സിപിഎമ്മും മുസ്ലീം ലീഗും കൈകോര്‍ത്തു, പിന്നെ സംഭവിച്ചത്!

By Web TeamFirst Published Apr 1, 2021, 12:36 PM IST
Highlights

ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് മനസിലാക്കിയ സിപിഎമ്മിന്‍റെ പുതിയ തന്ത്രം

രാഷ്‍ട്രപതി ഭരണത്തിന് അന്ത്യംകുറിച്ച് 1967ല്‍ സംസ്ഥാനത്ത് നിയമസഭാ തെരെഞ്ഞെടുപ്പിന് വഴിയൊരുങ്ങി. കേരള രാഷ്‍ട്രീയ ചരിത്രത്തിലെ മറ്റൊരു സുപ്രധാന സംഭവമായിരുന്നു 1967ലെ ഈ നിയമസഭാ തെരെഞ്ഞെടുപ്പ്. അതുവരെക്കാണാത്ത പല പുതിയ രാഷ്‍ട്രീയ പരീക്ഷണങ്ങളും പുതിയ കൂട്ടുകെട്ടുകളുടെ പിറവിയുമൊക്കെ ഇക്കാലത്ത് സംസ്ഥാനം കണ്ടു. 1965ല്‍ തന്നെ സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് വിരുദ്ധ തന്ത്രത്തിന് കളമൊരുങ്ങിയിരുന്നു.  ആ തന്ത്രത്തിന്‍റെ പ്രവര്‍ത്തന വിജയമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ 1967ലെ തെരെഞ്ഞെടുപ്പ്. ചുരുക്കിപ്പറഞ്ഞാല്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കിയതിന് സമാനമായ ഒരു കൂട്ടുകെട്ടിന്‍റെ തനിയാവര്‍ത്തനമായിരുന്നു 1967ലും കേരളം കണ്ടത്. 1959ല്‍ അത് തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ആയിരുന്നെങ്കില്‍ 1967ല്‍ അത് തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നുവെന്ന വ്യത്യാസം മാത്രം. 

വല്ല്യേട്ടന്‍റെ സ്‍നേഹം
ഇടതുപ്രസ്ഥാനത്തിന്‍റെ നേതൃത്വം അപ്പോഴേക്കും സിപിഎമ്മിന്‍റെ കൈകളിലേക്ക് എത്തിയിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം ആര്‍ക്കും കിട്ടില്ലെന്ന് മനസിലാക്കിയ സിപിഎം പുതിയ തന്ത്രം പരീക്ഷിക്കാന്‍ തീരുമാനിച്ചു.  ഒരു മുന്നണി ഉണ്ടാക്കാനായി ശ്രമം. മുസ്ലീം ലീഗിനെയും ഒപ്പം കടുത്ത എതിരാളികളും കൂടെപ്പിറപ്പുമായ സിപിഐയേയും മുന്നണിയില്‍ കൂട്ടാനും ആലോചന തുടങ്ങി. 1965ലെ പരാജയത്തെത്തുടര്‍ന്ന് ആകെ തകര്‍ന്ന് കിടക്കുകയായിരുന്നു സിപിഐയും ആര്‍എസ്‍പിയുമെല്ലാം. ഇനിയെന്തു വേണ്ടൂ എന്നറിയാതെ കുന്തിച്ചിരിക്കുമ്പോഴാണ് സിപിഎമ്മിന്‍റെ ഭാഗത്തുനിന്നും ആ ക്ഷണം എത്തുന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് വിജയിച്ചിട്ടുപോലും സഹോദരന്‍ തങ്ങളെ മറന്നില്ലല്ലോ എന്നതില്‍ സിപിഐക്ക് സന്തോഷവും ആശ്വാസവും തോന്നി. അല്ലെങ്കില്‍ അങ്ങനെ കരുതി അവര്‍ സ്വയം സമാധാനിച്ചു. അതുകൊണ്ട് സിപിഐ ഉടന്‍ തന്നെ അനുകൂല മറുപടിയും നല്‍കി. മുമ്പാണെങ്കില്‍ മുസ്ലീം ലീഗിനെക്കൂടി മുന്നണിയില്‍ കൂട്ടാനുള്ള തീരുമാനം അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ ഇതിനകം കരുത്ത് തെളിയിച്ച 'വല്ല്യേട്ടന്‍റെ' തീരുമാനങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ സിപിഐക്കും ആര്‍എസ്‍പിക്കും മറ്റ് വഴിയൊന്നും ഇല്ലായിരുന്നു.

