തെരഞ്ഞെടുപ്പ് കാലങ്ങളില്‍ നേതാക്കള്‍ നടത്തിയ വിവാദപരാമര്‍ശങ്ങളും പ്രയോഗങ്ങളും...

By Web TeamFirst Published Mar 18, 2021, 2:50 PM IST
Highlights

കേരളത്തിലെ പൊതുവിലുള്ള രാഷ്ട്രീയ കാലാവസ്ഥ ഇടത്- വലത് മുന്നണികള്‍ക്കാണ് മാറി മാറി അനുകൂലമായി വരാറ്. വോട്ടുനില മെച്ചപ്പെടുത്തി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇടം നേടാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ടെങ്കിലും ഇടത്- വലത് മുന്നണികളോളം ശ്രദ്ധ നേടാന്‍ എന്‍ഡിഎയ്ക്ക് പലപ്പോഴും സാധിക്കാറില്ല. അതുകൊണ്ട് തന്നെ വിവാദങ്ങളുടെ കാര്യത്തിലും ബിജെപിക്ക് അല്‍പം വിശ്രമം കിട്ടാറുണ്ട്. മിക്ക വിവാദങ്ങളും ഇടത്തേക്കും വലത്തേക്കുമായി തിരിഞ്ഞുപോകുകയാണ് ചെയ്യാറ്

പരസ്പരം പഴിചാരുന്നതും വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതുമെല്ലാം രാഷ്ട്രീയത്തില്‍ പതിവുള്ള കാര്യം തന്നെ. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് പരിധി വിട്ട് വിവാദങ്ങളിലേക്കെത്താറുണ്ട്. പ്രത്യേകിച്ച് വ്യക്തികള്‍ക്കെതിരായി പറയുന്ന വാക്കുകള്‍. തെരഞ്ഞെടുപ്പ് കാലങ്ങളിലാണെങ്കില്‍ നേതാക്കന്മാരുടെ ഇത്തരം അബദ്ധങ്ങള്‍ അസാധാരണമാം വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. ഇക്കാര്യത്തില്‍ മുന്നണി വ്യത്യാസമോ സ്ഥാനമാനങ്ങളോ ഘടകമാകാറില്ല. 

കേരളത്തിലെ പൊതുവിലുള്ള രാഷ്ട്രീയ കാലാവസ്ഥ ഇടത്- വലത് മുന്നണികള്‍ക്കാണ് മാറി മാറി അനുകൂലമായി വരാറ്. വോട്ടുനില മെച്ചപ്പെടുത്തി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇടം നേടാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ടെങ്കിലും ഇടത്- വലത് മുന്നണികളോളം ശ്രദ്ധ നേടാന്‍ എന്‍ഡിഎയ്ക്ക് പലപ്പോഴും സാധിക്കാറില്ല. അതുകൊണ്ട് തന്നെ വിവാദങ്ങളുടെ കാര്യത്തിലും ബിജെപിക്ക് അല്‍പം വിശ്രമം കിട്ടാറുണ്ട്. മിക്ക വിവാദങ്ങളും ഇടത്തേക്കും വലത്തേക്കുമായി തിരിഞ്ഞുപോകുകയാണ് ചെയ്യാറ്. 

തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കന്മാരുടെ വാ വിട്ട് പോയി, പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിയൊരുക്കിയ പരാമര്‍ശങ്ങള്‍ പരിശോധിക്കുമ്പോള്‍ അതില്‍ എക്കാലവും ഉയര്‍ന്നുകേള്‍ക്കാറുള്ളൊരു സംഭവമാണ് പിണറായി വിജയന്‍ എന്‍ കെ പ്രേമചന്ദ്രനെതിരെ നടത്തിയ 'പരനാറി' പ്രയോഗം 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ഇടതിനോടൊപ്പമായിരുന്ന ആര്‍എസ്പി തീര്‍ത്തും അപ്രതീക്ഷിതമായി യുഡിഎഫിലേക്ക് കാലുമാറി. എന്നുമാത്രമല്ല, ആര്‍ എസ് പി നേതാവായ എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി. ഈ പശ്ചാത്തലത്തിലാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിക്കുന്നത്.

'തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി പറയുകയെന്നത് സാധാരണയായി സ്വീകരിക്കുന്ന രീതിയല്ല. പക്ഷേ പരനാറി ആയാല്‍ എങ്ങനെ പറയാതിരിക്കും' എന്നായിരുന്നു പിണറായി പറഞ്ഞത്. വലിയ ബഹളങ്ങളാണ് പിണറായിയുടെ 'പരനാറി' പ്രയോഗമുണ്ടാക്കിയത്. പിന്നീട് 2019 തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടിം ഇത് ചര്‍ച്ചകളില്‍ സജീവമായപ്പോള്‍ അതേ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു പിണറായി പറഞ്ഞത്. 

'ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ല എന്ന് ആര് കണ്ടു?' എന്നായിരുന്നു പിണറായിയുടെ പ്രതികരണം. 


 

പിണറായിക്കെതിരെയും പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവുമധികം വിവാദമായത് ഒന്നര മാസം മുമ്പ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയ 'ചെത്തുകാരന്റെ മകന്‍' എന്ന പ്രയോഗമാണ്. ജാതീയമായ പരാമര്‍ശമെന്ന നിലയ്ക്ക് കെ സുധാകരന്റെ വാക്കുകള്‍ വലിയ തോതിലാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്.

'പിണറായി വിജയന്‍ ആരാ... പിണറായി വിജയന്‍ ആരാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം... പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ... ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവ ജ്വാലയായി ചെങ്കൊടി പിടിച്ച് മുമ്പില്‍ നിന്ന പിണറായി വിജയന്‍ ഇന്ന് എവിടെ? പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയപ്പോള്‍ ചെത്തുകാരന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അപമാനമാണോ- അഭിമാനമാണോ? സിപിഎമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം...' എന്നായിരുന്നു തലശ്ശേരിയില്‍ രാഷ്ട്രീയ വിശദീകരണയോഗത്തിനിടെ കെ എസ് പറഞ്ഞത്. 

ചെത്തുകാരന്റെ മകനായതില്‍ തനിക്ക് അഭിമാനമേ ഉള്ളൂ എന്നായിരുന്നു ഇതിന് പിണറായി നല്‍കിയ മറുപടി. ആ പരാമര്‍ശത്തില്‍ അപമാനമോ ജാള്യതയോ തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

സംഗതി, തെരഞ്ഞെടുപ്പ് ആവേശങ്ങള്‍ ചൂട് പിടിക്കുന്നതിന് മുമ്പെ നടന്നതാണെങ്കിലും ഇപ്പോള്‍ ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ അറിയിച്ച സാഹചര്യത്തില്‍ ഇത് വീണ്ടും ചര്‍ച്ചകളില്‍ സജീവമാകാനുള്ള സാധ്യതകളാണുള്ളത്. 

പിണറായിക്കെതിരെ മുമ്പ് 2016ല്‍ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് നടത്തിയ 'ഭീകരരൂപി' പ്രയോഗവും ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നില്‍. ഇതിനിടെയാണ് പിണറായി ഭീകരരൂപിയാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞത്. പിണറായിയുടെ മുഖത്ത് നോക്കാന്‍ അറപ്പ് തോന്നുമെന്നും അന്ന് പ്രസംഗത്തിനിടെ കൊടിക്കുന്നില്‍ പറഞ്ഞു. രാഷ്ട്രീയ വൈര്യം തീര്‍ക്കുന്നതിന് വ്യക്തിയെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് മര്യാദയല്ലെന്ന് കാട്ടി പല നേതാക്കളും കൊടിക്കുന്നിലിനെതിരെ അന്ന് രംഗത്ത് വന്നിരുന്നു. 

കെ. സുധാകരനാണെങ്കില്‍ വാ വിട്ട വാക്കുകളുടെ പേരില്‍ എപ്പോഴും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നൊരു നേതാവാണ്. നേരത്തേ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെതിരെയും കെ സുധാകരന്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്ട്. വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തിരിക്കെ അദ്ദേഹത്തിന്റെ പ്രായം അടിസ്ഥാനപ്പെടുത്തിയാണ് കെ എസ് സംസാരിച്ചത്.  

