എംഎല്‍എയെ കാണാനില്ല, കിട്ടിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് കൂട്ടുകാരന് ഭീഷണി!

By Web TeamFirst Published Mar 27, 2021, 3:47 PM IST
Highlights

എംഎല്‍എയെ കാണാനില്ലെന്ന് വാര്‍ത്ത പരന്നു. ഇതോടെ പ്രതിപക്ഷ താവളങ്ങളില്‍ ആശങ്ക പരന്നു.

ങ്കര്‍ മന്ത്രിസഭയ്ക്കെതിരെ പിഎസ്‍പിക്കാര്‍ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത പരന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാവരും അതിനെ പുച്ഛിച്ച് തള്ളി. ആ അവിശ്വാസം പാസാകുമെന്ന് അവതാരകരായ പിഎസ്‍പിക്ക് പോലും വിശ്വാസമുണ്ടായിരുന്നില്ല എന്നതുതന്നെ കാരണം.  അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്‍റെ വെറുമൊരു ചടങ്ങിനപ്പുറം ഒരു പരിഗണനയും ആരും അതിനു നല്‍കിയില്ല.

കളി കാര്യമാകുന്നു

എന്നാല്‍ പിഎസ്‍പിയുടെ ഈ തീരുമാനം അറിഞ്ഞ് ചില എംഎല്‍എമാര്‍ രഹസ്യമായി സംഘടിച്ചു. ചാക്കോ അനുയായികളായ കേരള കോണ്‍ഗ്രസുകാരായിരുന്നു അത്. ചാക്കോ തന്‍റെ അവസാന നാളുകളില്‍ നിയമസഭാ കക്ഷിയില്‍ 24 പേരുടെ പിന്തുണയാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ചാക്കോയുടെ അന്ത്യത്തോടെ അവരില്‍ ഒമ്പത് പേര്‍ കാലുമാറി എതിര്‍പക്ഷത്ത് എത്തിയിരുന്നു. അങ്ങനെ ബാക്കി വന്ന 15 പേര്‍ പിഎസ്‍പിയുടെ അവിശ്വാസം മുതലാക്കി ശങ്കര്‍ മന്ത്രിസഭയ്ക്കിട്ട് പണികൊടുക്കുവാന്‍ തന്നെ തീരുമാനിച്ചു. ഈ 15 പേരും നിയമസഭയില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ ആവശ്യപ്പെടുന്നതു വരെ അവരുടെ നീക്കങ്ങളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ ശങ്കര്‍ ഉള്‍പ്പെടെ ആരും വിശ്വസിച്ചിരുന്നില്ല. കെ എം ജോര്‍ജ്ജിനെ വിമതരുടെ നേതാവായി തെരെഞ്ഞെടുത്തു. ആര്‍ ബാലകൃഷ്‍ണപ്പിള്ളയായിരുന്നു ഉപനേതാവ്.

(ചിത്രം - കെ എം മാണിയും കെ എം ജോര്‍ജ്ജും)

അങ്ങനെ ഒടുവില്‍ കളി കാര്യമായിരിക്കുന്ന വിവരം ശങ്കറും കോണ്‍ഗ്രസും ഞെട്ടലോടെ തിരിച്ചറിഞ്ഞു. അവരും മറുനീക്കങ്ങള്‍ തുടങ്ങി. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ തൊട്ടുതലേന്ന് വിചിത്രമായ ഒരു സംഭവം അരങ്ങേറി. പിഎസ്‍പിയിലെ ഒരു എംഎല്‍എയെ കാണാനില്ലെന്ന വാര്‍ത്ത പരന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ട എംഎല്‍എയായ സാക്ഷാല്‍ പി കെ കുഞ്ഞായിരുന്നു അപ്രതീക്ഷിതമായി അപ്രത്യക്ഷനായത്. രാത്രി ഏറെ വൈകിയിട്ടും കുഞ്ഞ് തന്‍റെ മുറിയില്‍ എത്തിയില്ല. ശങ്കറിന്‍റെ അനുയായികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന കിംവദന്തി പരന്നു. പ്രതിപക്ഷ താവളങ്ങളില്‍ ആശങ്ക പരന്നു. കോണ്‍ഗ്രസിലെ വിമതപക്ഷത്ത് ഭീതി നിറഞ്ഞു. എന്നാല്‍ കൂടുതല്‍ കളികള്‍ വരാനിരിക്കുകയായിരുന്നു.