അങ്ങനെ സിപിമ്മിന്‍റെ നേതൃത്വത്തില്‍ സിപിഐ, മുസ്ലീം ലീഗ്, ആര്‍എസ്‍പി, എസ്‍എസ്‍പി, കെഎസ്‍പി, കെടിപി തുടങ്ങിയ ഏഴു പാര്‍ട്ടികള്‍ ചേര്‍ന്ന് 'United Front' അഥവാ  സപ്‍ത മുന്നണി രൂപീകരിച്ചു. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു ഐക്യമുന്നണിയുടെ രൂപീകരണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. കേരള കോണ്‍ഗ്രസും പിഎസ്‍പിയും എല്ലാം മത്സര രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ ലയിക്കണമെന്ന തലതൊട്ടപ്പനായ മന്നത്തിന്‍റെ ആവശ്യത്തെ നിരാകരിച്ചായിരുന്നു കേരളാ കോണ്‍ഗ്രസിന്‍റെ മത്സരം. 1967 മാര്‍ച്ചിലായിരുന്നു പുതിയ മുന്നണി പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട ആ തെരെഞ്ഞെടുപ്പ് നടന്നത്. 133 മണ്ഡലങ്ങളില്‍ 13 സീറ്റുകള്‍ സംവരണം ആയിരുന്നു. 67% ആയിരുന്നു അത്തവണത്തെ പോളിംഗ്.   

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
തെരെഞ്ഞെടുപ്പില്‍ ഐക്യമുന്നണി അഥവാ മഴവില്‍ സഖ്യം വമ്പന്‍ വിജയം നേടി. 59 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 54 സീറ്റുകള്‍ കിട്ടി. സിപിഐക്ക് സ്വതന്ത്രന്‍ ഉള്‍പ്പെടെ 20 സീറ്റുകളും ലഭിച്ചു. മുസ്ലീം ലീഗാകട്ടെ 15 ല്‍ പതിനാലും നേടി. കേരള കോൺഗ്രസ്‌ 61 സീറ്റില്‍ മത്സരിച്ച് അഞ്ച് സീറ്റ് നേടി.  21 സീറ്റില്‍ മത്സരിച്ച സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്‍എസ്‍പി) 19 ഇടങ്ങളില്‍ വിജയിച്ചു. ആര്‍എസ്‍പിക്ക് ആറും കെടിപിയ്ക്ക് രണ്ടും കെഎസ്‍പിക്ക് ഒന്നും സീറ്റുകള്‍ നേടാനായി. 

എന്നാല്‍ തെരെഞ്ഞെടുപ്പിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രകടനം കോണ്‍ഗ്രസിന്‍റേതായിരുന്നു.   133 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന്‍റെ തകര്‍ച്ച ദയനീയമായിരുന്നു. ആകെക്കിട്ടിയ ഒമ്പത് സീറ്റുകളുമായി കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഭാരതീയ ജനസംഘം 22 സീറ്റില്‍ മത്സരിച്ചിരുന്നു, പക്ഷേ ഫലം പൂജ്യമായിരുന്നു. എഴു സ്ത്രീകള്‍ മത്സരിച്ചതില്‍ ഒരാള്‍ മാത്രമാണു വിജയിച്ചു നിയമസഭയിലെത്തിയത്. അരൂരില്‍നിന്നും സിപിഎഎമ്മിന് വേണ്ടി മത്സരിച്ച കെ ആർ ഗൌരിയായിരുന്നു ആ ഒറ്റയാള്‍. 

കണ്ണിലെ കൃഷ്‍ണമണി പോലൊരു സര്‍ക്കാര്‍
അങ്ങനെ 1967 മാര്‍ച്ച് 4ന് ഇഎംഎസിന്‍റെ നേതൃത്വത്തില്‍ രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു. 14 മന്ത്രിമാര്‍ അടങ്ങുന്ന ഈ മന്ത്രിസഭയില്‍ മുസ്ലീം ലീഗ് മന്ത്രിയും ഉണ്ടായിരുന്നു. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടനെ തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ ഐക്യമുന്നണിയുടെ ഒരു പൊതുയോഗം നടന്നു. അവിടെ നിറഞ്ഞിരുന്ന ജനക്കൂട്ടത്തോട് ഇഎംഎസ് ഇങ്ങനെ പ്രഖ്യാപിച്ചു.

"ഈ മന്ത്രിസഭയെ ഞങ്ങള്‍ കണ്ണിലെ കൃഷ്‍ണമണി പോലെ കാത്തുസൂക്ഷിക്കും.."