'ഇത് 96 ആണ്. ഈ 96ല്‍ വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്ത് വരേണ്ടത്? മലബാറില്‍ ഒരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാ' എന്നായിരുന്നു വി എസിനെ പ്രായം വച്ച് പരിഹസിച്ചത്. 


 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ ശ്രീമതിക്കെതിരെ കെ സുധാകരന്‍ നടത്തിയ ഒരു പരാമര്‍ശവും വലിയ ബഹളങ്ങള്‍ക്കിടയാക്കിയിരുന്നു. 'ഓളഎ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ ആണ് വിവാദമായത്. അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനവും ഇതിനെതിരെ ഉയര്‍ന്നിരുന്നു. 

വനിതാനേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളാണെങ്കില്‍ അത് അല്‍പം കൂടി ശക്തമായ രീതിയില്‍ ജനം ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ശ്രദ്ധേയമായൊരു സംഭവമായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ വിജയരാഘവന്‍ നടത്തിയൊരു പരാമര്‍ശം. 

'ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി, പി കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു. അതിനാല്‍ ആ കുട്ടിയുടെ കാര്യം ഇനി എന്താകുമെന്ന് പറയാനാകില്ല' എന്നായിരുന്നു പൊന്നാനിയില്‍ പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ വിജയരാഘവന്‍ പറഞ്ഞത്. വമ്പിച്ച തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ ഈ വാക്കുകള്‍ പിന്നീട് എല്‍ഡിഎഫിനെതിരായ പ്രചാരണത്തിനായി എതിര്‍ച്ചേരി ഉപയോഗിക്കുന്ന കാഴ്ച വരെ കണ്ടു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആലത്തൂരില്‍ രമ്യാ ഹരിദാസ് വിജയിക്കുകയും ചെയ്തു. 

അതുപോലെ തന്നെ 2019ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് സമയത്ത് മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍ കോണ്‍ഗ്രസിന്റെ വനിതാനേതാവും അരൂരിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ പരാമര്‍ശവും ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.  

'പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂര്‍, കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നത്' - എന്നായിരുന്നു തൈക്കാട്ടുശ്ശേരി കുടുംബയോഗത്തിനിടെ ജി സുധാകരന്‍ പറഞ്ഞത്. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍പിളള പറഞ്ഞ ചില വാക്കുകളും ഏറെ വിമര്‍ശനങ്ങളേറ്റ് വാങ്ങിയിരുന്നു. 

'പ്രിയങ്കാ ഗാന്ധിക്ക് 48 വയസുണ്ട്. അവരെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത് യുവസുന്ദരി എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നത് കൊണ്ട് കൂടുതല്‍ പറയുന്നില്ല' എന്നായിരുന്നു പരസ്യപ്രസംഗത്തിനിടെ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞത്. 

2011ല്‍ വിഎസ് അച്യുതാനന്ദനും സമാനമായൊരു വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ഇപ്പോള്‍ സീറ്റ് ലഭിച്ചില്ലെന്ന് കാട്ടി കോണ്‍ഗ്രസിനെതിരെ പരസ്യമായി പ്രതിഷേധിച്ച വനിതാ നേതാവ് ലതികാ സുഭാഷ് അന്ന് മലമ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് അവര്‍ക്കെതിരെയായിരുന്നു വിഎസിന്റെ വിവാദ പരാമര്‍ശം. 

'ലതികാ സുഭാഷിനെ എല്ലാവര്‍ക്കും അറിയാമല്ലോ. അവര്‍ പ്രശസ്തയാണ്. ഏത് തരത്തില്‍ എന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി' എന്നായിരുന്നു വിഎസ് അന്ന് പറഞ്ഞത്. അത് അക്കാലത്ത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേ സമയത്ത് തന്നെയാണ് വി എസ്, രാഹുല്‍ ഗാന്ധിയെ 'അമൂല്‍ പുത്രന്‍' എന്ന് വിശേഷിപ്പിക്കുന്നതും. രൂക്ഷമായൊരു പ്രയോഗമായിരുന്നില്ലെങ്കില്‍ കൂടി പില്‍ക്കാലത്ത് രാഹുല്‍ ഗാന്ധിക്ക് ഏറെത്തവണ കേള്‍ക്കേണ്ടി വന്ന പരിഹാസവാക്കായി 'അമൂല്‍ ബേബി' പ്രയോഗം മാറി. 