സിപിഐയുടെ ദുരന്തം

ആകാംക്ഷാഭരിതമായ അവിശ്വാസ പ്രമേയദിവസം എത്തുന്നതിനു തൊട്ടുമുമ്പ് മറ്റുചില കഥകള്‍ കൂടി പറയുവാനുണ്ട്. ഇക്കാലത്ത് സിപിഐക്ക് സംഭവിച്ച ദുരന്തം ഉള്‍പ്പെടെ അതില്‍ ചിലതാണ്.  ഇക്കാലത്ത് കോണ്‍ഗ്രസില്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരിതിരിവ് ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാ തലത്തില്‍ തന്നെ പിളര്‍ന്നു. 1962 മുതല്‍ തന്നെ സിപിഐയില്‍ ചേരിതിരിവ് തുടങ്ങിയിരുന്നു. ആശയപരമായ സംഘട്ടനവും ചൈനയോടും റഷ്യയോടുമുള്ള സമീപനവുമായിരുന്നു ഈ ചേരിതിരിവിന് മുഖ്യ കാരണം.

എസ് എ ഡാങ്കയെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റണമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗമായ ഇടതുപക്ഷം ആവശ്യപ്പെട്ടു. ഡാങ്ക വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് 96ല്‍ നിന്നും 32 അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഇവരെ സിപിഐയില്‍ നിന്നും പുറത്താക്കി. ചൈനീസ് ആക്രമണത്തോടെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമായി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അനുകൂലിക്കുന്നവരായിരുന്നു  ഇടതുപക്ഷം. ലോക്സഭയില്‍ സിപിഐയിലെ ഏഴ് എം പി മാര്‍ ഏ കെ ഗോപാലന്റെ നേതൃത്വത്തില്‍ പ്രത്യേക ബ്ലോക്കായി. ഇതോടെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷി എന്ന സ്ഥാനം സിപിഐക്ക് നഷ്‍ടമായി. 

കല്‍ക്കട്ടയില്‍ ചേര്‍ന്ന ഇടതുപക്ഷ വിഭാഗത്തിന്‍റെ സമ്മേളനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ ബോംബെയില്‍ യോഗം കൂടിയ ഔദ്യോഗികപക്ഷം തങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് അവകാശപ്പെട്ടു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഎം (മാര്‍ക്സിസ്റ്റ്)നെ അംഗീകരിച്ചതോടെ കേരളത്തില്‍ ഉള്‍പ്പെടെ നൂറുകണക്കിന് നേതാക്കളെ അറസ്റ്റുചെയ്‍ത് ജയിലില്‍ അടച്ചു. ഇന്ത്യാ പ്രതിരോധ ചട്ടങ്ങല്‍പ്രകാരമായിരുന്നു ഈ അറസ്റ്റും തടവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് കേരളത്തിലും ബാധിച്ചു. കേരളത്തില്‍ സിപിഐക്ക്  എം എന്‍ ഗോവിന്ദന്‍ നായരും, സിപിഐ(എം)ന് ഇഎംഎസും നേതൃത്വം നല്‍കി. കേരള നിയമസഭയിലും ഈ പിളര്‍പ്പ് പ്രകടമായി. ഇഎംഎസിന് 11 പേരുടെ പിന്തുണയേ ലഭിച്ചുള്ളൂ. 19 പേരുടെ പിന്തുണ ലഭിച്ച സി അച്ചുതമേനോന്‍ പ്രതിപക്ഷത്തെ പ്രധാന നേതാവായി.  

എംഎല്‍എയെ കിട്ടിയില്ലെങ്കില്‍ തട്ടിക്കളയും

ഇനി ശങ്കറിനെതിരായ അവിശ്വാസ പ്രമേയദിനത്തിന്‍റെ തലേന്നാളത്തെ കഥകളിലേക്ക് തിരിച്ചുവരാം. എംഎല്‍എയെ കാണാതായതിനെപ്പറ്റി പല ഊഹാപോഹങ്ങളും പ്രചരിച്ചുകൊണ്ടിരുന്നു. അന്നേരം സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ താമസിക്കുകയായിരുന്ന പിഎസ്‍പി നേതാവ് ചന്ദ്രേശഖരന് ഒരു ഫോണ്‍ വന്നു. കോണ്‍ഗ്രസ് വിമതന്മാരായിരുന്ന കേരളാ കോണ്‍ഗ്രസുകാരായിരുന്നു മറുവശത്ത്. കാണാതായ എംഎല്‍എയെ തട്ടിക്കൊണ്ടു പോയിരിക്കുന്നതായി സംശയിക്കുന്നതായി അവര്‍ പറഞ്ഞു.  അടിയന്തിരമായ തങ്ങളുടെ ആസ്ഥാനത്തേക്ക് ഒന്നു വരുമോ എന്ന് അവര്‍ പിഎസ്‍പി നേതാവിനോട് ചോദിച്ചു. ദയനീയമായ ആ ചോദ്യം കേട്ട് പിഎസ്‍പി നേതാവ് ഉടനെ കാറില്‍ കയറി കടപ്പുറത്തുള്ള വിമത സങ്കേതത്തിലെത്തി. 15 പേരും അവിടെ കാത്തിരിപ്പുണ്ടായിരുന്നു. സമയം അര്‍ദ്ധരാത്രി. പിഎസ്‍പി നേതാവിന് അവിടെ നിന്നും കിട്ടിയത് കനത്ത ഒരു അന്ത്യശാസനം ആയിരുന്നു. 