സിപിഐയും മുസ്ലീം ലീഗും ഉള്‍പ്പെടെ മുന്നണിയിലെ മറ്റുനേതാക്കളെല്ലാം ഈ വാക്കുകളെ കയ്യടിച്ച് ഉറപ്പിച്ചു. എന്നാല്‍ പണ്ട് പടിയിറങ്ങിപ്പോകുമ്പോള്‍ ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാതിരുന്നതുപോലെ രണ്ട് വര്‍ഷത്തിനകം സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചൊന്നും ഇഎംഎസോ മുന്നണി നേതാക്കളോ അറിഞ്ഞിരുന്നില്ല. അത്ര കണ്ട് ആത്മവിശ്വാസത്തിലായിരുന്നിരിക്കണം അവര്‍. കാരണം പ്രതിപക്ഷം എന്നൊന്ന് അന്നില്ലായിരുന്നു എന്നതുതന്നെ.

കോണ്‍ഗ്രസ് നാമാവശേഷമായിരുന്നു. കെ കരുണാകരന്‍ ആയിരുന്നു പ്രതിപക്ഷനേതാവ്. അതൊരു 'മിനി പ്രതിപക്ഷം' ആയിരുന്നു. മന്ത്രിസഭയ്ക്കെതിരെ ഒരു അവിശ്വാസപ്രമേയം കൊണ്ടുവരണമെങ്കില്‍പ്പോലും ആ പ്രതിപക്ഷത്തിനു കഴിയുമായിരുന്നില്ല. അറ്റ കൈയ്ക്ക് കേരളാ കോണ്‍ഗ്രസിനെയും ഒപ്പം കര്‍ണ്ണാടക സമിതിക്കാരായ രണ്ട് സ്വതന്ത്രന്മാരെക്കൂടി കൂട്ടുപിടിച്ചാല്‍പ്പോലും അതിനു കഴിയാത്ത ദയനീയ അവസ്ഥയിലായിരുന്നു കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ആ പ്രതിപക്ഷം. കാരണം അവിശ്വാസം അവതരിപ്പിക്കാനുള്ള അനുവാദം കിട്ടണമെങ്കില്‍പ്പോലും ചുരുങ്ങിയത് 20 പേരുടെയെങ്കിലും പിന്തുണ വേണമായിരുന്നു! ഈയൊരു അവസ്ഥയില്‍ തങ്ങളുടെ സര്‍ക്കാരിന് വലിയ ഭീഷണിയൊന്നും ഉണ്ടാകാനിടയില്ലെന്ന് ഐക്യമുന്നണി നേതാക്കള്‍ കരുതിയിരിക്കണം. പക്ഷേ പാളയത്തില്‍ തന്നെ പടയൊരുങ്ങിയാല്‍ എന്ത് ചെയ്യാനാണ്? പ്രതിപക്ഷത്തിന് അവതരിപ്പിക്കാന്‍ കഴിയാതിരുന്ന അവിശ്വാസം മറ്റൊരിടത്ത് പൊട്ടിമുളച്ച് തുടങ്ങിയിരുന്നു. ഐക്യമുന്നണിയുടെ ഉള്ളില്‍ത്തന്നെയായിരുന്നു അത്. ഈ വിരോധാഭാസം വിധിയുടെ വിളയാട്ടമല്ലെങ്കില്‍ മറ്റെന്താണ്?!

(ചിത്രം - കെ കരുണാകരന്‍)

 

(അടുത്തത് - സിപിഎം - സിപിഎ അവിശ്വാസം വളരുന്നു)


മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!

ഭാഗം 10- കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!

ഭാഗം 11- ആ ബജറ്റ് ദിവസം നിയമസഭയില്‍ സിപിഐയും കോണ്‍ഗ്രസും ഒത്തുകളിച്ചിരുന്നു!

ഭാഗം 12- ഗാന്ധിയെ സ്വപ്‍നം കണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ!

ഭാഗം 13 - എംഎല്‍എയെ കാണാനില്ല, കിട്ടിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് കൂട്ടുകാരന് ഭീഷണി!

ഭാഗം 14- ഇഎംഎസിന്‍റെ കെണിയില്‍ വീണ് സിപിഐ, വീഴാതെ കേരളാ കോണ്‍ഗ്രസ്!

ഭാഗം 15- കേന്ദ്രത്തിന്‍റെ അരി കേരളത്തില്‍, രുചി അറിയാന്‍ ഗവര്‍ണ്ണര്‍ ഹോട്ടലില്‍..!

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍,
ഡച്ച് ഇന്‍ കേരള ഡോട്ട് കോം,
വിക്കി പീഡിയ, 
ബോധി കമോണ്‍സ് ഡോട്ട് ഓര്‍ഗ്


 

click me!