 

വിവാദപരാമര്‍ശങ്ങളുടെ കാര്യത്തില്‍ വി എസും ഒട്ടും പിന്നിലല്ലായിരുന്നു. ലതിക സുഭാഷിനെതിരെ നടത്തിയ പ്രസംഗം പോലെ തന്നെ വിവാദമായിരുന്നു 2015 അരുവിക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് എ കെ ആന്റണിക്കെതിരായി നടത്തിയ 'ആറാട്ടുമുണ്ടന്‍' പ്രയോഗവും. 

'അഴിമതിക്കാര്‍ക്ക് മുന്നില്‍ വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനായി എ കെ ആന്റണി മാറിയിരിക്കുന്നു, ഗൗരവമുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആന്റണിക്ക് കഴിയുന്നില്ല'- എന്നായിരുന്നു പരാമര്‍ശം. അരുവിക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. 

ഈ തെരഞ്ഞെടുപ്പ് കാലത്തും വാ വിട്ട വാക്കുകളുടെ പേരില്‍ ചില നേതാക്കള്‍ പ്രതിസന്ധിയിലായിട്ടുണ്ട്. തൃശൂരില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ അനില്‍ അക്കര എംഎല്‍എയെ 'സാത്താന്റെ സന്തതി' എന്ന് വിളിച്ചുകൊണ്ട് സിപിഎം നേതാവ് ബേബി ജോണ്‍ വിവാദത്തിലായി. ഇതിന് മറുപടിയുമായി അനില്‍ അക്കര രംഗത്തെത്തുകയും ചെയ്തു. 'സാത്താന്റെ ഛായ ആര്‍ക്കാണെന്ന് കണ്ണാടിയില്‍ നോക്കിയാല്‍ അറിയാം' എന്നായിരുന്നു അനില്‍ അക്കരയുടെ മറുപടി. 

പിണറായിയുടെ 'പരനാറി' പ്രയോഗം തീര്‍ത്ത ക്ഷീണത്തിന് പുറമെ അടുത്ത 'പരനാറി' പ്രയോഗവുമായി മന്ത്രിയും സിപിഎം നേതാവുമായ എംഎം മണിയും ഇപ്പോള്‍ എത്തിയിരിക്കുകയാണ്.  തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയാണ് മണിയുടെ 'പരനാറി' പ്രയോഗം. 'വണ്‍... ടൂ... ത്രീ...' പ്രസംഗത്തിന്റെ പേരില്‍ തന്നെ തിരുവഞ്ചൂര്‍ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും മണി ആരോപിച്ചു. 

ആദ്യമേ സൂചിപ്പിച്ചത് പോലെ തെരഞ്ഞെടുപ്പ് കാലത്തല്ലെങ്കിലും നേതാക്കള്‍ ഇങ്ങനെയുള്ള വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ ഈ വിവാദങ്ങള്‍ക്കെല്ലാം സ്വാഭാവികമായും ഇരട്ടി മൂര്‍ച്ചയായിരിക്കും. അതിനാല്‍ത്തന്നെ കരുതലോടെ നീങ്ങില്ലെങ്കില്‍ വാ വിട്ട വാക്ക് വമ്പന്‍ തിരിച്ചടിയുമാകും. രാഷ്ട്രീയം വ്യക്തിപരമായി എടുക്കാതിരിക്കുക എന്ന ആരോഗ്യപരമായ മനസ്ഥിതി ഇത്തരം സന്ദര്‍ഭങ്ങളിലാണ് നേതാക്കള്‍ക്ക് ഗുണകരമാകുക. അത്രയും നിര്‍ദോഷമായ രാഷ്ട്രീയം വച്ചുപുലര്‍ത്തുന്ന എത്ര നേതാക്കള്‍ ഇന്ന് കാണുമെന്ന ചോദ്യമുയര്‍ന്നാല്‍ ഉത്തരം ശൂന്യമാണെന്നേ പറയാനുള്ളൂ.

Also Read:- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!...

click me!