"നേരം വെളുക്കും മുമ്പേ എംഎല്‍എ കുഞ്ഞിനെ നിയമസഭയില്‍ എത്തിച്ചിരിക്കണം. ഇല്ലെങ്കില്‍ അടുത്ത പ്രഭാതം നിങ്ങള്‍ കാണില്ല.." 

കാര്യമായി തന്നെയാണ് ആ പറഞ്ഞതെന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്നും നേതാവിന് മനസിലായി. കാരണം ശങ്കറിനെതിരെയുള്ള നീക്കത്തില്‍ നിന്നും പിഎസ്‍പി പിന്നോട്ടു പോയെന്ന് വിമതര്‍ തെറ്റിദ്ധരിച്ചിരുന്നു. തങ്ങളെ കുഴിയിലിറക്കി ചതിച്ചാല്‍ പണി കിട്ടുമെന്ന് തന്നെയായിരുന്നു അവരുടെ ശരീരഭാഷ. യതാര്‍ത്ഥത്തില്‍ ചന്ദ്രശേഖരും കാണാതായ കുഞ്ഞിനെ അന്വേഷിക്കുകയായിരുന്നു. പക്ഷേ ഇതുവരെ കണ്ടെത്താനായില്ലെന്നു മാത്രം. തല പോകുമെന്ന ഭീഷണി കൂടി വന്നതോടെ തെരച്ചില്‍ കടുപ്പിക്കാന്‍ ചന്ദ്രശേഖരന്‍ തീരുമാനിച്ചു. ആരും തന്നെ പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം അദ്ദേഹം കാറില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചു. കുഞ്ഞ് എവിടെയായിരിക്കും എന്ന ചിന്ത മാത്രമായിരുന്നു ദേശീയപാതയിലൂടെ വണ്ടിയോടിക്കുമ്പോള്‍ ചന്ദ്രശേഖരന്‍റെ മനസുനിറയെ.

(ചിത്രം - ആര്‍ ബാലകൃഷ്‍ണപിള്ള)

കുഞ്ഞ് എത്താനിടയുള്ള സ്ഥലങ്ങളെപ്പറ്റിയെല്ലാം അദ്ദേഹം ആലോചിച്ചു. വഴിക്ക് വര്‍ക്കല ഗസ്റ്റ് ഹൌസില്‍ ഒന്നു കയറാന്‍ ചന്ദ്രശേഖരന്‍റെ മനസ് പറഞ്ഞു. അവിടെ കുഞ്ഞിനെ കണ്ടില്ലെങ്കില്‍ കൊല്ലം ഗസ്റ്റ് ഹൌസിലേക്ക് പോകാം. അവിടെയും ഇല്ലെങ്കില്‍ പിന്നെ തിരുവനന്തപുരം ഒഴികെ മറ്റെവിടേക്കെങ്കിലുമൊക്കെ അന്വേഷിച്ചു പോകാം. വര്‍ക്കല ഗസ്റ്റ് ഹൌസിന്‍റെ മുറ്റത്ത് കാര്‍ കയറി. അപ്പോള്‍ അതാ ഒരു മുറിയില്‍ വെളിച്ചം കാണുന്നു. ആരാണവിടെ താമസമെന്ന് വെറുതെ വാച്ച്മാനോട് ചോദിച്ചപ്പോള്‍ കുഞ്ഞു സാഹിബ്ബാണെന്നായിരുന്നു മറുപടി! ചന്ദ്രശേഖരന്‍റെ ശ്വാസം നേരെവീണു. അദ്ദേഹം ആ മുറിയിലേക്ക് ഓടി. ജീവന്‍ രക്ഷപ്പെട്ടിരിക്കുന്നു! ഒപ്പമുണ്ടായിരുന്നയാളെ എംഎല്‍എയ്ക്ക് കാവല്‍ നിര്‍ത്തിയ ശേഷം നേതാവ് ആ രാത്രി സുഖമായിട്ട് ഉറങ്ങി.

