസ്തുശാസ്ത്രം പറയുന്നു.

വാഴയുടെ ഇളംതൈകള്‍ ആഘോഷങ്ങള്‍ക്ക് അലങ്കാരമായി ഉപയോഗിക്കുന്നു. ഇത് പുരോഗതിയുടെയും സമ്പാദ്യത്തിന്റെയും ചിഹ്നമാണ്. വാഴയുടെ എല്ലാ ഭാഗങ്ങളും സാമ്പത്തികമൂല്യമുള്ളതും ഔഷധമൂല്യമുള്ളതുമായതുകൊണ്ട് വീട്ടില്‍ നിശ്ചയമായും കൃഷി ചെയ്യാം. 

click me!