വ്യവസായികളുടെ കളി

നേരം പുലര്‍ന്നു. ഈ സമയം മറ്റൊരു പിഎസ്‍പി എംഎല്‍എ ആയ പി വിശ്വംഭരന്‍റെ തലസ്ഥാനത്തെ വീടിനു മുന്നില്‍ ചില ആഡംബര കാറുകള്‍ പ്രത്യക്ഷപ്പെട്ടു. കൊല്ലത്തെ വന്‍കിട കശുവണ്ടി കയറ്റുമതിക്കാരില്‍ ചിലരായിരുന്നു ആ വാഹനങ്ങളില്‍. ശങ്കര്‍ മന്ത്രിസഭയെ രക്ഷിക്കുന്നതിന് കച്ചകെട്ടിയിറങ്ങിയവരായിരുന്നു അവര്‍. ആ കാറുകളില്‍ നിന്നും ഒരാള്‍ ഇറങ്ങി എംഎല്‍എയുടെ അരികിലെത്തി. മന്ത്രിസഭയെ രക്ഷിക്കാന്‍ തങ്ങള്‍ നടത്തുന്ന ശ്രമത്തെപ്പറ്റി ഈ ദൂതന്‍ എംഎല്‍എയോട് വിശദീകരിച്ചു. ഇത് അവസാന നീക്കണമാണെന്നും ഒപ്പം നില്‍ക്കണമെന്നും അയാള്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയെന്നായിരുന്നു എംഎല്‍എയുടെ മറുപടി. അതോടെ ആഡംബര കാറുകളും ദൂതനും പെട്ടെന്ന് അപ്രത്യക്ഷരായി.

1964 സെപ്റ്റംബര്‍ 8. അന്നായിരുന്നു അവിശ്വാസ പ്രമേയം. ചന്ദ്രശേഖരന്‍റെ ശ്രമഫലമായി പി കെ കുഞ്ഞ് എംഎല്‍എ സമയത്തിനു തന്നെ നിയമസഭയില്‍ എത്തി. പ്രമേയം വോട്ടിനിട്ടു. ശങ്കര്‍ പക്ഷം എതിര്‍ത്തു. എന്നാല്‍ 15 വിമത എംഎല്‍എമാര്‍ അനുകൂലിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഇരുവിഭാഗവും അതായത് സിപിഎമ്മും സിപിഐയും പി കെ കുഞ്ഞിന്‍റെ പ്രമേയത്തെ അനുകൂലിച്ചു. അങ്ങനെ 50 വോട്ടുകള്‍ക്കെതിരെ 73 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം പാസായി. 

ആര്‍ ശങ്കര്‍ രാജിവച്ചു. 1964 സെപ്‍റ്റംബര്‍ 10ന് നിയമസഭ പിരിച്ചുവിട്ടു. അങ്ങനെ കേരളം വീണ്ടും ഒരിക്കല്‍ക്കൂടി പ്രസിഡന്‍റ് ഭരണത്തിനു കീഴിലായി. എന്നാലത് - പ്രസിഡന്‍റ് ഭരണം സര്‍ക്കാരിനോ ജനങ്ങള്‍ക്കോ പുത്തരിയായിരുന്നില്ല, കാരണം അപ്പോഴേക്കും അത് രാഷ്‍ട്രീയ ജീവിതശീലത്തിന്‍റെ ഭാഗമായി തീര്‍ന്നിരുന്നു. പ്രസിഡന്‍റ് ഭരണം പോലെ മറ്റൊരു കാര്യവും സംസ്ഥാനത്ത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രൂക്ഷമായ ഭക്ഷ്യക്ഷാമമായിരുന്നു അത്. 

(അടുത്തത് - സിപിഎമ്മിന്‍റെ കെണിയില്‍ വീണ് സിപിഐ, വീഴാതെ കേരളാ കോണ്‍ഗ്രസ്!) 

മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!

ഭാഗം 10- കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!

ഭാഗം 11- ആ ബജറ്റ് ദിവസം നിയമസഭയില്‍ സിപിഐയും കോണ്‍ഗ്രസും ഒത്തുകളിച്ചിരുന്നു!

ഭാഗം 12- ഗാന്ധിയെ സ്വപ്‍നം കണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ!

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍,
ഡച്ച് ഇന്‍ കേരള ഡോട്ട് കോം

 

click me!